തബലയിലെ മാന്ത്രിക സ്പര്‍ശമായിരുന്ന ഉസ്താദ് അള്ളാ രഖാഖാന്റെ തൊണ്ണൂറ്റിയഞ്ചാം പിറന്നാളില്‍ ഗൂഗിളിന്റെ ആദരം

single-img
29 April 2014

സംഗീതലോകത്തെ അതുല്യപ്രതിഭയായിരുന്ന ഉസ്താദ് അള്ളാ രഖാ ഖാന്റെ തൊണ്ണൂറ്റിയഞ്ചാം പിറന്നാളില്‍ ഗൂഗിളിന്റെ ഹോം പേജില്‍ അദ്ദേഹത്തിനുള്ള ആദരസൂചകമായി ഡൂഡില്‍ . 1919 ഏപ്രില്‍ 29-നു ജമ്മുവിലെ പഘ്വാളില്‍ ജനിച്ച ഖുറേഷി അള്ളാ രഖാ ഖാന്‍ എന്ന ഉസ്താദ്‌ അല്ലാ രഖാ തബലയില്‍ തന്റെ മാന്ത്രിക വിരലുകള്‍ കൊണ്ട് കവിതരചിച്ച് ആസ്വാദകമനസ്സുകളില്‍ കയറിപ്പറ്റിയ അതുല്യപ്രതിഭയായിരുന്നു.

കശ്മീരിലെ ദോഗ്രി ഭാഷക്കാരനായ അദ്ദേഹം തന്റെ പന്ത്രണ്ടാം വയസ്സില്‍ ഗുരുദാസ്പൂരിലുള്ള തന്റെ അമ്മാവന്റെ വീട്ടില്‍ നില്‍ക്കുമ്പോള്‍  തബലയില്‍ ആകൃഷ്ടനായതാണ്.തബല പഠിക്കാനുള്ള ആഗ്രഹം മൂലം അദ്ദേഹം വീട് വിട്ടു ഓടിപ്പോകുകയും തബലയിലെ പഞ്ചാബ്‌ ഘരാന രീതിയുടെ ഉസ്താദായ മിയാന്‍ ഖാദര്‍ ബാഷിന്റെ ശിഷ്യനായി സംഗീത പഠനം ആരംഭിക്കുകയും ചെയ്തു.

പട്യാല ഘരാന രീതിയുടെ ഉസ്താദായ ആഷിഖ് അലി ഖാനിൽ നിന്നാണ് ഇദ്ദേഹം  വായ്‌പ്പാട്ടും രാഗങ്ങളും അഭ്യസിച്ചത്. ഇദ്ദേഹം  ലാഹോറിൽ വച്ച് സംഗീതവേദികളിലെ തബലിസ്റ്റ് ആയി രംഗത്ത്‌ വരുകയും  1940 ൽ മുംബയിൽഓൾ ഇന്ത്യ റേഡിയോയിൽ ചേരുകയും ചെയ്തു. 1943 -48 കാലഘട്ടത്തിൽ ചില ഹിന്ദി സിനിമകളിൽ സംഗീത സംവിധാനം ചെയ്യുകയും ചെയ്തു. ബാദെ ഗുലാം അലി ഖാൻ, അലാവുദീൻ ഖാൻ, വസന്ത് റായി, രവി ശങ്കർ എന്നിവരോടൊപ്പം വായിച്ചിട്ടുള്ള ഇദ്ദേഹം 1967ൽ മോനിട്ടറി പോപ്‌ ഫെസ്റിവൽ ലും 1969ൽ വുഡ് സ്റോക്ക് ഫെസ്റിവൽ ലും വായിച്ചിട്ടുണ്ട്. 

കൃത്യമായ താളക്രമം, മനോധർമം എന്നിവയാണ് ഇദ്ദേഹത്തെ ലോകമെമ്പാടും പ്രശസ്തനാക്കിയത്. തബല എന്ന വാദ്യത്തിന്റെ പ്രശസ്തി ലോകമെമ്പാടും പ്രചരിക്കുവാൻ അള്ളാ രഖ കാരണക്കാരനായി. അഭാജി എന്ന് ശിഷ്യഗണങളുടെ ഇടയിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിനു കർണാടക സംഗീതവുംഹിന്ദുസ്ഥാനി സംഗീതവും തമ്മിലുള്ള വിടവ് വളരെ അധികം നികത്താനും സാധിച്ചു. അമേരിക്കൻ സംഗീതത്തിലെ പല താളവാദ്യക്കാരും ഇദ്ദേഹത്തിന്റെ ശൈലികൾ പഠിക്കുകയും പലരും ഇദ്ദേഹത്തോടോപ്പം 1960 കളിൽ തന്നെ വായിക്കുകയും ചെയ്തിട്ടുണ്ട്. 

1977 ൽ ഇദ്ദേഹത്തിനു പത്മശ്രീ അവാർഡും 1982 ൽ സംഗീത നാടക അക്കാഡമി അവാർഡും ലഭിച്ചു.ഇദ്ദേഹത്തിന്റെ പുത്രി റസിയയുടെ പെട്ടെന്നുള്ള മരണത്തെ തുടർന്നു മണിക്കൂറുകൾക്കുള്ളിലാണ് 2000 ത്തിൽ ഇദ്ദേഹം ഹൃദയ സ്തംഭനം മൂലം നിര്യാതനായത്.

അള്ളാ രഖയെ  ചിലർ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയാണ്‌ :

അള്ളാ റഖ സംഗീതത്തിലെ ഐൻസ്റ്റൈനും പിക്കാസോയും ആണ്. ഈ ഗ്രഹത്തിലെ താളങ്ങളുടെ ഒരു വലിയ രൂപവുമാണ് ഇദ്ദേഹം”.