സെക്സും സംഗീതവും തമ്മിലെന്തു ബന്ധം ? സംഗീതം ഇണയെ ആകര്‍ഷിക്കാന്‍ വേണ്ടിയുള്ളതെന്ന ഡാര്‍വിന്റെ കണ്ടെത്തലിനു പിന്‍ബലമേകുന്ന തെളിവുകള്‍ കണ്ടെത്തി

single-img
25 April 2014

sex-music.wideaസെക്സും സംഗീതവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ ? ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.ഇണകളെ ആകര്‍ഷിക്കാനുള്ള മാര്‍ഗമായി പരിണാമദശകളില്‍ ഉരുത്തിരിഞ്ഞു വന്നതാണ് സംഗീതമെന്നു ചാള്‍സ് ഡാര്‍വിന്‍ അഭിപ്രായപ്പെട്ടിരുന്നു.ഈ വാദത്തിനു ഉപോല്‍ബലകമായ ചില കണ്ടെത്തലുകളുമായി വിദഗ്ദ്ധര്‍ മുന്നോട്ടു വന്നിരിക്കുകയാണ്.

മനുഷ്യന്‍ സംഗീതം ഉണ്ടാക്കാനും ശ്രവിക്കാനും തുടങ്ങിയിട്ട് ഏതാണ്ട് 40000 വര്‍ഷമായി എന്നാണു കണക്കുകള്‍ പറയുന്നത്.മൃഗങ്ങളുടെ എല്ലുകളില്‍ നിന്നും നിര്‍മ്മിച്ച കുഴലുകളായിരുന്നു ആദ്യത്തെ സംഗീതോപകരണങ്ങളെന്നു കണക്കാക്കപ്പെടുന്നു.എന്തുകൊണ്ട് മനുഷ്യന്‍ സംഗീതം ഇഷ്ടപ്പെടുന്നു അല്ലെങ്കില്‍ സൃഷ്ടിക്കുന്നു എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു.ഇതിനു കൃത്യമായ വിശദീകരണം ആദ്യമായി നല്കിറയത് ചാള്‍സ് ഡാര്‍വിന്‍ ആണ്.പക്ഷികള്‍ പാട്ടുപാടുന്നത് പോലെതന്നെ ഇണകളെ ആകര്‍ഷിക്കാനാണ് മനുഷ്യരും സംഗീതം ഉപയോഗിക്കുന്നത് എന്നദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിലെ ബ്രൈറ്റണിലുള്ള സസക്സ് സര്‍വകലാശാലയിലെ മനശാസ്ത്രജ്ഞനായ ബെഞ്ചമിന്‍ ചാള്‍ട്ടണ്‍ നടത്തിയ പഠനങ്ങളാണ് ഡാര്‍വിന്റെ വിശദീകരണങ്ങളെ സാധൂകരിക്കുന്നത്.സ്ത്രീകളുടെ ആര്‍ത്തവചക്രത്തിലെ വ്യത്യസ്ഥ സമയങ്ങളില്‍ വ്യത്യസ്ഥതരം സംഗീതങ്ങള്‍ ആണ് അവര്‍ ഇഷ്ടപ്പെടുന്നത് എന്ന പുതിയ കണ്ടെത്തലാണ് ഇതില്‍ പ്രധാനമായും ഉള്ളത്.സംഗീതം ശ്രവിക്കുമ്പോള്‍ ആ സംഗീതം സൃഷ്ടിച്ച സംഗീത സംവിധായകരോട് സ്ത്രീകള്‍ക്കുണ്ടാകുന്ന ആകര്‍ഷണമാണ് പ്രധാനമായും പഠനവിധേയമാക്കിയത്.

ആര്‍ത്തവചക്രത്തിലെ ഗര്‍ഭധാരണത്തിനു സാധ്യതയുള്ള ദിവസ്സങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ സംഗീതം സൃഷ്ടിക്കുന്ന സംഗീതജ്ഞരോട് സ്ത്രീകള്‍ക്ക് കൂടുതല്‍ ആകര്‍ഷണം തോന്നുന്നതായി പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നു.ശരാശരി 28 വയസ്സ് പ്രായമുള്ള 1465 സ്ത്രീകളുടെ സഹായത്തോടെയാണ് ചാള്‍ട്ടണ്‍ ഈ  പരീക്ഷണം നടത്തിയത്.ഇവരില്‍ ഒരു കൂട്ടം സ്ത്രീകളെ കുറെ വ്യത്യസ്ഥ തരത്തിലുള്ള പിയാനോ സംഗീതങ്ങള്‍ കേള്‍പ്പിച്ച ശേഷം ഇതില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ സംഗീതം ഏതെന്നു വിലയിരുത്താന്‍ ആവശ്യപ്പെട്ടു.ഇതേ സംഗീതങ്ങള്‍ വേറൊരു കൂട്ടം സ്ത്രീകളെ കേള്‍പ്പിച്ച ശേഷം ഇതില്‍ ഏതു സംഗീതം കമ്പോസ് ചെയ്തയാളെയാണ് നിങ്ങള്‍ ഒരു ദീര്‍ഘകാല/ഹ്രസ്വകാല ബന്ധത്തിന് പരിഗണിക്കുക എന്ന് എഴുതാന്‍ പറഞ്ഞു.ഗര്‍ഭധാരണത്തിന് സാധ്യത കൂടിയ ദിവസങ്ങളില്‍ ഭൂരിഭാഗം സ്ത്രീകളും കൂടുതല്‍ സങ്കീര്‍ണ്ണമായ സംഗീതം കമ്പോസ് ചെയ്ത സംഗീതജ്ഞനെ ഒരു ഹ്രസ്വകാല ബന്ധത്തിന് പരിഗണിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.എന്നാല്‍ ഒരു ദീര്‍ഘകാല ബന്ധത്തിന് അതില്‍ നിന്നാരേയും തെരഞ്ഞെടുക്കാന്‍ ആരും തന്നെ സന്നദ്ധത കാട്ടിയില്ല.

കൂടുതല്‍ സങ്കീര്‍ണ്ണമായ സംഗീതം സൃഷ്ടിക്കാന്‍ കഴിയുന്നവര്‍ക്ക് നല്ല കുട്ടികളെ തരാന്‍ കഴിയുമെന്ന ധാരണയാകാം ഇതിനു പിന്നിലെന്നാണ് ചാള്‍ട്ടണ്‍ അഭിപ്രായപ്പെടുന്നത്.ഈ ബോധം പരിണാമത്തിലൂടെ വന്നതാകാം.ലൈംഗികാകര്‍ഷണം കൂടുതലുള്ള ജീവി സംരക്ഷിക്കപ്പെടുകയും നിലനില്‍ക്കാനുള്ള സാധ്യത കൂടുകയും ചെയ്യുമെന്ന് ഡാര്‍വിന്‍ പറഞ്ഞിട്ടുണ്ട്.”സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ് ” പോലെ തന്നെ സര്‍വൈവല്‍ ഓഫ് ദി സെക്സിയസ്റ്റ് ” എന്നതും ഒരു യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

എന്തായാലും ഇനി മുതല്‍ എല്ലാവരും സംഗീതം പഠിക്കുന്നത് നന്നായിരിക്കും എന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്.