പരീക്ഷണശാലയില്‍ വളര്‍ത്തിയെടുത്ത കൃത്രിമയോനികള്‍ നാലുസ്ത്രീകളില്‍ വിജയകരമായി വെച്ചുപിടിപ്പിച്ചു

single-img
23 April 2014

നോര്‍ത്ത് കരോലിന, യു എസ് എ : കോശങ്ങളില്‍ നിന്നും കൃത്രിമമായി വളര്‍ത്തിയെടുത്ത യോനീനാളം നാല്സ്ത്രീകളില്‍ വെച്ചുപിടിപ്പിച്ച നേട്ടവുമായി അമേരിക്കയിലെ ഡോക്ടര്‍മാര്‍. അമേരിക്കയിലെ നോര്‍ത്ത് കരോലിന സ്റ്റേറ്റിലെ വെയ്ക് ഫോറെസ്റ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഈ അപൂര്‍വ്വനേട്ടത്തിന് പിന്നില്‍.

അതാതു സ്ത്രീകളില്‍ നിന്നും ശേഖരിച്ച കലകളെ (tissue) ജൈവിക ജീര്‍ണ്ണനം സാധ്യമാകുന്ന(biodegradable) ഒരു ചട്ടക്കൂടില്‍  വളര്‍ത്തിയെടുത്താണ് കൃത്രിമമായി യോനികള്‍ പരീക്ഷണശാലയില്‍ നിര്‍മ്മിച്ചത്.അവരവരുടെ തന്നെ കോശങ്ങളില്‍ നിന്നും വളര്‍ത്തിയെടുത്ത അവയവങ്ങള്‍ ആയതിനാല്‍ ശരിയായ വലിപ്പത്തിലും ആകൃതിയിലും സൃഷ്ടിക്കാന്‍ കഴിഞ്ഞ ഇവ ശരീരത്തിന് ഏറെ അനുയോജ്യമായ രീതിയില്‍  വെച്ച് പിടിപ്പിക്കാന്‍ സാധിച്ചു എന്നാണു റിപ്പോര്‍ട്ടുകള്‍.

ഗര്‍ഭാവസ്ഥയില്‍ തന്നെ ലൈംഗികാവയവം വേണ്ടരീതിയില്‍ വികസിക്കാതെയിരിക്കുന്ന ‘വജൈന അപ്ലാസിയ’  (vaginal aplasia) എന്ന അപാകതയുള്ള സ്ത്രീകളിലാണ് കൃത്രിമമായി യോനീനാളം വെച്ച് പിടിപ്പിച്ചത്.ഈ രോഗം ഉള്ളവര്‍ക്ക്  യോനീമുഖം ഉണ്ടാകുമെങ്കിലും അതിനെ ഗര്‍ഭപാത്രവുമായി ബന്ധിപ്പിക്കുന്ന യോനീനാളം ഉണ്ടാകില്ല.അപൂര്‍വ്വം ആളുകള്‍ക്ക് മാത്രം കണ്ടുവരുന്ന രോഗമാണിത്.

തങ്ങള്‍ക്ക് വെച്ചുപിടിപ്പിച്ച യോനീനാളം എല്ലാ സ്വാഭാവികതയോടും കൂടിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഈ സ്ത്രീകള്‍ വെളിപ്പെടുത്തി.സാധാരണ സ്ത്രീകളെപ്പോലെ തന്നെ ലൈംഗികാഭിനിവേശവും അനുഭൂതിയും ഓര്‍ഗാസവും എല്ലാം അനുഭവിക്കാനും വേദനയില്ലാത്ത ലൈംഗിക ബന്ധം ആസ്വദിക്കാനും തങ്ങള്‍ക്കു കഴിയുന്നുണ്ടെന്നും അവര്‍ പറഞ്ഞു.ഇത്തരത്തില്‍ സാധാരണ രീതിയിലുള്ള ഒരു ജീവിതരീതി ലഭിക്കാന്‍ കഴിഞ്ഞത് തങ്ങള്‍ക്ക് ലഭിച്ച ഭാഗ്യമാണെന്നും അവര്‍ പറഞ്ഞു.

കൌമാരപ്രായക്കാരായ സ്ത്രീകളിലാണ് ഈ പരീക്ഷണം നടത്തിയത്.ഒരു അവയവം പൂര്‍ണ്ണമായും കൃത്രിമമായി നിര്‍മ്മിക്കാന്‍ കഴിയുന്നത്‌ ഇതാദ്യമായാണെന്ന് വെയ്ക് ഫോറെസ്റ്റ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീജനറേറ്റിവ് മെഡിസിന്റെ ഡയറക്ടര്‍ ആയ ഡോ. അന്തോണി അതാല പറഞ്ഞു.ഇതിനു മുന്നേ സ്വിറ്റ്സര്‍ലന്‍ഡിലെ ബാസെല്‍ സര്‍വകലാശാലയില്‍ ചില രോഗികള്‍ക്ക് ത്വക്ക് കാന്‍സര്‍ മൂലം നീക്കം ചെയ്ത മൂക്കിന്റെ ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിച്ചിരുന്നു.

 

കടപ്പാട് : ബിബിസി