സൂപ്പര്‍ ഓവറിലും ടൈ; കൂടുതല്‍ ബൗണ്ടറിയടിച്ച രാജസ്ഥാന്‍ ജയിച്ചു

single-img
30 April 2014

rajastan_royalsഅബുദാബി: സൂപ്പര്‍ ഓവറില്‍ കലാശിച്ച ഈ സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ പരാജയപ്പെടുത്തി. സൂപ്പര്‍ ഓവറിലും ടൈ പാലിച്ചതിനെ തുടര്‍ന്ന് മത്സരത്തില്‍ കൂടുതല്‍ ബൗണ്ടറിയടിച്ച ടീമെന്ന നിലയില്‍ രാജസ്ഥാന്‍ വിജയികളായി. മത്സരത്തില്‍ രാജസ്‌ഥാന്‍ 18 ഫോറും ഒരു സിക്‌സ്സും അടക്കം 19 ബൗണ്ടറി കണ്‌ടെത്തി. കോല്‍ക്കത്ത ഒമ്പത്‌ ഫോറും മൂന്ന്‌ സിക്‌സുമാണ്‌ നേടിയത്‌.

ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 152 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്ത എട്ടു വിക്കറ്റിന് 152 റണ്‍സെടുത്ത് സ്‌കോര്‍ തുല്യമാക്കി. ഇതേ തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത ജയിംസ് ഫോക്‌നര്‍ എറിഞ്ഞ ഓവറില്‍ ഒരു വിക്കറ്റിന് 11 റണ്‍സെടുത്തു.

സുനില്‍ നരെയ്ന്‍ എറിഞ്ഞ കൊല്‍ക്കത്തയുടെ ഓവറില്‍ രാജസ്ഥാനും 11 റണ്‍സ് നേടിയതോടെയാണ് സ്‌കോര്‍ വീണ്ടും ടൈയായത്. സൂപ്പര്‍ ഓവറിലും സ്‌കോര്‍ ഒപ്പമായാല്‍ കൂടുതല്‍ ബൗണ്ടറിയടിക്കുന്ന ടീം ജേതാക്കളാവുമെന്നതാണ് വ്യവസ്ഥയിൽ രാജസ്ഥാന്‍ വിജയികളായി. സ്‌കോര്‍: രാജസ്ഥാന്‍ 20 ഓവറില്‍ 5ന് 152; കൊല്‍ക്കത്ത 20 ഓവറില്‍ 8ന് 152.

ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്‌ഥാന്‍ ടീം നിശ്‌ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 152 റണ്ണെടുത്തു. ഓപ്പണര്‍ അജിന്‍ക്യ രഹാനെയുടെ (59 പന്തില്‍ ഒരു സിക്‌സറും ആറു ഫോറുമടക്കം 72) തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണു റോയല്‍സ്‌ ഇന്നിംഗ്‌സിന്റെ നെടുംതൂണ്‍. നായകന്‍ ഷെയ്‌ന്‍ വാട്‌സണ്‍ 24 പന്തില്‍ അഞ്ചു ഫോറുകളുടെ അകമ്പടിയോടെ 33 റണ്ണെടുത്തു തിളങ്ങി.

വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാനും മലയാളിയുമായ സഞ്‌ജു വി. സാംസണ്‍ 19 പന്തില്‍ നാലു ഫോറുകളുടെ അകമ്പടിയോടെ 20 റണ്ണുമെടുത്തു. സ്‌റ്റീവന്‍ സ്‌മിത്ത്‌ 11 പന്തില്‍ 19 റണ്ണുമായി പുറത്താകാതെനിന്നു. കൊല്‍ക്കത്തയ്‌ക്കു വേണ്ടി വിനയ്‌ കുമാര്‍ രണ്ടു വിക്കറ്റും മോര്‍ണി മോര്‍ക്കല്‍, ഷക്കീബ്‌ അല്‍ ഹസന്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു.
രാജസ്ഥാന്‍ ഉയര്‍ത്തിയ 153 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് ഫോക്‌നര്‍ എറിഞ്ഞ 19ാം ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടമായതാണ് വഴിത്തിരിവായത്. ഈ തിരിച്ചടിയിലും സ്‌കോര്‍ സമനിലിയലാക്കാന്‍ ഷക്കീബ് അല്‍ ഹസന്റെ (18 പന്തില്‍ പുറത്താവാതെ 29) ബാറ്റിങ്ങിലൂടെ കൊല്‍ക്കത്തയ്ക്കായി.