തേങ്ങയിട്ടതിനുശേഷം താഴേയ്ക്ക് ഇറങ്ങവെ അതേ യന്ത്രത്തില്‍ കാല്‍ കുടുങ്ങി വീട്ടമ്മ തലകീഴായി തൂങ്ങികിടന്നു

single-img
24 April 2014

cocoതെങ്ങുകയറ്റയന്ത്രം ഉപയോഗിച്ച് തേങ്ങയിട്ടതിനുശേഷം താഴേയ്ക്ക് ഇറങ്ങവെ അതേ യന്ത്രത്തില്‍ കാല്‍ കുടുങ്ങി വീട്ടമ്മ തലകീഴായി തൂങ്ങികിടന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമനസേനയെത്തി ഇവരെ താഴെയെത്തിച്ചു. ബാലരാമപുരം മംഗലത്തു കോണം കട്ടച്ചല്‍കുഴി സ്വദേശി മിനി (35) ആണ് യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറവേ യന്ത്രത്തില്‍ കുടുങ്ങിയത്.

 

 

രാവിലെ 11.30നാണ് സംഭവം. തെങ്ങുകയറ്റ പരിശീലനം പഠിച്ച മിനി ബുധനാഴ്ച രാവിലെ യന്ത്രസഹായത്തോടെ തെങ്ങില്‍ കയറി തേങ്ങയിട്ടതിനുശേഷം താഴേയ്ക്ക് ഇറങ്ങവെയാണ് കാല്‍ തെങ്ങില്‍ കുടുങ്ങിയത്. കാല്‍ വലിച്ചിളക്കാന്‍ തുടങ്ങിയനേരത്ത് ഇവര്‍ തെങ്ങില്‍ നിന്നും പിടിവിട്ട് തലകീഴായി തൂങ്ങിനിന്നു. 75 അടി ഉയരമുള്ള തെങ്ങില്‍ തൂങ്ങിക്കിടന്ന ഇവരെ വിഴിഞ്ഞം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നുമെത്തിയ അഗ്നിശമനസേന ജീവനക്കാര്‍ വലിയ ഏണി ഉപയോഗിച്ച് കയറി രക്ഷപ്പെടുത്താന്‍ നോക്കി.

 

 

എന്നാല്‍ അതിനെക്കാള്‍ ഉയരത്തിലാണ് മിനി കുടുങ്ങി ക്കിടന്നത്. തുടര്‍ന്ന് സമീപവാസിയായ മരംവെട്ടുകാരനെ വിളിച്ചുവരുത്തി തെങ്ങില്‍ കയറ്റി ഇവരെ വലയ്ക്കുള്ളിലാക്കി താഴേയ്ക്ക് ഇറക്കി. ഒരുമണിക്കൂറിന്റെ ശ്രമഫലമായാണ് ഇവരെ തെങ്ങില്‍നിന്നും താഴെയിറക്കിയത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.