പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബം നടത്തിയ അഴിമതികളെക്കുറിച്ച് യൂണിയന്‍ നേതാവ് മണക്കാട് ചന്ദ്രന്‍കുട്ടിയുടെ വെളിപ്പെടുത്തലുകള്‍ : അഭിമുഖം- ഒന്നാം ഭാഗം

single-img
3 May 2014

 പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും സ്വത്തുകൈകാര്യം ചെയ്യലും സംബന്ധിച്ച തര്‍ക്കങ്ങളില്‍ രാജകുടുംബത്തിനെതിരെ കോടതിയെ സമീപിച്ചതും കേസ് നടത്തിയതും ശ്രീ ടി പി സുന്ദരരാജനും അദ്ദേഹത്തിന്റെ വിശ്വസ്തരായ ചിലയാളുകളും ചേര്‍ന്നാണ്.ഈ കേസില്‍ കക്ഷി ചേരുകയും അന്നുമിന്നും രാജകുടുംബത്തിനെതിരെ നിലകൊള്ളുകയും ഇപ്പോഴും നിയമപോരാട്ടം നടത്തുകയും ചെയ്യുന്നയാളാണ് ശ്രീ മണക്കാട് ചന്ദ്രന്‍കുട്ടി.ഐ എന്‍ ടി യു സി സംസ്ഥാന ഭാരവാഹിയായ ഇദ്ദേഹം ക്ഷേത്രത്തിലെ ജീവനക്കാരുടെ യൂണിയന്റെ ചുമതല വഹിക്കുന്നയാള്‍ കൂടിയാണ്.ശ്രീ മണക്കാട് ചന്ദ്രന്‍ കുട്ടിയുമായി ഇ വാര്‍ത്ത‍ സബ് എഡിറ്റര്‍ സുധീഷ്‌ സുധാകര്‍ നടത്തിയ അഭിമുഖം.

 

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇത്രയധികം സമ്പത്ത് ഉണ്ടെന്നും വലിയ കൊള്ള നടക്കുന്നുണ്ടെന്നും മുന്‍പ് അധികമാര്‍ക്കും അറിയില്ലായിരുന്നു.ഇത് പൊതുജനം അറിയാനിടയാക്കിയ സാഹചര്യങ്ങള്‍ ഒന്ന് വിശദമാക്കാമോ ?

ഞാന്‍ 2010-ലാണ് ക്ഷേത്രത്തിലെ INTUC യൂണിയന്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെടുന്നത്.ഞാന്‍ അന്ന് ചാര്‍ജ്ജെടുക്കുമ്പോള്‍ ഏകദേശം 7 അംഗങ്ങള്‍ ആണ് INTUC-യിലുള്ളത്.ബാക്കിയുള്ളവര്‍  ആര്‍ എസ് എസിന്റെ കര്‍മ്മചാരി സംഘ്, സി ഐ ടി യു വിന്റെ യൂണിയന്‍,ആര്‍ എസ് പിയുടെ യൂണിയന്‍,ശിവസേനയുടെ യൂണിയന്‍ , ജനതാദളിന്റെ യൂണിയന്‍ എന്നിവയിലാണുള്ളത്.

അന്ന് മറ്റു യൂണിയനുകളില്‍ ഉള്ള ചിലയാളുകള്‍ കോടതിയെ സമീപിച്ചു റെഫറണ്ടം നടത്തണമെന്ന് പറഞ്ഞു.അന്നിവിടെ ഏറ്റവും വലിയ യൂണിയന്‍ ആര്‍ എസ് എസിന്റെ കര്‍മ്മചാരി സംഘ് തന്നെയാണ്.അത് കഴിഞ്ഞാല്‍ സി ഐ ടി യു ആണ്.അതുകൊണ്ട് INTUC ഒറ്റയ്ക്ക് മത്സരിച്ചാല്‍ ജയിക്കുകയില്ല.അതുകൊണ്ട് ഞങ്ങള്‍ സി ഐടിയുവുമായി ധാരണയുണ്ടാക്കി അവരുടെ പേരില്‍ ഒരുമിച്ചു നിന്ന് മത്സരിക്കുകയും ജയിക്കുകയും ചെയ്തു.ഞാന്‍ അതിന്റെ വര്‍ക്കിംഗ് പ്രസിഡണ്ട്‌ ആയിരുന്നു.

