കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു : വയനാട് കുടിയൊഴിപ്പിക്കലിനെതിരായ സമരം തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തി

single-img
3 May 2014

വയനാട്ടിലെ ഹാരിസണ്‍ തോട്ടങ്ങളില്‍ കുടില്‍കെട്ടി സമരം നടത്തുന്നവരെ ജില്ലാ കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിനെത്തുടര്‍ന്നു  സമരം തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തി. സ്ഥലത്ത് നിന്ന് പൊലീസ് പിന്‍വാങ്ങി. ചര്‍ച്ചയ്ക് ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നു സമരസമിതി നേതാക്കന്‍മാര്‍ പറഞ്ഞു.

വയനാട്ടില്‍ അരിപ്പറ്റയില്‍ ഇന്ന് കുടിയൊഴിപ്പിക്കാര്‍ ഉദ്യോഗസ്ഥര്‍ എത്തിയതിനേ തുടര്‍ന്ന് സ്ഥലത്ത് വന്‍ സംഘര്‍ഷവസ്ഥയുണ്ടായിരുന്നു. സി കെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സിപിഎം പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. രണ്ടുപേര്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഒരാള്‍ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. 

നെടുമ്പാലയില്‍ നിന്നു കുടിയിറക്കിയവരെയാണ് റവന്യൂ പൊലീസ് സംഘം രാവിലെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ ബലമായി കുടിലുകളില്‍ നിന്നും ഇറക്കി. ഏഴു കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്.

സിപിഎം പ്രവര്‍ത്തകര്‍ പോലീസിനെതിരെ ശക്തമായ പ്രതിരോധമാണ് തീര്‍ത്തത്. സിപിഎമ്മിന്റെ നേതൃത്വത്തിലാണ്അരിപറ്റയില്‍ ഭൂസമരം നടക്കുന്നത്. ജില്ലയിലെ ഒട്ടുമിക്ക വില്ലേജോഫീസര്‍മാരും സ്ഥലത്തെത്തിയിട്ടുണ്ട്.

കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കല്‍ നടപടിയെന്ന് റവന്യുമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. റവന്യവകുപ്പിന്റെ നടപടിയാണെന്നും പോലീസിനോട് ആത്മസംയമനം പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് നടപടിയില്‍ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതിയെ വിവരങ്ങള്‍ ധരിപ്പിക്കുകയാണ് വേണ്ടതെന്നും എം.ഐ ഷാനവാസ് എംപിയും പറഞ്ഞു.

അതേസമയം റവന്യൂ വകുപ്പിനെ വിമര്‍ശിച്ച് ശ്രേയാംസ്‌കുമാര്‍ എംഎല്‍എ രംഗത്തെത്തി. ഏറ്റവും വൃത്തികെട്ട വകുപ്പാണ് റവന്യുവകുപ്പെന്ന് ശ്രേയാംസ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട നിജസ്ഥിതി അറിയാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്  റവന്യുമന്ത്രി പറഞ്ഞു. ഹാരിസണ്‍ കമ്പനിയുമായി ഒരു തരത്തിലുള്ള ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.