വംശവെറിയനായ കാണി പഴം കൊണ്ടെറിഞ്ഞു : ആ പഴമെടുത്തു കൂസലില്ലാതെ തിന്നു ബാഴ്‌സലോണ താരം ഡാനിയുടെ മറുപടി

single-img
29 April 2014

മാഡ്രിഡ്: വംശവെറിയന്‍മാരെ പുതിയരീതിയില്‍ നേരിട്ട് ഇലിഭ്യരാക്കി  ബാഴ്‌സലോണ താരം ഡാനി ആല്‍വ്സ് ലോകത്തിനു മാതൃകയായി. ഞായറാഴ്ച വിയ്യാറയലിനെതിരായ മത്സരത്തിന്റെ 75-ം മിനിട്ടില്‍ കോര്‍ണര്‍ കിക്കെടുക്കാന്‍ ആല്‍വ്സ് ഒരുങ്ങുന്നതിനിടെ കാണികള്‍ക്കിടയിലെ വംശവെറിയനായ ഏതോ ഒരു ആരാധകന്‍ ഡാനിക്ക്  നേരെ പഴം എറിഞ്ഞു. പഴം വന്ന ഇടത്തേക്ക് ഒന്നു നോക്കുകപോലും ചെയ്യാതെ ആ പഴം കൈയിലെടുത്ത ആല്‍വ്സ് അതിന്റെ തൊലിയുരിച്ച് അകത്താക്കി. 

പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ കോര്‍ണര്‍ കിക്കെടുക്കുകയും ചെയ്തു. ഇത്തരം അനുഭവങ്ങള്‍ സ്പെയിനില്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നായിരുന്നു മത്സരശേഷം സംഭവത്തെക്കുറിച്ച് ആല്‍വ്‌സിന്റെ പ്രതികരണം. പഴം തിന്നത് തമാശയായിട്ടാണെന്നും ഇത്തരം സംഭവങ്ങള്‍ക്കൊന്നും വലിയ പ്രാധാന്യം നല്‍കാതിരിക്കുകയാണ് നല്ലതെന്നും അങ്ങനെചെയ്താല്‍ അത് ചെയ്തവര്‍ ഇളിഭ്യരാകുമെന്നും ആല്‍വ്സ് പ്രതികരിച്ചു. 

താന്‍ പതിനൊന്നു വര്‍ഷമായി സ്പെയിനിലുണ്ടെന്നും ആദ്യം മുതലേ ഇത്തരം പ്രതികരണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഡാനി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.ഇത്തരക്കാരെ അര്‍ഹിക്കുന്ന അവഗണനയോടെ പുച്ഛിച്ച് തള്ളണമെന്നും അദ്ദേഹം പറഞ്ഞു.എന്തായാലും പഴം കൊണ്ടെറിഞ്ഞ ആളോട് നന്ദിയുണ്ടെന്നും അത് കഴിച്ചപ്പോള്‍ കിട്ടിയ ഊര്‍ജ്ജം കൊണ്ട് രണ്ടു ക്രോസുകള്‍ ചെയ്യാന്‍ തനിക്കു കഴിഞ്ഞെന്നും അദ്ദേഹം പരിഹസ്യരൂപേണ പറഞ്ഞു.

ബാഴ്സലോണയുടെയും ബ്രസീലിന്റെയും വിശ്വസ്തനായ റൈറ്റ് ബാക്കാണ് ആല്‍‌വ്സ്. സെവിയ്യയില്‍ നിന്ന് ബാഴ്സയിലെത്തിയ ആല്‍വ്സിന് സെവിയ്യക്കെിരായ മത്സരത്തില്‍ തന്നെയാണ് ദുരനുഭവമുണ്ടായതെന്നാണ് കൌതുകമുണര്‍ത്തുന്ന വസ്തുത.. മത്സരത്തില്‍ പിന്നില്‍ നിന്ന് തിരിച്ചടിച്ച ബാഴ്സ സെവിയ്യയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. 

httpv://www.youtube.com/watch?v=R6b7bU3DMiA