അവിടുത്തെ കാര്യങ്ങളില്‍ നേരിട്ട് ഇടപെടാന്‍ തുടങ്ങിയപ്പോഴാണ് അവിടെ നടക്കുന്ന പല അഴിമതികളും ഞെട്ടിക്കുന്നതായിരുന്നു.കവടിയാര്‍ കുടുംബത്തിലെ ആളുകള്‍ മേല്‍നോട്ടത്തിനു വരുന്നു എന്നതൊഴിച്ചാല്‍ പിന്നീട് ഇവിടെ നടക്കുന്നത് ഉദ്യോഗസ്ഥരുടെ ഭരണമാണ്.അതായത് കൊട്ടാരത്തിലുള്ളവര്‍ നിയമിച്ച ഉദ്യോഗസ്ഥരുടെ ഭരണം.

അഴിമതി,ഉദ്യോഗസ്ഥ ദുര്‍ഭരണം എന്നൊക്കെ പറയുമ്പോള്‍ അത് എപ്രകാരമാണ് നടക്കുന്നത്?

ഓരോ സാധാരണ മനുഷ്യനും ക്ഷേത്രത്തിലെത്തുന്നത് തന്റെ സങ്കടങ്ങള്‍ക്ക് ആശ്വാസം കണ്ടെത്താനാണ്‌.എന്നാല്‍ ആശ്വാസം ആഗ്രഹിച്ചു വരുന്ന ഭക്തജനങ്ങള്‍ അത്രയ്ക്കും മനപ്രയാസത്തോടെയാണ്‌ ക്ഷേത്രത്തില്‍ നിന്നുമിറങ്ങിപ്പോകുന്നത്.വരുന്ന ഭക്തരില്‍ അപൂര്‍വ്വം പേര്‍ക്ക് മാത്രമേ നേരാംവണ്ണം ദര്‍ശനം കിട്ടി മനസ്സുനിറഞ്ഞു പ്രാര്‍ത്ഥിച്ചു ഇറങ്ങിപ്പോകാന്‍ കഴിയുന്നുള്ളൂ.

അവിടെ ക്ഷേത്രത്തില്‍ക്കയറാന്‍ മുണ്ട് വാടകയ്ക്ക് കൊടുക്കുന്നയാള്‍ , വിവിധയാളുകള്‍ ഉടുത്തിട്ടു തിരിച്ചുകൊടുക്കുന്ന മുണ്ട് കഴുകാതെ വീണ്ടും കൊടുക്കുമെന്നു മാത്രമല്ല, അതിനു വാടകയായി വാങ്ങുന്നത് മുപ്പതു രൂപാ വരെയാണ്.ഭക്തരുടെ സാധനങ്ങള്‍ എല്ലാം കൂടി ഒരു സ്ഥലത്ത് സൂക്ഷിക്കാന്‍ സൌകര്യം ഒരുക്കുന്നതിന് പകരം , മൊബൈല്‍ സൂക്ഷിക്കാന്‍ പ്രത്യേകം ചാര്‍ജ്,ബാഗിന് പ്രത്യേകം ചാര്‍ജ്ജ് എന്നൊക്കെപ്പറഞ്ഞു ഭക്തരെ കൊള്ളയടിക്കുകയാണ്.

