വിവാദവിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള ബാധ്യത സര്‍ക്കാര്‍ കോടതിയുടെ തലയില്‍ കെട്ടി വെയ്ക്കുന്നെന്നു ഹൈക്കോടതിയുടെ വിമര്‍ശനം

single-img
3 May 2014

കൊച്ചി: സംസ്ഥാനത്ത് വിവാദ വിഷയങ്ങള്‍ കോടതിയുടെ തലയില്‍ കെട്ടിവെച്ച്  തലയൂരാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. ബാർ ലൈസൻസ്, മദ്യനയം എന്നിവയടക്കമുള്ള  വിവാദവിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിന് പകരം അത്  തങ്ങളുടെ തലയിൽ കെട്ടിവയ്‌ക്കുന്ന അടവുനയമാണ് സർക്കാരിന്റേതെന്ന്‌  ഹൈക്കോടതി കുറ്റപ്പെടുത്തി.

ജീവപര്യന്ത തടവുകാരന്റെ  പരോൾ സംബന്ധിച്ച  തീരുമാനം കോടതിക്കു വിട്ട സർക്കാർ നിലപാടിനെ വിമർശിക്കുകയായിരുന്നു ഹൈക്കോടതി. തീരുമാനം എടുക്കേണ്ട വിഷയങ്ങളിൽ സർക്കാർ തന്നെ തീരുമാനം എടുക്കണം. അബ്കാരി ലൈസൻസ് പ്രശ്​നത്തിലും സർക്കാർ ഇതേ നിലപാട് സ്വീകരിച്ചു. പലപ്പോഴും ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് കോടതിയാണ് ഇതുമൂലം കോടതിക്ക് പലപ്പോഴും പഴി കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ നിലപാട് ശരിയല്ലെന്നും കോടതി വിമര്‍ശിച്ചു.

പൂജപ്പുര സെൻട്രൽ ജയിലിൽ  കഴിയുന്ന ഫറൂഖിന്റെ ഭാര്യയാണ് പരോളിനായി  ഹർജി  സമർപ്പിച്ചത്. 14 വർഷമായി ശിക്ഷ അനുഭവിക്കുന്ന ഫറൂഖ്‌ നൽകിയ ഒരപേക്ഷ പോലും സർക്കാർ പരിഗണിച്ചില്ല.  കോടതി പലതവണ പരോളിന് നിർദ്ദേശിച്ചെങ്കിലും സർക്കാർ നടപടിയെടുത്തില്ല. മറ്റു നിരവധി പേർക്ക്‌ പരോൾ നൽകുകയും ചെയ്‌തു. ഫറൂഖിന്റെ ഭാര്യ ഹർജി നൽകിയപ്പോൾ, കോടതി പറഞ്ഞാൽ ചെയ്യാമെന്ന നിലപാടാണ്‌ സർക്കാർ സ്വീകരിച്ചത്‌.
സർക്കാരിന് തീരുമാനമെടുക്കാൻ കഴിയാത്തതിനാൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ കെ. ജയകുമാറിനെ അമിക്കസ്‌ ക്യൂറിയായി നിയമിച്ചു.