ജസ്റ്റിസ് ആർ.എം. ലോധ ഇന്നു ചീഫ് ജസ്‌റ്റിസായി ചുമതലയേൽക്കും

single-img
27 April 2014

lodhaഇന്ത്യയുടെ ചീഫ് ജസ്‌റ്റിസായി ജസ്റ്റിസ് ആർ.എം. ലോധ ഇന്നു ചുമതലയേൽക്കും. സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് പി. സദാശിവം ഇന്നലെ വിരമിച്ച ഒഴിവിലാണിത്.രാഷ്‌ട്രപതി പ്രണബ് മുഖർജി പുതിയ ചീഫ് ജസ്റ്റിസിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഇന്ത്യയുടെ 41-ാമത് ചീഫ് ജസ്റ്റിസാണ് അദ്ദേഹം. അദ്ദേഹത്തിന് 65 വയസു പൂർത്തിയാവുന്ന ഈ വർഷം സെപ്‌തംബർ 27 വരെയാണ് കാലാവധി. നിലവിലുള്ള ജഡ്‌ജിമാരിൽ ഏറ്റവും സീനിയറായ ജസ്‌റ്റിസ് ലോധയെ നേരത്തേ ചീഫ് ജസ്‌റ്റിസ് ശുപാർശ ചെയ്‌തിരുന്നു. ഇത് നിയമമന്ത്രാലയം അംഗീകരിച്ച് ഉത്തരവും ഇറങ്ങിയിരുന്നു.

 

 

 

ജയ്‌പൂർ സ്വദേശിയായ രാജേന്ദ്ര മാൽ ലോധ എന്ന ജസ്‌റ്റിസ് ആർ.എം. ലോധ 1973 ലാണ് അഭിഭാഷകനായി സന്നത് എടുത്തത്. ജോധ്പൂർ കോടതിയിൽ അഭിഭാഷക ജീവിതം ആരംഭിച്ച അദ്ദേഹം വിവിധ കാലങ്ങളിൽ സർക്കാർ സ്റ്റാൻഡിംഗ് കോൺസലായും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭരണഘടന, സിവിൽ, കമ്പനി, ക്രിമിനൽ, നികുതി, തൊഴിൽ നിയമങ്ങൾ തുടങ്ങിയവയിലായിരുന്നു കൂടുതൽ പ്രാവീണ്യം.