അതും പോരാഞ്ഞിട്ട് ഒന്നോ രണ്ടോ താമരപ്പൂവും കെടാവിളക്കിലൊഴിക്കാന്‍ എണ്ണയും ഒക്കെ ഒരു പൂത്തട്ടില്‍ വെച്ച് ഭക്തരെ അടിച്ചേല്‍പ്പിച്ച ശേഷം അതിനു 150 രൂപാ മുതല്‍ 200 രൂപാ വരെ ചാര്‍ജ്ജ് ചെയ്യുകയാണ്.അതിനു ആരെങ്കിലും തര്‍ക്കിച്ചാല്‍ അവരെ ഭയങ്കരമായ അധിക്ഷേപങ്ങള്‍ നടത്തി മനസ്സ് വേദനിപ്പിക്കുകയാണ് ഇവര്‍ ചെയ്യുക.ഇതെല്ലാം കഴിഞ്ഞു അകത്തേയ്ക്ക് ചെല്ലുമ്പോള്‍ കൊടിമരത്തിന്റെ മുന്നില്‍ ഒരാള്‍ക്ക്‌ മാത്രം കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ കയറുകെട്ടി വെച്ച് തിക്കും തിരക്കും സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക.എന്നിട്ട് അതിന്റെ അടുത്തു ചെന്ന് നില്‍ക്കുന്ന ചില വേന്ദ്രന്മാരുടെ വിക്രിയകളാണ് അടുത്ത ഉപദ്രവം.ഇത് ക്ഷേത്രമാണെന്നുള്ള ബോധം പോലുമില്ലാത്ത ചില ജീവനക്കാരുടെ ഇത്തരം ഉപദ്രവങ്ങള്‍ സഹിക്കേണ്ടി വരുന്നത് സ്ത്രീകളായ ഭക്തകള്‍ ആണ്.

ഇതെല്ലാം ഒരു കോക്കസ് പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.ഈ കോക്കസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ട് ക്ഷേത്രത്തിന്റെ ഐശ്വര്യം നഷ്ടപ്പെടുക മാത്രമല്ല അഴിമതി നടക്കുകയും ചെയ്യുന്നു.ഈ മുണ്ട് വാടകകയ്ക്ക് കൊടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ടെണ്ടര്‍ കൊടുക്കുന്നതാണ്.എന്നാല്‍ ഈ ടെണ്ടര്‍ തുക കൃത്യമായി അടയ്ക്കാതെ കുടിശ്ശിക വരുത്തുകയും പിന്നീട് ഉദ്യോഗസ്ഥര്‍ അത് നിരുപാധികം എഴുതിത്തള്ളുകയും ചെയ്യുന്നതാണ് അവിടുത്തെ പതിവ്.പകുതിയിലധികം ലാഭം കിട്ടുന്ന ഈ കച്ചവടം നഷ്ടമാണെന്ന് കാണിച്ചാണ് ഈ അഴിമതി നടക്കുന്നത്.ഇത് എക്സിക്ക്യൂട്ടിവ് ഓഫിസര്‍മാരും കച്ചവടക്കാരും തമ്മിലുള്ള ധാരണയുടെ ഭാഗമാണ്.ഇത് ക്ഷേത്രം ഭരണാധികാരികളെയോ രാജകുടുംബാംഗങ്ങളേയോ ബോധ്യപ്പെടുത്തിയാലും ഒരു നടപടിയും എടുത്തിരുന്നില്ല.

ഇതിനൊക്കെ ഒരു പരിഹാരം വേണം എന്ന തീരുമാനത്തിലേയ്ക്കെത്തിച്ചേര്‍ന്നത് എങ്ങനെയാണ് ?

