ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിയിൽ അത്‌ലറ്റികോയെ ചെല്‍സി സമനിലയില്‍ കുരുക്കി

single-img
24 April 2014

chelseaമാഡ്രിഡ്‌: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ സെമിയില്‍ സ്‌പാനിഷ്‌ ക്ലബായ അത്‌ലറ്റികോയെ അവരുടെ തട്ടകത്തിൽ നേരിട്ട ചെല്‍സിക്കു വീരോചിത സമനില. ആദ്യപാദത്തില്‍ ജയം നേടി ചെല്‍സിയെ അവരുടെ തട്ടകത്തില്‍ ആത്മവിശ്വാസത്തോടെ നേരിടാമെന്ന അത്‌ലറ്റികോയുടെ മോഹങ്ങള്‍ ചാമ്പലായി.ഇതോടെ ലണ്ടനിലെ സ്‌റ്റാംഫോഡ്‌ ബ്രിഡ്‌ജില്‍ അടുത്ത ബുധനാഴ്‌ച നടക്കുന്ന രണ്ടാം പാദമത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമായി.

മത്സരത്തിന്റെ 69 ശതമാനം സമയവും പന്തു കൈവശം വയ്‌ക്കാന്‍ അത്‌ലറ്റികോയ്‌ക്കു കഴിഞ്ഞു. 25 വട്ടം ഗോള്‍പോസ്‌റ്റിലേക്ക്‌ നിറയൊഴിച്ച അത്‌ലറ്റികോയ്‌ക്ക് ചെല്‍സിയുടെ മറുപടി വെറും അഞ്ചു ഷോട്ടുകള്‍ മാത്രമായിരുന്നു.

അത്‌ലറ്റികോയുടെ പതിനൊന്ന്‌ കളിക്കാരെയു അത്‌ലറ്റികോ ആരാധകരെന്ന പന്ത്രണ്ടാമനെയും പൂട്ടിയാണ്‌ ചെല്‍സി ജയത്തിനൊത്ത സമനില പിടിച്ചു വാങ്ങിയത്‌.

കളി തുടങ്ങി പതിനേഴു മിനിട്ടുകള്‍ പിന്നിട്ടപ്പോള്‍ ഒന്നാം നമ്പര്‍ ഗോളി പീറ്റര്‍ ചെക്‌ പരുക്കേറ്റ്‌ പുറത്തുപോയത്‌ ചെൽസിക്ക് ആശങ്കയുടെ നിമിഷങ്ങളാണ്‌ സമ്മാനിച്ചത്‌.

അത്‌ലറ്റികോയ്‌ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ തടയാനുള്ള ശ്രമത്തിനിടെ റൗള്‍ ഗാര്‍സിയയുമായി കൂട്ടിയിടിച്ചാണ്‌ ചെക്കിനു പരുക്കേറ്റത്‌. ഈ സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ നഷ്‌ടമാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌.
രണ്ടാം പകുതിയില്‍ ക്യാപ്‌റ്റന്‍ ജോണ്‍ ടെറിക്കും പരുക്കേറ്റത്‌ ടീമിന്‌ മറ്റൊരു ആഘാതമായി. വെറ്ററന്‍താരം ഫ്രാങ്ക്‌ ലാംപാര്‍ഡും ജോണ്‍ ഒബി മൈക്കലും മഞ്ഞക്കാര്‍ഡുകള്‍ വാങ്ങുകകൂടി ചെയ്‌തതോടെ ഫലത്തില്‍ രണ്ടാം പാദം നാലു പ്രമുഖരെകൂടാതെയാകും ചെല്‍സി അത്‌ലറ്റികോയെ നേരിടുന്നത്‌.

അര്‍ധാവസരങ്ങള്‍പോലും ഗോളാക്കുന്നതില്‍ മികവു പുലര്‍ത്തിയിരുന്ന അത്‌ലറ്റികോ താരങ്ങളെ ചെല്‍സിയുടെ കരുത്തുറ്റ പ്രതിരോധനിര ഗോളടിക്കാന്‍ വിടാതെ പിടിച്ച് കെട്ടുകയായിരുന്നു.

കളിയവസാനിക്കാന്‍ മിനിട്ടുകളുള്ളപ്പോള്‍ ഗാര്‍സിയയെ വലിച്ച്‌ ഡേവിഡ്‌ സാവിയെ ഇറക്കി ഡീഗോ സിമിയോണി സമനിലപ്പൂട്ട്‌ പൊളിക്കാന്‍ തന്ത്രം മെനഞ്ഞെങ്കിലും ഫലിച്ചില്ല.

സബ്‌സ്റ്റിറ്റ്യൂട്ടുകളെയിറക്കി സമയം കളയാനായിരുന്നു മൗറീഞ്ഞോയുടെ ശ്രമം. ഈ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഡംബാബയ്‌ക്ക് സമയം പാഴാക്കിയതിന്റെ പേരില്‍ മഞ്ഞക്കാര്‍ഡ്‌ കിട്ടുകയും ചെയ്‌തു.