പ്രശസ്ത ചിത്രകാരന്‍ എം വി ദേവന്‍ അന്തരിച്ചു

single-img
29 April 2014

തിരുവനന്തപുരം: പ്രശസ്ത ചിത്രകാരനും ശില്പിയുമായ എം.വി.ദേവൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ആലുവയിലെ വീട്ടിലായിരുന്നു അന്ത്യം. ചിത്രകാരന്‍ , ശില്പി, വാസ്തുശില്പി, സാഹിത്യകാരന്‍ , പ്രഭാഷകന്‍ എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് അദ്ദേഹം .

1928 ജനു. 15ന് കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയില്‍ മഠത്തില്‍ ഗോവിന്ദന്‍ ഗുരുക്കളുടേയും മുല്ലോളി മാധവിയുടേയും മകനായിട്ടായിരുന്നു ജനനം.ചെന്നൈയിലെ ഗവണ്മെന്റ് സ്‌കൂള്‍ ഒഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സില്‍ പഠിച്ചു. ഡി.പി. റോയ് ചൗധുരി, കെ.സി.എസ്. പണിക്കര്‍ എന്നിവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ചു. ദ്യകാലത്ത് ജലച്ചായചിത്രങ്ങള്‍ വരച്ചിരുന്ന ദേവന്‍ പിന്നീട് എണ്ണച്ചായത്തിലേക്കു വന്നു. ശില്പങ്ങള്‍ കല്ലിലും സിമന്റിലും കോണ്‍ക്രീറ്റിലും ചെയ്തിട്ടുണ്ട്. വാസ്തുശില്പത്തിലേക്കു തിരിഞ്ഞത് പില്‍ക്കാലത്താണ് .

കൊച്ചിയിലെ കലാപീഠം,​ മാഹിയിലെ കലാഗ്രാമം എന്നിവയുടെ സ്ഥാപകനായിരുന്ന അദ്ദേഹം സംസ്ഥാന ലളിതകലാ അക്കാദമി അദ്ധ്യക്ഷനായിരുന്നു. കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരിൽ മുമ്പിലായിരുന്നു ദേവൻ. വാസ്തുശില്പ മേഖലയിൽ ലാറി ബേക്കറുടെ അനുയായിയും മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ ഓണററി ഡയറക്ടറുമായിരുന്നു അദ്ദേഹം. 

സാഹിത്യരംഗത്തും സജീവമായിരുന്ന ദേവന്‍ കലയിലെ കച്ചവട മനോഭാവത്തിനും ആത്മവഞ്ചനയ്ക്കുമെതിരെ തുറന്നടിക്കുന്ന ഒട്ടനവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്.ദേവന്റെ തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം ദേവസ്പന്ദനം എന്ന പേരില്‍ 1999ല്‍ പ്രസിദ്ധീകരിച്ചു. ദേവസ്പന്ദനത്തിന് 1999-ലെ വയലാർ പുരസ്കാരവും  2001-ലെ  കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.

1985ലെ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് ,1985ലെ ചെന്നൈ റീജിയണല്‍ ലളിതകലാ അക്കാദമി ഫെലോഷിപ്പ് ,1992ലെ ക്രിട്ടിക്‌സ് അവാര്‍ഡ്, 1994ലെ എം.കെ.കെ. നായര്‍ അവാര്‍ഡ്, 2001ലെ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ചിത്രശില്പകലാ ബഹുമതി എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ശ്രീദേവിയാണ് ഭാര്യ, ജമീല ഏകമകളും.