നിയമലംഘനം പോലീസ് ഒളിഞ്ഞിരുന്ന് ക്യാമറയിൽ പകർത്തും.വാഹനനിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ ക്യാമറയുമായി സ്വകാര്യവാഹനത്തിലും പോലീസ്

single-img
3 May 2014

highway_policeവയനാട്ടിലെ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച ഷാഡോ ചെക്കിംഗ് സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. ഇനി പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെ ബോര്‍ഡില്ലാത്ത സ്വകാര്യ വാഹനങ്ങളില്‍ ഒളിഞ്ഞിരുന്നായിരിക്കും ചെക്കിങ്ങ്.നിയമലംഘനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയാണു മോട്ടോര്‍വാഹനവകുപ്പിന്റെ ഷാഡോ ചെക്കിംഗ് പരീക്ഷണം.വയനാട് ആര്‍ടിഒ ഓഫീസിലെ മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്ക്വാഡ് എംവിഐ ബിജു ഐസക്കിന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ച ഷാഡോ ചെക്കിംഗില്‍ രണ്ടു മാസത്തിനിടെ 700ലേറെ നിയമലംഘനങ്ങളാണു കണ്ടെത്തിയത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിംഗ് ആണ് മറ്റു ജില്ലകളിലേക്കും ഷാഡോ ചെക്കിംഗ് വ്യാപിപ്പിക്കാന്‍ നിര്‍ദേശിച്ചത്. എല്ലാ ചെക്കിംഗ് ഓഫീസര്‍മാര്‍ക്കും ഇതിനായി ക്യാമറകള്‍ നൽകും.ഇതിനാവശ്യമായ കാമറകള്‍ മോട്ടോര്‍ വാഹനവകുപ്പ് വാങ്ങിയിട്ടുണ്ട്.ചെക്കിംഗിനിടെ നിര്‍ത്താതെ പോകുന്നവരുടെയും യാത്രയ്ക്കിടെ കാണുന്ന മറ്റു നിയമലംഘകരുടെയും ഫോട്ടോ ക്യാമറയില്‍ പകര്‍ത്തി ഓഫീസില്‍നിന്നു നോട്ടീസ് അയയ്ക്കുന്ന രീതിയിലാണു ഷാഡോ ചെക്കിംഗ്.

സീറ്റ് ബെല്‍റ്റിടാതെ വാഹനം ഓടിക്കുക, ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുക, ശരിയായ രീതിയിലല്ലാത്ത രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ചു വാഹനം ഓടിക്കുക, രണ്ടില്‍ കൂടുതല്‍ പേര്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരെയാണ് ഇത്തരത്തില്‍ നടപടികൾ കൈക്കൊള്ളുന്നത്.

നോട്ടീസ് ലഭിച്ച് ഓഫീസില്‍ എത്തുന്നവരില്‍നിന്നു പിഴ ഈടാക്കുകയും താക്കീത് നല്‍കുകയും ചെയ്യും. നോട്ടീസ് ലഭിച്ചിട്ടും ഓഫീസിലെത്താത്തവരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളും കൈക്കൊള്ളും.നിർത്താതെ പോകുന്ന വാഹനങ്ങളുടെ പിന്നാലെ പോയി അപകടമുണ്ടാകുന്നതിനു ഇതുവഴി പരിഹാരം ഉണ്ടാകുമെന്നാണു പോലീസ് കരുതുന്നത്.ഹെൽമെറ്റ് ഇല്ലാതെ പോകുന്നവരും ട്രിപ്പിൾസ് അടിച്ച് പോകുന്നവരും സൂക്ഷിക്കുക മോട്ടോര്‍ വാഹന വകുപ്പിന്റെ ബോര്‍ഡില്ലാത്ത സ്വകാര്യ വാഹനങ്ങളില്‍ നിന്നും നിങ്ങൾ ക്യാമറയിൽ കുരുങ്ങും