ലണ്ടനിലെ ഹീത്രുവിനെ പിന്തള്ളി ദുബായ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം

single-img
29 April 2014

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി ഇനി മുതല്‍ ദുബായ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിന്. ഇതുവരെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായിരുന്ന ലണ്ടനിലെ ഹീത്രുവിനെ പിന്തള്ളിയാണ് ദുബായ് മുന്നിലെത്തിയത്.

ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ യാത്രക്കാരുടെ കണക്കെടുത്തപ്പോഴാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാമത് എത്തിയത്. ഈ വര്‍ഷം മാര്‍ച്ച് വരെ 18.36 മില്യണ്‍ പേരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തതെന്നാണ് കണക്ക്. ഹീത്രൂ വഴി ഇക്കാലയളവില്‍ ഒരു മില്യണ്‍ യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ നാലു ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 16.486 മില്യണ്‍ പേരായിരുന്നു 2013 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ദുബായ് വഴി യാത്ര ചെയ്തത്.

ദുബായ് വിമാനത്താവളം വഴി ഏറ്റവുമധികം പേര്‍ യാത്ര ചെയ്ത രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ മാസം 7,51,390 പേരാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്തത്. സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. 5,18,555 യാത്രക്കാര്‍. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ക്രാഫ്റ്റ് മൂവ്‌മെന്റ് 94,694 ആണ്. 2020 ആകുന്നതോടെ 100 മില്യണ്‍ യാത്രക്കാര്‍ എന്ന ലക്ഷ്യത്തിലേക്കാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്നത്.