കരിപ്പൂരില്‍ അറ്റകുറ്റപ്പണിക്കായി റണ്‍വേ അടയ്ക്കുന്നു:വിമാനസമയങ്ങളില്‍ മാറ്റം ; കൊച്ചി-കോഴിക്കോട്-റിയാദ് വിമാനം കൊച്ചി-റിയാദ് ആക്കി ചുരുക്കിയേക്കും

single-img
3 May 2014

കരിപ്പൂര്‍ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി ചൊവ്വാഴ്ച മുതല്‍ ഭാഗികമായി അടയ്ക്കും. വിമാനഗതാഗതത്തെ ബാധിക്കാത്തതരത്തില്‍ റണ്‍വേ നവീകരണം നടത്താനാണ് എയര്‍പോര്‍ട്ട് അതോറിറ്റികോഴിക്കോട് വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ മൂന്നു മണിവരെയുള്ള ആറ് മണിക്കൂര്‍ അറ്റകുറ്റപ്പണികള്‍ നടത്താനാണ് വിമാനത്താവള തീരുമാനം. ഇതുമൂലം നിലവിലെ വിമാനസമയങ്ങളില്‍ ആറാം തീയതിമുതല്‍ ചെറിയ മാറ്റം വിമാനക്കമ്പനികള്‍ വരുത്തും.മേയ് ആറ് മുതല്‍ ജൂണ്‍ നാല് വരെയാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്.

രാത്രി 8.30ന് എത്തി ജിദ്ദയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനം വൈകീട്ട് 7.20ന് എത്തി 8.20 ന് ജിദ്ദയിലേക്ക് പോകും. രാത്രി 9.45ന് പുറപ്പെടുന്ന എമിറേറ്റ്‌സിന്റെ ദുബായ് വിമാനം ഒമ്പതിനായിരിക്കും കോഴിക്കോട് വിടുക. പുലര്‍ച്ചെ 4.15ന് എത്തേണ്ട എത്തിഹാദ് വിമാനം 4.45നായിരിക്കും എത്തുക.

അതേസമയം ചൊവ്വ,വ്യാഴം,ഞായര്‍ ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്ന് 10.30ന് കോഴിക്കോട്ടെത്തി റിയാദിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ജിദ്ദ-കൊച്ചി-കോഴിക്കോട്-റിയാദ് മേഖലകളെ ബന്ധിപ്പിച്ച് സര്‍വ്വീസ് നടത്തുന്ന ഈ വിമാനത്തിന്റെ സമയം ക്രമീകരിക്കാനാവാതെ എയര്‍ഇന്ത്യ കുഴങ്ങുകയാണ്. സൗദിയില്‍ സമയത്തിന് സ്‌ളോട്ട് കിട്ടാത്തതും കൊച്ചിവഴിഎത്തുന്ന വിമാനമാണെന്നതുമാണ് പ്രശ്‌നമായിരിക്കുന്നത്. അതിനാല്‍ വിമാനത്തിന്റെ സര്‍വ്വീസ് കൊച്ചി-റിയാദ് ആക്കി ചുരുക്കാനും ആലോചനയുണ്ട്. എന്നാല്‍ കോഴിക്കോട്ട് നിന്നും ഈ വിമാനത്തില്‍ ടിക്കറ്റ് ബുക്കുചെയ്ത യാത്രക്കാരുടെ ആശങ്ക പരിഹരിക്കാന്‍ നടപടിയായിട്ടില്ല. 

സാധാരണ നാല് വര്‍ഷത്തിലൊരിക്കലാണ് റണ്‍വേ റീകാര്‍പ്പെറ്റിങ് നടത്തി ബലപ്പെടുത്താറുള്ളത്. കഴിഞ്ഞ മഴക്കാലത്ത് റണ്‍വേയില്‍ പലയിടത്തും വിള്ളല്‍ ഉണ്ടായിരുന്നു. വിദഗ്ധ സംഘത്തിന്‍െറ ശിപാര്‍ശ അനുസരിച്ചാണ് റണ്‍വേ റീകാര്‍പറ്റിങ് ജോലികള്‍ നടത്തുന്നത്. മൂന്ന് കോടി രൂപയാണ് ചെലവ്.