ക്യൂവില്‍ നില്‍ക്കാതെ വോട്ടു ചെയ്യാന്‍ ശ്രമിച്ച ചിരഞ്‌ജീവിയെ വോട്ടര്‍ തടഞ്ഞു

single-img
30 April 2014

ഹൈദരാബാദ്‌: ക്യുവില്‍ നില്‍ക്കാതെ വോട്ടു ചെയ്യാന്‍ ശ്രമിച്ച തെലുങ്ക്‌ സൂപ്പര്‍ സ്‌റ്റാറും കേന്ദ്രമന്ത്രിയുമായ ചിരഞ്‌ജീവിയെ ക്യൂവില്‍ നിന്ന യുവാവ്‌ തടഞ്ഞു. യുവാവിനോട്‌ മാപ്പു പറഞ്ഞ ചിരഞ്‌ജീവി പിന്നീട്‌ ക്യുവില്‍ നിന്ന്‌ വോട്ടു ചെയ്‌തു.

 58 കാരനായ ചിരഞ്ജീവി മകനോടും ഭാര്യയോടുമൊപ്പമാണ് ഹൈദരാബാദിലെ ഖൈറത്താബാദ് നിയമ സഭാ മണ്ഡലത്തിലെ പോളിങ് സ്റ്റേഷനില്‍ വോട്ടു ചെയ്യാന്‍ എത്തിയത്.വോട്ടര്‍മാരുടെ നീണ്ടനിര കണ്ട ചിരഞ്ജീവി നേരെ മുന്നിലേക്ക് ചെന്ന് ക്യൂവില്‍ ചാടിക്കയറാന്‍ ശ്രിക്കുകയായിരുന്നു. ക്യൂ തെറ്റിച്ച്‌ ചിരഞ്‌ജീവി വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതു കണ്ട കാര്‍ത്തിക്‌ എന്ന യുവാവാണ്‌ സീനിയര്‍ സിറ്റിസണ്‍ അല്ലാത്തതിനാല്‍ ക്യൂവില്‍ നില്‍ക്കാനാവാതെ വോട്ടു ചെയ്യാനാവില്ലെന്ന്‌ ചിരഞ്‌ജീവിയോട്‌ പറഞ്ഞത്‌. 

‘താങ്കള്‍ക്കെന്താ പ്രത്യേക പരിഗണന വേണമോ? കേന്ദ്ര മന്ത്രിയൊക്കെ ആയിരിക്കാം. പക്ഷെ, താങ്കള്‍ ഒരു മുതിര്‍ന്ന പൗരന്‍ അല്ല എന്നോര്‍ക്കണം. കുടുംബത്തെയും കൂട്ടി ക്യൂവിലേക്ക് ചാടിക്കയറാനുള്ള അധികാരം താങ്കള്‍ക്കില്ല ’എന്നു പറഞ്ഞാണ് കാര്‍ത്തിക് ചിരഞ്ജീവിയെ തടഞ്ഞത്.

എന്നാല്‍, താന്‍ ലണ്ടനില്‍ നിന്ന് വരികയാണെന്നും ഒരു മണിക്കൂറിലേറെയായി ഇവിടെ കാത്തു നില്‍ക്കുകയാണെന്നും പറഞ്ഞ് കാര്‍ത്തികിനെ അനുനയിപ്പിക്കാനും ക്ഷമാപണം നടത്താനും ചിരഞ്ജീവി ശ്രമിച്ചു.

ഇതേ സമയം, ചിരഞ്ജീവിയെ ആലിംഗനം ചെയ്യാന്‍ അവിടെ കൂടിയവരില്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ മറ്റു ചിലര്‍ യുവാവിനെ കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്നതും കാണാമായിരുന്നു. ഇവയെല്ലാം കഴിഞ്ഞപ്പോള്‍ ചിരഞ്ജീവി പതിയെ നടന്നു അവസാന നിരയില്‍ പോയി നിന്നു.

ഇദ്ദേഹത്തിന്‍റെ മകനും നടനുമായ രാമചന്ദ്രന്‍ തേജ ഇതെല്ലാം കണ്ട് വോട്ടു ചെയ്യാന്‍ നില്‍ക്കാതെ മടങ്ങിയെങ്കിലും പിന്നീട് തിരികെ വന്ന് വോട്ടു രേഖപ്പെടുത്തി.

തനിക്ക്‌ ചിരഞ്‌ജീവിയോട്‌ ബഹുമാനമുണ്ടെന്നും എന്നാല്‍ ക്യൂവില്‍ നില്‍ക്കാത്ത വോട്ടു ചെയ്യാന്‍ അദ്ദേഹത്തിന്‌ അധികാരമില്ലെന്നും കാര്‍ത്തിക്‌ പിന്നീട്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. താന്‍ നിയമം ലംഘിച്ചിട്ടില്ലെന്നും തന്റെ പേര്‌ ലിസ്‌റ്റിലുണ്ടോ എന്നു നോക്കാനാണ്‌ മുന്നില്‍ ചെന്നതെന്നുമായിരുന്നു ചിരഞ്‌ജീവിയുടെ പ്രതികരണം.