ജോലിക്കു നിന്ന ക്ഷേത്രത്തിലും വീടുകളിലും മോഷണം നടത്തിയ കീഴ്ശാന്തി അറസ്റ്റില്‍

single-img
2 May 2014

arrestകീഴ്ശാന്തിയായി നിന്ന ക്ഷേത്രത്തിലും വീടുകളിലും മോഷണം നടത്തിയ കേസില്‍ ഏങ്ങണ്ടിയൂര്‍ ഒവട്ട് വീട്ടില്‍ ഉത്തമനെ(37) വാടാനപ്പള്ളി എസ്‌ഐ മാധവന്‍കുട്ടിയും സംഘവും അറസ്റ്റുചെയ്തു. ഏങ്ങണ്ടിയൂര്‍ പള്ളിക്കടവ് കഴക്കാട്ടുപുറം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ഉത്തമന്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തിലെ പൂട്ടുതകര്‍ത്ത് അരലക്ഷം രൂപ കവര്‍ന്നിരുന്നു.

കഴിഞ്ഞമാസം 11നായിരുന്നു സംഭവം. മോഷണം പുറത്തറിയാതിരിക്കാന്‍ പുതിയ പൂട്ടിട്ടുപൂട്ടുകയും ചെയ്തു. മോഷണം നടത്തി ലഭിച്ച ചില്ലറ പല സ്ഥലങ്ങളിലെ കടകളില്‍ നല്‍കി നോട്ടുകള്‍ വാങ്ങുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഏങ്ങണ്ടിയൂര്‍ തച്ചപ്പിള്ളി വിജയരാഘവന്റെ ഭാര്യ സൗമിനിയുടെ ബാഗ് വീടിനുള്ളില്‍നിന്നു മോഷ്ടിച്ച് 8,500 രൂപ കവര്‍ന്നു. നവംബര്‍ നാലിന് പുലര്‍ച്ചെ ഒന്നരയ്ക്ക് ഏങ്ങണ്ടിയൂര്‍ തച്ചപ്പിള്ളി രാമചന്ദ്രന്റെ വീട്ടില്‍ മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന രാമചന്ദ്രന്റെ മകള്‍ നീതുവിന്റെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്‍ സ്വര്‍ണമാല ജനലിലൂടെ കൈയിട്ടു പൊട്ടിച്ചെടുത്തിരുന്നു.