മെയ്‌ 16-നു ശേഷം ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്ക് നാടുവിടേണ്ടി വരുമെന്ന് നരേന്ദ്രമോഡി

single-img
28 April 2014

കൊല്‍ക്കത്ത: അധികാരത്തിലേറിയാല്‍ ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി. മെയ് 16ന് മുമ്പ് ബംഗ്ലാദേശി കുടിയേറ്റക്കാര്‍ അവരുടെ ബാഗേജുകള്‍ തയ്യാറാക്കി വെക്കുന്നതാണ് നല്ലതെന്ന് മോദി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗ്ലാദേശി കുടിയേറ്റക്കാരെ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിക്കുകയാണ്. ബീഹാറില്‍ നിന്നോ ഒഡിഷയില്‍ നിന്നോ കുടിയേറി വരുന്നവരെ അവര്‍ പുറമെ നിന്നുള്ളവരായി കാണുന്നു. എന്നാല്‍ ബംഗ്ലാദേശികളെ കണ്ടാല്‍ അവരുടെ മുഖം തിളങ്ങും. മോദി കുറ്റപ്പെടുത്തി.പശ്ചിമ ബംഗാളിലെ സേരാംപൂരില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി രാജ്യത്തെ നശിപ്പിക്കാനനുവദിക്കില്ലെന്നും മോദി മുന്നറിയിപ്പു നല്‍കി. ഇടതു പക്ഷത്തിന്റെ 35 വര്‍ഷത്തെക്കാള്‍ ദുഷിച്ചതാണ് മമതയുടെ 35 മാസത്തെ ഭരണമെന്നും മോദി കുറ്റപ്പെടുത്തി.

ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തുക എന്നത് ബിജെപിയുടെ മുഖ്യ അജണ്ടയിലൊന്നാണ്. എന്നാല്‍ ഇതാദ്യമായാണ് ഇത്ര ശക്തമായ താക്കീതുമായി മോദി രംഗത്തെത്തുന്നത്. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം ആസ്സാമിലും മറ്റുമായി കുടിയേറിയ ബംഗ്ലാദേശികളെ അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിക്കണമെന്ന് നേരത്തെ രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടിരുന്നു. മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണ് ബംഗ്ലാദേശി കുടിയേറ്റക്കാര്‍.

ഏകദേശം രണ്ട് കോടിയോളം ബംഗ്ലാദേശി കുടിയേറ്റക്കാരാണ് രാജ്യത്തുള്ളതെന്നാണ് റിപ്പോര്‍ട്ട്. മുസ്ലിം സമുദായത്തില്‍ വെട്ടവരാണ് ഇവരിലധികവും. ഇവര്‍ക്കെതിരെ ആസ്സാമിലും മറ്റിടങ്ങളിലുമായി നിരവധി അതിക്രമങ്ങാണ് അരങ്ങേറിയത്. അടുത്തിടെ ആസ്സാമിലെ കൊക്രജാറിലുണ്ടായ വര്‍ഗീയ കലാപം ബംഗ്ലാദേശി കുടിയേറ്റക്കാരെ ചൊല്ലിയായിരുന്നു.