യാദൃശ്ചികമായിട്ടാണ് ഞാന്‍ ടി പി സുന്ദരരാജന്‍ സാറിനെ പരിചയപ്പെടുന്നത്.അദ്ദേഹവുമായി ആശയവിനിമയം നടത്തിയപ്പോഴാണ് ഞങ്ങള്‍ കണ്ടതിനെക്കാളൊക്കെ വലിയ അഴിമതിയാണ് അവിടെ നടക്കുന്നത് എന്ന് ബോധ്യപ്പെട്ടത്.അദ്ദേഹം പറഞ്ഞതനുസരിച്ച് അതന്വേഷിക്കാന്‍ പോയപ്പോഴാണ് അതിനെക്കാളും വലിയ അഴിമതികളുടെയും കൊള്ളയുടെയും കഥകള്‍ ഇനിയും പുറത്തുവരാനുണ്ടെന്നു മനസ്സിലായത്‌.

ഭഗവാന്റെ സ്വര്‍ണ്ണത്തിലുള്ള വിശ്വരൂപം കണ്ടതിനു ശേഷം പ്രതിമയുടെ കയ്യിലിരുന്ന കല്ലുകള്‍ മുഴുവന്‍ പോളിഷ് ചെയ്യാന്‍ എന്ന് പറഞ്ഞു ഇളക്കിക്കൊണ്ടു പോയി,ആനക്കൊമ്പില്‍ തീര്‍ത്ത ഓടക്കുഴല്‍ കാണാതെ പോയി.ഈ ഓടക്കുഴലില്‍ ഒക്കെ വിലകൂടിയ രത്നങ്ങള്‍ പതിച്ചതും പഴക്കം കൊണ്ട് വിലമതിക്കാനാകാത്തതുമാണ് എന്നോര്‍ക്കണം. ക്ഷേത്രത്തിന്റെ നാലുഭാഗത്തും ക്ഷേത്രത്തിന്റെ സെക്യൂരിറ്റി ഉണ്ട്.ക്ഷേത്രം നിയമിച്ചിരിക്കുന്ന കാവല്‍ഭടന്മാര്‍.അവര്‍ നില്‍ക്കുമ്പോഴാണ് ഇത് പുറത്തുപോയതെങ്കില്‍ ആരാണ് ഉത്തരവാദി ?എക്സിക്യൂട്ടീവ് ഓഫീസറോ ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസറോ,അഡ്മിനിസ്ട്രെറ്റിവ് ഓഫീസറോ അല്ലെങ്കില്‍ കൊട്ടാരത്തില്‍ നിന്നുള്ള ആരെങ്കിലുമോ അറിയാതെ ഇത് പുറത്ത് പോകുമോ?ഈ പറഞ്ഞവരില്‍ ആരെങ്കിലും ഇനി ഭഗവാന്റെ കിരീടം എടുത്തുകൊണ്ടു വെളിയില്‍ പോയാലും കാവല്‍ നില്‍ക്കുന്ന ജീവനക്കാര്‍ക്ക് ഒന്നും മിണ്ടാന്‍ കഴിയില്ല.ഇനി ആരെങ്കിലും എന്തെങ്കിലും ചോദ്യം ചെയ്‌താല്‍ തന്നെ അവര്‍ക്ക് ഏതെങ്കിലും കൊണ്ട്രാക്ടോ മറ്റോ കൊടുത്തു വായടപ്പിക്കും.

ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് മരിച്ചതിനു ശേഷമാണ് ഇത്രയധികം അഴിമതി ഉണ്ടായതെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല.പിന്നീട് വന്ന  മാര്‍ത്താണ്ഡവര്‍മ്മയുടെ ഒരു ഇടപെടലും അദ്ദേഹത്തിന്റെ അനാവശ്യമായ ചില ബന്ധങ്ങളുമാണ് ക്ഷേത്രത്തിലെ വസ്തുക്കള്‍ പുറത്തേക്കൊഴുകാന്‍ കാരണമായത് എന്ന് വേണം പറയാന്‍.തുറക്കാന്‍ പാടില്ല എന്ന് പറയപ്പെടുന്ന രഹസ്യസ്വഭാവമുള്ള നിലവറകള്‍ തുറക്കുക, അങ്ങനെ തുറക്കുന്ന സമയത്ത് ക്ഷേത്രവുമായി ബന്ധമില്ലാത്ത അദ്ദേഹത്തിന്റെ ചില ഇഷ്ടക്കാരെയും കൂടെക്കൂട്ടുക അങ്ങനെ പലതും ഈ സമ്പത്ത് കൊള്ളയടിക്കപ്പെടാന്‍ കാരണമായി.ഒരു ദിവസം ഒരു കത്ത് വരുന്നു : “പൊന്നുതമ്പുരാന്‍ തിരുമനസ്സിന്റെ ആജ്ഞ പ്രകാരം , ക്ഷേത്രത്തിലുള്ള നിലവറയിലെ സ്വത്തുക്കളെ സംബന്ധിച്ച് ഒരു ആല്‍ബം തയ്യാറാക്കാന്‍ , മഹാരാജാ സ്റ്റുഡിയോയിലെ ഒരാള്‍ അവിടെ വരുന്നു ” . 2005-ലോ 2006-ലോ മറ്റോ ആണ്.മൊബൈലോ ക്യാമറയോ ക്ഷേത്രത്തിനുള്ളില്‍ കടത്താന്‍ പാടില്ല എന്ന് ബോര്‍ഡു വെച്ചയിടത്താണ് ക്ഷേത്രനട അടച്ച ശേഷം ഭഗവാന്റെ തിരുവാഭരണങ്ങള്‍ എടുത്തു ഒറ്റക്കല്‍മണ്ഡപത്തില്‍ വെച്ച ശേഷം ക്യാമറയില്‍ ഫോട്ടോ എടുക്കുന്നത്.ആ ആഭരണങ്ങളുടെ ഫോട്ടോ എടുത്തുകൊണ്ടു പോയി അതിന്റെ ഡ്യൂപ്ലിക്കെറ്റ് എടുത്തു ഇവിടെ കൊണ്ടുവെയ്ക്കുകയും ഒറിജിനല്‍ പുറത്ത് പോകുകയും ചെയ്തു എന്ന് വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍.ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഊഹിക്കാന്‍ കഴിയുന്നത്‌ അത് തന്നെയാണ്.കാരണം ഇവിടെയിരിക്കുന്ന ആഭരണങ്ങളും മറ്റും പഴക്കം കൊണ്ട് വില നിശ്ചയിക്കാന്‍ കഴിയാത്തവയാണ്.

ടി പി സുന്ദരരാജന്‍ സാര്‍ എങ്ങനെയാണ് ഇത് ജനശ്രദ്ധയില്‍ കൊണ്ടുവന്നത് ?

