മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും കിട്ടിയതായി ആസ്ട്രേലിയന്‍ പര്യവേക്ഷണ കമ്പനി

single-img
29 April 2014

ക്വലാലംപൂര്‍ : കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി ഒരു ആസ്ട്രേലിയന്‍ സമുദ്ര  പര്യവേക്ഷണ കമ്പനി അവകാശപ്പെട്ടു.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇപ്പോള്‍ തെരച്ചില്‍ നടക്കുന്ന ഭാഗത്ത്‌ നിന്നും 5000 കിലോമീറ്റര്‍ മാറി ബംഗാള്‍ ഉള്‍ക്കടലിലാണ് അവശിഷ്ടങ്ങള്‍ കണ്ടു എന്ന് ഇവര്‍ അവകാശപ്പെടുന്നത്.

അഡലൈഡ് ആസ്ഥാനമായ ജിയോ റെസൊണന്‍സ് എന്ന കമ്പനിയാണ് തങ്ങള്‍ സ്വന്തമായി നടത്തിയ പര്യവേക്ഷണത്തില്‍ കാണാതായ വിമാനത്തിന്റെതെന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി അവകാശപ്പെട്ടത്.മാര്‍ച്ച്‌ 10-നു തന്നെ തങ്ങള്‍ പര്യവേക്ഷണം തുടങ്ങിയിരുന്നതായി ഇവര്‍ അവകാശപ്പെട്ടു.സ്റ്റാര്‍ ദിനപ്പത്രമാണ് ഇക്കാര്യം ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്തത്.

ഇരുപതു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരുന്ന സമുദ്രഭാഗത്ത്‌ പരിശോധന നടത്തിയാണത്രേ ഇവര്‍ ഇത് കണ്ടെത്തിയത്.ഉപഗ്രഹ ചിത്രങ്ങളുടെയും മറ്റും സഹായത്തോടെ നടത്തിയ തികച്ചും ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെയാണ് ഇവര്‍ തിരച്ചില്‍ നടത്തിയത്.

ഇരുപതോളം സാങ്കേതിക വിദ്യകള്‍ തങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തിയതായി കമ്പനി വക്താവ് ഡേവിഡ്‌ പോപ്പ് പറഞ്ഞു.ആണവ മിസ്സൈലുകളും അന്തര്‍വാഹിനികളും കണ്ടെത്താനുപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് തങ്ങള്‍ ഉപയോഗിച്ചതെന്നും ഇത് തങ്ങള്‍ സ്വന്തമായി വികസിപ്പിച്ചെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട്‌ തങ്ങള്‍ അറിഞ്ഞിരുന്നില്ല എന്നാണു മലേഷ്യയുടെ സിവില്‍ ഏവിയേഷന്‍ വിഭാഗം ഡയറക്ടര്‍ – ജനറല്‍ അസ്സറുദ്ദീന്‍ അബ്ദു റഹ്മാന്‍ അറിയിച്ചത്.റിപ്പോര്‍ട്ട്‌  കണ്ട ശേഷം പ്രതികരിക്കാം എന്നാണു അദ്ദേഹം പറഞ്ഞത്.