ട്രാക്ടറിനെ ഉള്ളിലാക്കി പടവുകള്‍ നിര്‍മ്മിച്ചു; കടപ്ര പഞ്ചായത്തിനു മുന്നില്‍ സിനിമാ തമാശ തോറ്റു

single-img
24 April 2014

Tractorഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന മലയാളം സിനിമയില്‍ ഒരു രംഗമുണ്ട്. തൂണ് നടുവിലാക്കി ജഗതി ശ്രീകുമാറിന്റെ കഥാപാത്രം കട്ടിലുനിര്‍മ്മിക്കുന്ന രംഗം. പ്രേക്ഷകര്‍ ഏറെ ചിരിച്ച പ്രസ്തുത രംഗത്തെ പിന്നിലാക്കി കടപ്ര ഗ്രാമപഞ്ചായത്ത് പുതിയ തമാശ രചിച്ചിരിക്കുകയാണിപ്പോള്‍. പറമ്പിനുള്ളില്‍ കിടന്ന ട്രാക്ടറിനെ മറന്ന് രണ്ടാം നിലയിലേക്കുള്ള പടവുകള്‍ നിര്‍മ്മിച്ച പഞ്ചായത്ത് ഇപ്പോള്‍ ട്രാക്ടര്‍ പുറത്തിറക്കാനാകാതെ വിഷമിക്കുകയാണ്.

കടപ്ര പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന കാര്‍പോര്‍ച്ചില്‍ പാര്‍ക്കുചെയ്തിരുന്ന ട്രാക്ടറിനെ ഓര്‍ക്കാതെയാണ് പഞ്ചായത്ത് ഓഫീസിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവനിലേക്ക് കയറുവാന്‍ പടവുകള്‍ നിര്‍മ്മിച്ചത്. പടവുകള്‍ പൂര്‍ത്തിയായിതിന് ശേഷമാണ് ട്രാക്ടറിന്റെ കാര്യം അധികൃതര്‍ ഓര്‍ത്തത്. ഒന്നുകില്‍ ട്രാക്ടര്‍ അവിടെക്കിടന്ന് തുരുമ്പെടുത്ത് നശിക്കും. അല്ലെങ്കില്‍ ട്രാക്ടറിനെ പൊളിച്ച് പാര്‍ട്‌സായി പുറത്തിറക്കണം. ഇതാണ് നിലവിലെ സ്ഥിതി.

ആറുവര്‍ഷം മുമ്പ് പഞ്ചായത്തിലെ പാടശേഖരങ്ങളെ ലക്ഷ്യം വച്ച് വാങ്ങിയ ട്രാക്ടര്‍ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി കാര്‍പോര്‍ച്ചില്‍ പാര്‍ക്കുചെയ്തിരിക്കുയായിരുന്നു. ട്രാക്ടര്‍ അറ്റകുറ്റ പണികള്‍ക്ക് പഞ്ചായത്ത് എഞ്ചിനീയര്‍ ഒരുലക്ഷം രൂപയുടെ എസ്റ്റിറ്റേും എടുത്തിരുന്നു. അറ്റകുറ്റപ്പണികള്‍ക്കുള്ള നടപടികള്‍ നടന്നുവരുന്നതിനിടയിലാണ് ഭരണസമിതിയെ വെട്ടിലാക്കിയ ഈ നടപടി.

പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പാടശേഖര സമിതികള്‍ക്ക് കുറഞ്ഞ വാടകയ്ക്ക് നല്‍കി വന്ന ട്രാക്ടര്‍ ഇനി വെളിയില്‍ കൊണ്ടുവന്നാല്‍ മാത്രമേ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയു. അതല്ലെങ്കില്‍ പടവുകള്‍ പൊളിച്ച് ട്രാക്ടറിന് വഴിയുണ്ടാക്കേണ്ടി വരും. ആകെ വിഷമവൃത്തത്തിലാണ് ഇപ്പോള്‍ പഞ്ചായത്തധികൃതര്‍.