സിറ്റിംഗ് എം.എല്‍.എയും വൈഎസ്ആര്‍ കോണ്‍ഗ്രസ് ലോക്‌സഭ സ്ഥാനാര്‍ഥിയുമായ ശോഭ നാഗറെഡ്ഡി കാറപകടത്തില്‍ മരിച്ചു

single-img
24 April 2014

SHOBA-NAGIREDDYഅലഗഡയിലെ സിറ്റിംഗ് എംഎല്‍എയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായ ശോഭ നാഗറെഡ്ഡി വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ മരിച്ചു. അലഗഡയ്ക്ക് സമീപം ശോഭ സഞ്ചരിച്ചിരുന്ന വാഹനം റോഡില്‍ നിന്ന് തെന്നി തലകീഴായി മറിയുകയായിരുന്നു. കര്‍ഷകര്‍ റോഡില്‍ ഉണക്കാന്‍ ഇട്ടിരുന്ന ധാന്യങ്ങളില്‍ കയറി നാല് തവണ മലക്കംമറിഞ്ഞ വാഹനം അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശോഭയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ശോഭയ്ക്ക് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ക്കും രണ്ടു സുരക്ഷ ജീവനക്കാര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിയമസഭ തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായ ഭര്‍ത്താവ് ഭുമ നാഗിറെഡ്ഡിക്ക് വേണ്ടി റോഡ് ഷോ നടത്തി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ടിഡിപി നേതാവും മുന്‍ മന്ത്രിയുമായ എസ്.വി.സുബ്ബറെഡ്ഡിയുടെ മകളാണ് ശോഭ.