മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസ്: രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക്‌ നോട്ടീസ്‌

single-img
27 April 2014

cmകണ്ണൂരില്‍ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസില്‍ രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക്‌ നോട്ടീസ്‌ അയച്ചു. ധര്‍മ്മടം എംഎല്‍എ കെ കെ നാരായണനും പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്‌ണനുമാണ്‌ നോട്ടീസ്‌ ലഭിച്ചിരിക്കുന്നത്‌. കേസ്‌ അന്വേഷിക്കുന്ന തളിപ്പറമ്പ്‌ ഡിവൈഎസ്‌പിയാണ്‌ എംഎല്‍എമാര്‍ക്ക്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന്‌ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ്‌ നോട്ടീസ്‌.

 
കഴിഞ്ഞ ഒക്‌ടോബറിലാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്ക് നേരെ കല്ലേറുണ്ടായത്‌. പോലീസ്‌ മീറ്റ്‌ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയതായിരുന്നു മുഖ്യമന്ത്രി. സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഎം നടത്തിയ ഉപരോധത്തിനിടെയായിരുന്നു കല്ലേറ്‌.

 
കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെറ്റിയില്‍ നിസാര പരുക്കേറ്റിരുന്നു.എംഎല്‍എമാര്‍ ഉള്‍പ്പടെ 114 പ്രതികളാണ് കേസിലുള്ളത്. 270 സാക്ഷികളുമുണ്ട്. നൂറോളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ഇവരെല്ലാം ജാമ്യത്തിലുമാണ്. അന്യായമായ സംഘംചേരല്‍ എന്ന വകുപ്പാണ് എം.എല്‍എമാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.