തിരിമറിയിലൂടെ ഒന്നേകാല്‍ കോടി രൂപയോളം തട്ടിയെടുത്ത അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റില്‍

single-img
25 April 2014

CRIMEസിന്‍ഡിക്കേറ്റ് ബാങ്കിന്റെ കാരക്കോണം ശാഖയില്‍നിന്നും തിരിമറിയിലൂടെ ഒന്നേകാല്‍ കോടി രൂപയോളം തട്ടിയെടുത്ത അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റില്‍. മാനേജരുടെ പാസ്വേര്‍ഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഷെയര്‍മാര്‍ക്കറ്റുകളില്‍ പണം നിക്ഷേപിക്കാനായിരുന്നു തിരിമറി നടത്തിയതെന്ന് പോലീസ് പറയുന്നു.

 

 

അസിസ്റ്റന്റ് മാനേജര്‍ ചെന്നൈ ചിദംബരം സ്വദേശി പ്രഭുവാണ് (28) അറസ്റ്റിലായത്. സ്വര്‍ണവായ്പാ ഇനത്തിലും ഓവര്‍ഡ്രാഫ്റ്റ് പരിധി കൂട്ടിയ ഇനത്തിലുമുള്ള തുകയില്‍ നിന്നാണ് ഇയാള്‍ കൂടുതലായും തിരിമറി നടത്തിയത്. നാല് മാസത്തിനുള്ളിലാണ് തട്ടിപ്പ് നടത്തിയത്. ഇതിലേക്കായി പ്രഭു സ്വന്തംപേരിലും അമ്മ വാളാമതിയുടെ പേരിലും അക്കൗണ്ട് ആരംഭിച്ച്, അതിലൂടെയാണ് തിരിമറി നടത്തിയ തുക മാറ്റിയത്. 35 ഇടപാടുകളിലൂടെയാണ് തട്ടിപ്പ് നടത്തിയത്.

 

 
ഇന്‍ഫോസിസിലെ ജീവനക്കാരനായിരുന്ന ഇയാള്‍ മൂന്ന് വര്‍ഷത്തിന് മുമ്പാണ് സിന്‍ഡിക്കേറ്റ് ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചത്. ബാങ്കിന്റെ കാരക്കോണം ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ഇയാളും ജീവനക്കാരനായിരുന്നു. എം.സി.എ. ബിരുദധാരിയായ ഇയാളുടെ കമ്പ്യൂട്ടര്‍വൈദഗ്ദ്ധ്യം മാനേജര്‍ ഉള്‍പ്പടെയുള്ള മറ്റ് ജീവനക്കാര്‍ക്കും സഹായകമായിരുന്നു. ഇടയ്ക്കിടെ കമ്പ്യൂട്ടര്‍ ജോലികളില്‍ മാനേജരെ ഇയാള്‍ സഹായിച്ചിരുന്നു. ഇതിനിടയില്‍ അദ്ദേഹത്തിന്റെ പാസ്വേര്‍ഡ് മനസിലാക്കിയ ഇയാള്‍ പിന്നീട് അതുപയോഗിച്ച് തിരിമറി നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

 
തിങ്കളാഴ്ച ബാങ്കിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തിരിമറി കണ്ടെത്തിയത്. പ്രഭു ചെന്നൈയിലേക്ക് ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ടുവെങ്കിലും തിരുവനന്തപുരം റീജണല്‍ ഓഫീസിലേക്ക് മാറ്റിയ ഇയാളെ സസ്‌പെന്‍ഡ് ചെയ്തശേഷം റീജണല്‍ മാനേജര്‍ രവീന്ദ്രന്റെ പരാതിയെത്തുടര്‍ന്ന് പ്രഭുവിനെ പോലീസ് പിടികൂടുകയായിരുന്നു.