പദ്മനാഭസ്വാമി ക്ഷേത്രം; ജില്ലാ ജഡ്ജി അധ്യക്ഷനായുള്ള അഞ്ചംഗ ഭരണസമിതിക്ക് താല്‍ക്കാലിക ഭരണച്ചുമതല, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറായി സതീഷ്‌കുമാര്‍ ഐ.എ.എസിനെ നിയമിക്കണമെന്ന് സുപ്രീംകോടതി

single-img
24 April 2014

Padmanabha-swami-Templeഅമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് ഇടക്കാല ഭരണസമിതിയായി തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സമിതിയെ സുപ്രീം കോടതി നിയമിച്ചു. ക്ഷേത്രത്തിന്റെ നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ ജില്ലയിലെ മുതിര്‍ന്ന അഡീഷണല്‍ ജഡ്ജിയ്ക്ക് ചുമതല നല്‍കാമെന്നും സുപ്രീം കോടതി പറഞ്ഞു.

അമിക്കസ് ക്യൂറി നിര്‍ദ്ദേശിച്ച സതീഷ് കുമാര്‍ ഐഎഎസിനെ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ ജഡ്ജിയുടെ സാനിധ്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കാണിക്കയുടെ കണക്കെടുപ്പ് പരിശോധിക്കാനും ക്ഷേത്രകുളം അടിയന്തരമായി ശുചീകരിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

അന്യാധീനമായ ക്ഷേത്രം വക ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ അടിയന്തരമായി ഓഡിറ്റ് ചെയ്യണമെന്നുമുള്ള നിര്‍ദ്ദേശങ്ങളും മകാടതി നല്‍കയിട്ടുണ്ട്. ക്ഷേത്രത്തിന്റെ സുരക്ഷാചുമതലയ്ക്ക് നിയോഗിക്കപ്പെട്ട പൊലീസുകാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കന്നതടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ക്ഷേത്രഭരണത്തില്‍ പങ്കാളിത്തം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാല്‍ സമിതിയിലെ അംഗങ്ങളെ നിര്‍ദ്ദേശിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.