മെസിയുടെ ഗോളില്‍ ബാഴ്‌സക്ക് ജയം

single-img
29 April 2014

2727840383-barcelona-lionel-messi-attends-news-conference-camp-nou-stadium-barcelonaമാഡ്രിഡ്‌:  ലയണല്‍ മെസിയുടെ ഗോളിൽ ബാഴ്‌സ വിയ്യാ റയാലിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ചു. ഇതോടെ ബാഴ്‌സലോണ സ്‌പാനിഷ്‌ ഫുട്‌ബോള്‍ ലീഗില്‍ കിരീട പ്രതീക്ഷ സജീവമാക്കി. വിയ്യാ റയാലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകള്‍ക്കു പിന്നിട്ടുനിന്ന ശേഷമാണു ബാഴ്‌സ വിജയക്കൊടി നാട്ടിയത്‌.

35 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 88 പോയിന്റ്‌ നേടിയ അത്‌ലറ്റികോ മാഡ്രിഡാണ്‌ ഒന്നാമത്‌. 84 പോയിന്റ്‌ നേടിയ ബാഴ്‌സലോണ രണ്ടാംസ്‌ഥാനത്തു തുടര്‍ന്നു. മൂന്നാം സ്‌ഥാനത്തുള്ള റയാല്‍ മാഡ്രിഡ്‌ 34 കളികളില്‍നിന്ന്‌ 82 പോയിന്റ്‌ നേടി. ലീഗില്‍ മൂന്നു മത്സരങ്ങളാണു ശേഷിക്കുന്നത്‌.

ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലും 55 ാം മിനിട്ടിലും ഗോളടിച്ച്‌ വിയ്യാ റയാല്‍ ബാഴ്‌സ ആരാധകരില്‍ ആശങ്ക ജനിപ്പിച്ചു. ജൊനാഥന്‍ പെരേരയുടെ മുന്നേറ്റം തടുക്കാന്‍ ബാഴ്‌സ പ്രതിരോധം മുന്നോട്ടു കയറിയതാണു ഗോളിനു വഴിവച്ചത്‌.

പെരേര മറിച്ചു നല്‍കിയ പന്ത്‌ കാനി ഗോളിലേക്കു തിരിച്ചുവിട്ടു. രണ്ടാംപകുതി തുടങ്ങി പത്താം മിനിട്ടില്‍ വിയ്യ ലീഡ്‌ വര്‍ധിപ്പിച്ചു. അഖ്വിനോയുടെ ഒറ്റയാന്‍ മുന്നേറ്റമാണു ഗോളില്‍ അവസാനിച്ചത്‌.

രണ്ടാംപകുതിയുടെ 25 ാം മിനിട്ടിലായിരുന്നു സെല്‍ഫ്‌ ഗോളിന്റെ പിറവി. ഡാനി ആല്‍വ്‌സിന്റെ ക്രോസ്‌ നിയന്ത്രിക്കാന്‍ ശ്രമിച്ച ഗബ്രിയേലിന്റെ ദേഹത്തു തട്ടിയാണു ഗോളായത്‌.

78 ാം മിനിട്ടില്‍ പിറന്ന രണ്ടാമത്തെ സെല്‍ഫ്‌ ഗോളിലും ആല്‍വ്‌സ്‌ കാരണക്കാരനായി. ആല്‍വ്‌സിന്റെ ക്രോസ്‌ വഴിമാറ്റിവിടാന്‍ ഹെഡ്‌ ചെയ്‌ത മുസാചിയോയ്‌ക്കു പിഴച്ചു. കളി തീരാന്‍ എട്ടു മിനിട്ട്‌ ശേഷിക്കേ സൂപ്പര്‍ താരം ലയണല്‍ മെസി വിജയ ഗോളടിക്കുകയും ചെയ്‌തു.