അദ്ദേഹം തന്റെ രണ്ടു വിശ്വസ്തരുടെ സഹായത്തോടെ കോടതിയെ സമീപിക്കുകയായിരുന്നു.പത്തു എന്ന് വിളിക്കുന്ന പത്മനാഭന്‍,വിശ്വംഭരന്‍ എന്നീ രണ്ടുപേരാണ് 2007-ല്‍ പ്രിന്‍സിപ്പല്‍ സബ്കോടതിയെ സമീപിക്കുന്നത്.അന്ന് അതില്‍ പറഞ്ഞിരിക്കുന്ന പലകാര്യങ്ങളും സത്യമായിരുന്നു എന്ന് ബോദ്ധ്യമുള്ളതുകൊണ്ടാണ് ഞാനും ഈ കേസില്‍ കക്ഷിചേരുന്നത്.ഞാന്‍ മാത്രമല്ല സി ഐ ടി യു പ്രതിനിധികളും ക്ഷേത്രജീവനക്കാരനായ പത്മനാഭദാസനും ഒക്കെ കക്ഷി ചേര്‍ന്നിരുന്നു. ശിവസേനയുടെ ഭാരവാഹിയായിരുന്ന ഷൈജു  അന്ന് അതില്‍ കക്ഷി ചേര്‍ന്നിരുന്നു എങ്കിലും അയാള്‍ പിന്നീട് പിന്മാറിയെന്നു മാത്രമല്ല,രാജകുടുംബത്തിനു വേണ്ടി കേസിലെ വാദികളെയും അവര്‍ക്കെതിരെ മൊഴികൊടുത്ത ജീവനക്കാരെയും വിരട്ടാന്‍ അടക്കം മുന്നില്‍ നില്‍ക്കുകയും ചെയ്തു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.ഷൈജു മാത്രമല്ല അങ്ങനെ പിന്മാറിയത്.അന്ന്  ക്ഷേത്രത്തിലെ പൂജാകാര്യങ്ങള്‍ നേരാംവണ്ണം നടക്കുന്നില്ല എന്നാരോപിച്ച് രാജകുടുംബത്തിനെതിരെ കക്ഷി ചേര്‍ന്ന ജയശേഖരന്‍ നായര്‍ പിന്നീട് കേസില്‍ നിന്നും പിന്മാറി. വെറും ഒരു മെഡിക്കല്‍ റെപ്രസെന്റെറ്റിവ് ആയിരുന്ന അയാള്‍ പിന്നീട് ഇവിടുത്തെ അഡ്മിനിസ്ട്രെറ്റിവ് ഓഫീസറായി ചാര്‍ജ്ജെടുത്തു.ഇതൊക്കെ എങ്ങനെയാണെന്ന് ഒരു സാധാരണക്കാരന് പോലും ഊഹിക്കാവുന്നതേയുള്ളൂ.

എന്തായാലും അന്ന് പ്രിന്‍സിപ്പല്‍ സബ്കോടതിയിലെ എസ് എസ് വാസന്‍ സാറിന്റെ ചരിത്രപരമായ ഒരു വിധിയിലാണ് ഈ ക്ഷേത്രത്തില്‍ രാജകുടുംബത്തിനു യാതൊരവകാശവുമില്ല എന്ന് പ്രഖ്യാപിച്ചത്.അതിനെതിരെ ജില്ലാകോടതിയെ സമീപിച്ചപ്പോള്‍ ജില്ലാക്കോടതിയും അത് തന്നെ പറഞ്ഞു.പിന്നീട് ഹൈക്കോടതിയില്‍പ്പോയപ്പോള്‍ ഹൈക്കോടതിയാണ് ക്ഷേത്രത്തിലെ സ്വത്തുക്കളുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ പറഞ്ഞത്.അആദ്യം സ്വത്തുക്കളൊന്നും ഇല്ല എന്നൊക്കെ അവര് പറഞ്ഞു നോക്കി.ഹൈക്കോടതി ശഠിച്ചപ്പോള്‍ ഇന്‍വെന്ററി ഹാജരാക്കി.അത് പരിശോധിച്ച ഹൈക്കോടതി പറഞ്ഞത് ഇത്രയും സമ്പന്നമായ ഒരു ക്ഷേത്രം വേറെയില്ലെന്നാണ്.അതുമാത്രമല്ല പ്രിന്‍സിപ്പല്‍ സബ്കോടതിയിലെ വാസന്‍ സാറിന്റെ വിധി ഹൈക്കോടതി ശരിവെയ്ക്കുകയും ഇത് സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന് പറയുകയും ചെയ്തു.

ഇത് പബ്ലിക് ടെമ്പിള്‍ ആണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നത് കണ്ടപ്പോള്‍ സുന്ദരരാജന്‍ സാര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു .വിധി അടിയന്തിരമായി നടപ്പാക്കണം എന്ന് വീണ്ടും ഹൈക്കോടതി ആവശ്യപ്പെട്ടപ്പോള്‍ രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചു.സുപ്രീംകോടതി എക്സ്പെര്‍ട്ട് കമ്മിറ്റിയെ നിയോഗിച്ചു.അതില്‍ ഒരു നിലാവറ ശാസ്ത്രീയ പരിശോധന നടത്തി ഇതിലെന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാനും കോടതി ഉത്തരവായി.

