ഹെലിക്കോപ്ടറില്‍ പക്ഷിയിടിച്ചു : യു പി മുഖ്യമന്ത്രി അഖിലേഷ് യാദവും ഭാര്യയും രക്ഷപെട്ടത് തലനാരിഴയ്ക്ക്

single-img
28 April 2014

ലഖ്‌നൗ: ഹെലികോപ്ടറില്‍ പക്ഷിയിടിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഭാര്യ ഡിമ്പിളും അത്ഭുതകരമായി രക്ഷപ്പെട്ടു. രുവരും സഞ്ചരിച്ച ഹെലികോപ്ടറില്‍ പരുന്ത് ഇടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഹെലികോപ്റ്ററിന്റെ മുന്‍ ഭാഗത്ത് കേടു പാട് വന്നു. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ ലഖ്നോവിലെ അമോസി വിമാനത്താവളത്തില്‍ ഇറക്കി. 

3,000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു പരുന്ത് ഇടിച്ചത്. സായ്ഫായില്‍ അഖിലേഷിന്റെ പിതാവ് മുലായം സിങ് യാദവിന്റെ സഹോദരന്‍ രത്തന്‍ സിങ്ങ് യാദവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം സ്വകാര്യ ഹെലികോപ്ടറില്‍ മടങ്ങവെയാണ് അപകടം ഉണ്ടായത്. ലഖ്‌നൗവില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ വെച്ചാണ് സംഭവം. 

പരുന്ത് ഇടിച്ച ഉടന്‍ തന്നെ പൈലറ്റ് വിമാനത്താവള അധികൃതരെ വിവരം അറിയിച്ചു. തന്നെ അടിയന്തിര ലാന്റിങ് നടത്താനുള്ള സൌകര്യങ്ങള്‍ ചെയ്തു. അഞ്ചുമിനിട്ടിനുള്ളില്‍ ഹെലികോപ്ടര്‍ സുരക്ഷിതമായി ലഖ്‌നൗ വിമാനത്താവളത്തിലിറക്കി. ആംബുലന്‍സുകളും അഗ്നിശമന സേനാംഗങ്ങളും സൈനികരും വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു. 

പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. ഖിലേഷ് പൈലറ്റിനെ അനുമോദിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം വസതിയിലേക്ക് പോയി.