ഗുരുവായൂര്‍ ക്ഷേത്ര മര്‍ദ്ദനം: മര്‍ദ്ദിച്ച ജീവനക്കാരനും ദൃശ്യങ്ങള്‍ പുറത്തുവിട്ട ഓവര്‍സിയര്‍ക്കും സസ്‌പെന്‍ഷന്‍

single-img
2 May 2014

Guruvayoorകഴിഞ്ഞ ഫെബ്രുവരി 23-ന് ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ അമ്മയെയും മകനെയും മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രാധാകൃഷ്ണനെ ദേവസ്വം ഭരണസമിതി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ദൃശ്യങ്ങള്‍ പുറത്തായതുമായി ബന്ധപ്പെട്ട് ഓവര്‍സീയറെ സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പോലീസിന് ദൃശ്യങ്ങള്‍ നല്‍കാനെന്ന വ്യാജേനയാണ് ഇയാള്‍ ദൃശ്യങ്ങള്‍ എടുത്തതെന്ന് കണ്‌ടെത്തി.

സംഭവത്തില്‍ ദേവസ്വം അസിസ്റ്റന്റ് മാനേജര്‍ സുനില്‍ കുമാറിനോട് വിശദീകരണം തേടാനും ഇന്നു ചേര്‍ന്ന ഭരണസമിതിയോഗം തീരുമാനിച്ചതായി ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ചന്ദ്രമോഹന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് യോഗം വിലയിരുത്തി. സംഭവത്തിന്റെ പേരില്‍ ക്ഷേത്ര ജീവനക്കാരെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നതു ശരിയല്ലെന്നും ചന്ദ്രമോഹന്‍ പറഞ്ഞു.

ശ്രീകോവിലിന്റെ പടിഞ്ഞാറു ഭാഗത്ത് പ്രാര്‍ഥിച്ചുകൊണ്ടു നിന്ന സ്ത്രീയെ ജീവനക്കാര്‍ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്ത മകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയായിരുന്നു. ക്ഷേത്രം ജീവനക്കാരനും ദേവസ്വം ഭരണ സമിതി അംഗവും തമ്മില്‍ ക്ഷേത്രത്തിനുള്ളില്‍ വച്ച് നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് ഈ സംഭവം പുറത്തുവന്നത്. പ്രതി രാധാകൃഷ്ണന്‍ ബാലപീഡനക്കേസിലെ പ്രതിയാണെന്ന് നേരത്തെ ഇ-വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.