പേറ്റന്റ്‌ ലംഘനം : സാംസംഗ് ആപ്പിളിന് 700 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ യു എസ് കോടതിവിധി

single-img
3 May 2014

കാലിഫോര്‍ണിയ : സാംസംഗ് തങ്ങളുടെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ പേറ്റന്റുകള്‍ ലംഘിച്ചു എന്ന ആപ്പിളിന്റെ പരാതിയില്‍ യു എസ് കോടതിയുടെ നിര്‍ണ്ണായകവിധി.പേറ്റന്റ്‌ ലംഘനം നടത്തിയ കൊറിയന്‍ കമ്പനിയായ സാംസംഗ് ആപ്പിളിന് 119.6 മില്ല്യന്‍ ഡോളര്‍ ( ഏകദേശം 700 കോടി രൂപ ) നല്‍കാന്‍ സാന്‍ ജോസിലെ ഫെഡറല്‍ കോടതി ഉത്തരവായി.

മൊബൈല്‍ ഭീമന്‍മാരായ ആപ്പിളും സാംസങും തമ്മില്‍ വിവിധ രാജ്യങ്ങളില്‍ നിയമയുദ്ധം തുടരുന്നതിനിടെയാണ് ഈ വിധി. ഒരുമാസത്തെ വാദത്തിനൊടുവിലാണ് വിധി വന്നത്. 

അതേസമയം ആപ്പിളിനും കോടതി പിഴയിട്ടിട്ടുണ്ട്.സാംസങ്ങിന്റെ പേറ്റന്റ്‌ ലംഘിച്ചതിന്  1.58 ലക്ഷം ഡോളര്‍ (ഏകദേശം ഒരുകോടി രൂപ) ആപ്പിള്‍ നഷ്ടപരിഹാരം നല്‍കണം. 

സ്ലൈഡ് ടു അണ്‍ലോക്ക്’ അടക്കമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഫീച്ചറുകളുടെ പേറ്റന്റുകള്‍ ലംഘിച്ചതിനാല്‍ സാംസങ് 220 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കാട്ടിയാണ് ആപ്പിള്‍ കോടതിയെ സമീപിച്ചത്. ഏകദേശം അഞ്ചു പേറ്റന്റുകള്‍ സാംസംഗ് ലംഘിച്ചെന്നാണ് ആപ്പിള്‍ ആരോപിച്ചത്.

എന്നാല്‍ ഇക്കാര്യം നിഷേധിച്ച സാംസങ്, തങ്ങള്‍ വികസിപ്പിച്ച ക്യാമറ ഉപയോഗം, വീഡിയോ ട്രാന്‍സ്മിഷന്‍ മുതലായവയ്ക്കുള്ള  സാങ്കേതിക വിദ്യകളുടെ  പേറ്റന്റ് ആപ്പിള്‍ ലംഘിച്ചുവെന്നും, അതിന് 60 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം വേണമെന്നും വാദിച്ചു. 

എന്നാല്‍ ആപ്പിള്‍ ആവശ്യപ്പെട്ടതിന്റെ പത്തുശതമാനത്തില്‍ താഴെ നഷ്ടപരിഹാരം മാത്രമേ ആപ്പിളിന് ലഭിച്ചിട്ടുള്ളൂ.അതിനാല്‍ ഇപ്പോഴത്തെ വിധി ആപ്പിളിന് തിരിച്ചടിയാണെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. 

കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പേറ്റന്റ് യുദ്ധമാണ് സാംസങും ആപ്പിളും തമ്മില്‍ നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ഇരുകമ്പനികളും തമ്മില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ സാംസങ് ആപ്പിളിന് 93 കോടി ഡോളര്‍(ഏകദേശം 5600 കോടി രൂപ ) നഷ്ടപരിഹാരം നല്‍കാന്‍ രണ്ടുവര്‍ഷം മുമ്പ് ഒരു അമേരിക്കന്‍ ജൂറി വിധിച്ചിരുന്നു.