അന്ന് കമ്മിറ്റി ഇവിടെ വരുമ്പോള്‍ അവരുടെ ധാരണ പരാതിക്കാരായ ഞങ്ങള്‍ക്കൊക്കെ മാനസികമായി എന്തോ തകരാറുണ്ട് എന്നായിരുന്നു.അത് ഏതാണ്ട് ശരിവെയ്ക്കുന്ന തരത്തിലാണ് എ നിലാവറ ആദ്യം തുറക്കുമ്പോള്‍ കണ്ടകാഴ്ച.എ നിലവറ നൂറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി തുറക്കുമ്പോള്‍ നമുക്കൊക്കെ കിട്ടിയ വിവരം  അതില്‍ രണ്ടു വലിയ ഭരണികള്‍ നിറയെ സ്വര്‍ണ്ണവും രത്നങ്ങളും ഉണ്ടാകും  എന്നായിരുന്നു.എന്നാല്‍ അതിനകത്ത് ഒരു മാറാല പോലും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല രണ്ടു കാലിഭരണികള്‍ കമഴ്ത്തി വെച്ചിരിക്കുന്നതാണ് കണ്ടത്.അതിലുണ്ടായിരുന്ന ഭരണികളില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ മുഴുവന്‍ രാജകുടുംബവും ആളുകളും മാറ്റിയിരുന്നു എന്ന് വേണം കരുതാന്‍.

അന്നത്തെ ചീഫ് സെക്രട്ടറി ജയകുമാര്‍ സര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന എക്സ്പെര്‍ട്ട് കമ്മിറ്റി പരിശോധന നിര്‍ത്തിവെയ്ക്കുകയും രാജകുടുംബത്തെ മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുകയാണ് പരാതിക്കാരുടെ ഉദ്ദേശ്യം എന്നും നിലവറകളില്‍ ഒന്നും തന്നെയില്ല എന്നും റിപ്പോര്‍ട്ട്‌ കൊടുക്കുകയും ചെയ്തു.അപ്പോള്‍ ഞങ്ങള്‍ ഒരു പരാതി എഴുതിക്കൊടുത്തു.ശാസ്ത്രീയ പരിശോധന നടത്താതെ ഇതിനകത്ത് ഒന്നുമില്ല എന്ന് പറയരുത് എന്നും ശാസ്ത്രീയ പരിശോധന നടത്തണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു.പിറ്റേദിവസം വീണ്ടും അവര്‍ പരിശോധനയ്ക്കെത്തുമ്പോള്‍ സുന്ദരരാജന്‍ സാര്‍ ഒരു പൂവിന്റെ ചിത്രം കാണിച്ചിട്ട് അത് നിലവറയ്ക്കുള്ളില്‍ ഉണ്ടോ എന്ന് നോക്കാന്‍ പറഞ്ഞു.അതനുസരിച്ച് പരിശോധിച്ചപ്പോള്‍ തറയില്‍ അങ്ങനെയൊരു പൂവിന്റെ ചിത്രം കണ്ടെത്തുകയും അത് അടയാളപ്പെടുത്തിയിരുന്ന കല്ല്‌ ഇളക്കിനോക്കുകയും ചെയ്തു.അപ്പോള്‍ ഒരാള്‍ക്ക്‌ കഷ്ടിച്ച് ഇറങ്ങാന്‍ കഴിയുന്ന ഒരു വാതില്‍ കണ്ടു.അതിനപ്പുറത്ത് ഒരു ഭൂഗര്‍ഭ അറയ്ക്കുള്ളില്‍ നിന്ന് കണ്ടെടുത്തതാണ് ഇന്ന് ഈ വിവാദമായിരിക്കുന്ന സമ്പത്ത്.അന്ന് ഒറ്റനോട്ടത്തില്‍ അതിനു മതിച്ച വില ഒരുലക്ഷം കോടിരൂപയായിരുന്നു.പിന്നീട് കൂടുതല്‍ പരിശോധനയില്‍ മൂന്നു ലക്ഷം കോടി രൂപാ വരെ വിലമതിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്.

