ബാർ ലൈസൻസ്;ഉമ്മന്‍ ചാണ്ടിയും സുധീരനും രണ്ടുതട്ടില്‍

single-img
24 April 2014

27TVSUDHEERAN_G_27_1770713fകെപിസിസി – സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ബാറുകളുടെ കാര്യത്തില്‍ തീരുമാനത്തിലെത്താനായില്ല.ബുധനാഴ്ച രണ്ടുവട്ടം സമിതി യോഗം ചേര്‍ന്നെങ്കിലും സമവായത്തിലെത്താനാവാതെ പിരിയുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ. പി. സി. സി. അധ്യക്ഷന്‍ വി. എം. സുധീരനും ഇക്കാര്യത്തില്‍ രണ്ടുതട്ടിലായതാണ് തീരുമാനം വീണ്ടും മാറ്റാന്‍ കാരണം.ടു സ്റ്റാര്‍ മുതല്‍ മുകളിലോട്ടു പദവിയുള്ള ഹോട്ടലുകള്‍ക്കും നിശ്ചിത സമയപരിധിക്കകം നിര്‍ദിഷ്ട നിലവാരം കൈവരിക്കാമെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കും താത്കാലികമായി ലൈസന്‍സ് നല്‍കാമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. എന്നാല്‍, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഇതിനോടു യോജിച്ചില്ല. ടു സ്റ്റാര്‍ പദവിയുടെ പുതുക്കിയ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രം ലൈസന്‍സ് നല്‍കാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

ഒരാള്‍ മാത്രം മദ്യവിരുദ്ധ പ്രചാരകനും മറ്റുള്ളവരെല്ലാം മദ്യലോബിയുടെ ആളുകളാണെന്നുമുള്ള ധാരണ ഉണ്ടാക്കുന്നത് ശരിയല്ല. സമവായമുണ്ടാക്കാനാണ് ഏകോപന സമിതിയെന്നും ഒരാളുടെ തീരുമാനം അടിച്ചേല്‍പ്പിക്കരുതെന്നും കൂട്ടായ തീരുമാനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. കെ. മുരളീധരന്‍ അടക്കമുള്ളവര്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി.

ഏകോപനസമിതിയിലെ ഭൂരിപക്ഷം നേതാക്കളും പ്രായോഗിക സമീപനം സ്വീകരിക്കണമെന്ന നിലപാടെടുത്തു മുഖ്യമന്ത്രിയുടെ അഭിപ്രായത്തോടു പൊതുവേ യോജിച്ചു. എന്നാല്‍, സുധീരന്‍ സ്വന്തം നിലപാടില്‍ ഉറച്ചുനിന്നതോടെ ധാരണയിലെത്താന്‍ സാധിക്കാതെവരികയായിരുന്നു.