മാവോയിസ്‌റ്റു വേട്ടക്കുള്ള പ്രത്യേക വാഹനത്തിന്‍െറ ഡ്രൈവിങ് പരിശീലനം തുടങ്ങി

single-img
23 April 2014

mavo_vanനിലമ്പൂര്‍: മാവോയിസ്‌റ്റുകളെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിന്‌ ആഭ്യന്തരവകുപ്പ് അമേരിക്കയില്‍ നിന്നും ഇറക്കമതി ചെയ്‌ത പ്രത്യേക വാഹനമായ റെയ്‌ഞ്ചര്‍ 800ല്‍ പൊലീസ്‌ ഡ്രൈവര്‍മാക്കുള്ള പരിശീലനം തുടങ്ങി.

കണ്ണൂര്‍, വയനാട്‌, മലപ്പുറം ജില്ലയിലെ മാവോയിസ്‌റ്റ് ഭീഷണിയുള്ള പൊലീസ്‌ സേ്‌റ്റഷനിലെ ഡ്രൈവര്‍മാര്‍ക്കാണ്‌ പരിശീലനം നല്‍കുന്നത്‌.

മലപ്പുറം ജില്ലയിലെ പൊലീസുകാര്‍ക്കുള്ള പരിശീലനം നിലമ്പൂരിലാണ് നടന്നത്. ചാലിയാര്‍ പഞ്ചായത്തിലെ കക്കാടംപൊയില്‍ വനപാതയിലൂടെയും, വനത്തിനകത്തും വാഹനം ഓടിച്ചുള്ള പരിശീലനം ഉണ്ടാകും.

ജീപ്പ്‌ കമ്പനിയുടെ അസി.മാനേജര്‍ ആര്‍.എസ്‌ ബോബി, ചെന്നൈ സ്വദേശി സുന്ദര്‍ ഗണേശ്‌ എന്നിവരാണ്‌ പരിശീലനം നല്‍കുന്നത്.

അരുവാക്കോട് വനം വിജിലന്‍സ് ഓഫിസിലും നിലമ്പൂര്‍ സി.ഐ. ഓഫിസിലുമായിരുന്നു പരിശീലനം. കണ്ണൂരില്‍ പരിശീലനം പൂര്‍ത്തിയായി. വയനാട് ജില്ലയില്‍ വ്യാഴാഴ്ച പരിശീലനം തുടങ്ങും. സംസ്ഥാനത്തേക്ക് റെയ്ഞ്ചര്‍-800 മോഡലിലുള്ള നാലു വാഹനങ്ങളാണ് ഇറക്കുമതി ചെയ്തിട്ടുള്ളത്.

ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനത്തിന് ഇരുപത്തിരണ്ടര ലക്ഷം രൂപയാണ് വില. ദുര്‍ഘട പാതകളില്‍ കൂടി അതിവേഗം ഓടിച്ചുപോകാന്‍ കഴിയുമെന്നതാണ് പ്രത്യേകത. 45 ഡിഗ്രി ചെരിവുള്ള കുന്നിന്‍പ്രദേശത്തു കൂടി വാഹനം ഓടിച്ചുകൊണ്ടു പോകാന്‍ കഴിയും.

യാത്രക്കാരെ കൂടാതെ 500 കിലോ ഭാരം വരെ താങ്ങാൻ സാധിക്കുന്ന ഈ വാഹനത്തിന് 80 മുതല്‍ നൂറ് കിലോമീറ്റര്‍ വേഗതയാണ് അവകാശവാദം. ഇന്ധനം, ഇലക്ട്രോണിക് സിസ്റ്റം ഉപയോഗിച്ചും ഓടിക്കാം.

സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്തിട്ടുള്ളത് പെട്രോള്‍ ഉപയോഗിച്ച് ഓടിക്കാവുന്ന വാഹനമാണ്. ഇതിന് എട്ട് മുതല്‍ 12 കിലോമീറ്റര്‍ വരെയാണ് മൈലേജ്.