ബി നിലവറയില്‍ പാമ്പിന്റെ ചിഹ്നമാണ് ,അത് തുറക്കാന്‍ പാടില്ല എന്നൊക്കെ വാദങ്ങള്‍ ഉണ്ടല്ലോ ? അതിനെക്കുറിച്ച് എന്ത് പറയുന്നു ?

ഈ ചിഹ്നങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ സമ്പത്ത് സൂക്ഷിച്ചവര്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടിയുള്ള അടയാളങ്ങള്‍ മാത്രമാണ്.ഇതിനെക്കുറിച്ചെല്ലാം ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയ്ക്ക് അറിവുണ്ടായിരുന്നു.അദ്ദേഹവുമായി നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന സുന്ദരരാജന്‍ സാറിനോട് അദ്ദേഹം ഇതിനെക്കുറിച്ചെല്ലാം പറഞ്ഞിരുന്നു.അങ്ങനെയാണ് സുന്ദരരാജന്‍ സാര്‍ ഇത് അറിയാനിടയാകുന്നത്.എന്നാല്‍ ഈ പൂവിന്റെ അടയാളത്തെക്കുറിച്ചോ പാമ്പിന്റെ അടയാളത്തെക്കുറിച്ചോ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് അറിവുണ്ടായിരുന്നില്ല എന്ന് വേണം കരുതാന്‍.ഉണ്ടായിരുന്നു എങ്കില്‍ ഇന്ന് ഈ സമ്പത്തും അവിടെ ഉണ്ടാകുമായിരുന്നില്ല .ബി നിലവറ തുറക്കരുത് എന്ന് പ്രശ്നം വെച്ച് പറഞ്ഞത് മംഗലാപുരത്തു നിന്നും വന്നയാളുകള്‍ ആണ്.അത് ചില ഏജന്‍സികളുടെ ഏജന്‍സികള്‍ ആണ് എന്ന് വേണം പറയാന്‍.ഈ സമ്പത്ത് കണ്ടതിനു ശേഷം മംഗലാപുരം കേന്ദ്രീകരിച്ചുള്ള നിരവധി ആളുകള്‍ രാജകുടുംബവുമായി ബന്ധം സ്ഥാപിച്ചിരുന്നു.രാജകുടുംബത്തിന്റെ  ആശുപത്രികള്‍ വാങ്ങാനും  മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് റോള്‍സ് റോയ്സ് കാര്‍ സംഭാവന കൊടുക്കാനും എത്തിയ ആളുകളുടെ ഉദ്ദേശ്യശുദ്ധി പരിശോധിക്കേണ്ടിയിരിക്കുന്നു.ഈ അവരുടെയാളുകളുടെ സഹായത്തോടെയാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തി ബി നിലവറ തുറക്കുന്നതിനെ തടയാന്‍ ശ്രമിച്ചത്.

( അമിക്കസ് ക്യൂറി നേരിട്ട് വന്നു കണ്ടെത്തിയ ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍, ശിവസേന ക്ഷേത്രത്തിനുള്ളില്‍ നടത്തിയ ഗൂണ്ടാ വിളയാട്ടം, പത്മതീര്‍ത്ഥക്കുളത്തില്‍ ഇടയ്ക്കിടെ ശവങ്ങള്‍ പൊന്തുന്നത്‌,ക്ഷേത്രത്തില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളോടെ അഭിമുഖത്തിന്റെ രണ്ടാം ഭാഗം തുടരും …)