അരുണ്‍കുമാര്‍ അരവിന്ദിനും ജൂഡ് അന്തോണി ജോസഫിനും സിനിമാ നിര്‍മ്മാതാക്കളുടെ വിലക്ക്

single-img
30 April 2014

കൊച്ചി : സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിനും ജൂഡ്‌ ആന്റണിയ്‌ക്കും നിര്‍മാതാക്കളുടെ വിലക്ക്‌. കൊച്ചിയില്‍ ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മീറ്റിങ്ങിലാണ്‌ നടപടി.നിർമാണച്ചെലവ് ക്രമാതീതമായി വർധിച്ചു, നിർമാതാക്കളോടു മോശമായി പെരുമാറി തുടങ്ങിയവയാണ് അരുണ്‍ കുമാര്‍ അരവിന്ദിനെതിരെയുള്ള ആരോപണങ്ങൾ. 

വണ്‍ ബൈ ടു എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ്‌ ബി.രാകേഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ ചിത്രത്തിന്റെ സംവിധായകനായ അരുണ്‍ കുമാറിന്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്‌. വിഷുവിന്‌ റിലീസ്‌ ചെയ്യാനിരുന്ന തന്റെ സിനിമയുടെ റിലീസിങ്‌ മുരളി ഗോപിയും അരുണ്‍ കുമാറും ഇടപെട്ട്‌ മനപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നുവെന്നും റിലീസിങ്‌ വൈകിയത്‌ സിനിമയുടെ പരാജയത്തിന്‌ കാരണമായെന്നും ബി.രാകേഷ്‌ പരാതിയില്‍ പറയുന്നു.

അസോസിയേഷനിൽ അംഗങ്ങളായ നിർമാതാക്കൾ അരുൺകുമാർ അരവിന്ദുമായി സഹകരിച്ചു ചിത്രങ്ങളെടുക്കില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേന്ദ്രകുമാർ അറിയിച്ചു.
അരുൺ കുമാറുമായി സഹകരിക്കുന്ന നിർമാതാക്കളെ സംഘടനയിൽ നിന്ന് ഒഴിവാക്കാനും  യോഗം തീരുമാനിച്ചു.

ഫെഫ്‌ക ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗമാണ്‌ അരുണ്‍ കുമാര്‍ . നിര്‍മ്മാതാവിനെ ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ചതിനാണ്‌ ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജൂഡ്‌ ആന്റണിയെ വിലക്കിയിരിക്കുന്നത്‌.