മോഡിയുടെ അനുചരന്മാര്‍ യശോദാബെന്നിനെ ബാബാരാംദേവിന്റെ ആശ്രമത്തില്‍ ഒളിപ്പിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍

single-img
25 April 2014

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി താന്‍ വിവാഹിതനാണ് എന്ന് സമ്മതിച്ചത് മുതല്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യ യശോദാബെന്നിനെ അന്വേഷിച്ചു നടപ്പാണ്.യശോദാബെന്‍ പെട്ടെന്നു അപ്രത്യക്ഷയായത് വാര്‍ത്ത‍യായിരുന്നു.എന്നാല്‍ അവര്‍ തീര്‍ത്ഥാടനത്തിനു പോയെന്നായിരുന്നു ബന്ധുക്കള്‍ അറിയിച്ചത്.

എന്നാല്‍ ഇന്ന് ഇന്ത്യാടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ട്‌ പ്രകാരം യശോദാബെന്‍ യോഗഗുരു ബാബാരാംദേവിന്റെ റിഷികേശിലുള്ള ആശ്രമത്തിലേയ്ക്ക് കടത്തിയ ശേഷം അവിടെ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുകയാണ്.ബാബാരാംദേവ് സംഘപരിവാറിന്റെ സഹയാത്രികനും കടുത്ത മോഡി ആരാധകനുമാണ് എന്നത് ശ്രദ്ധേയമാണ്.

മോഡി വിവാഹിതനാണ് എന്നും യശോദാബെന്‍ മോഡിയുടെ ഭാര്യയാണ് എന്നുമുള്ള വിവരങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നെങ്കിലും മോഡിയുമായി ബന്ധപ്പെട്ടവര്‍ അതെല്ലാം നിഷേധിച്ചിരുന്നു.ഓപ്പണ്‍ മാഗസിന്‍ യശോദാബെന്നിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോള്‍ വിവാദം ഒന്നുകൂടി കൊഴുത്തു.

എന്നാല്‍ വഡോദരയില്‍ മോഡി പ്രകടനപത്രിക സമര്‍പ്പിച്ചപ്പോള്‍ വിവാഹത്തിന്റെ കാര്യം മറച്ചുവെയ്ക്കാന്‍ നിര്‍വാഹമില്ലാതെ വരുകയായിരുന്നു.യശോദയെ താന്‍ വിവാഹം കഴിച്ചിട്ടുണ്ട് എന്ന് മോഡി പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കകം മൂന്നു വെള്ള എസ് യു വി വാഹനങ്ങളില്‍ തീര്‍ത്ഥാടകരുടെ വേഷത്തില്‍ യശോദയുടെ വീട്ടിലെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ യശോദയെ അവരുടെ ദീര്‍ഘകാലത്തെ ആഗ്രഹമായ ഛര്‍ധം യാത്രയ്ക്ക് പോകാനാണ് എന്ന് പറഞ്ഞു വിളിച്ചുകൊണ്ടുപോകുകയായിരുന്നു.വീട്ടില്‍ നിന്നും നേരെ അഹമ്മദാബാദിലെത്തിച്ച യശോദയെ അവിടെ നിന്നും ഒരു ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഉത്തര്‍പ്രദേശ്-ഉത്തരാഖണ്ഡ് അതിര്‍ത്തിക്കടുത്തുള്ള  ഔറംഗാബാദിലെയ്ക്ക് കൊണ്ടുപോയി.പിന്നീട് ഋഷികേശിലെ നീലകാന്ത് മാധവ് ക്ഷേത്രത്തിനടുത്തു മലമുകളിലുള്ള ബാബാ രാംദേവിന്റെ ആശ്രമത്തിലേയ്ക്കും.

യശോദയെ വീക്ഷിക്കാന്‍ മോഡിയുടെ അനുചരന്മാരും പോലീസ് ഉദ്യോഗസ്ഥരും ആശ്രമത്തില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം.തന്റെ കൂടെയുള്ളവര്‍ മോഡി അയച്ച അനുചരന്മാര്‍ ആണെന്ന് യശോദയ്ക്ക് ഇപ്പോഴും അറിയില്ലെന്നാണ് സൂചന.അവര്‍ തീര്‍ത്ഥാടകര്‍ മാത്രമാണെന്നാണ് ഇവരുടെ ധാരണ.