പദ്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്ത്‌ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും : അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്‌ അംഗീകരിക്കരുതെന്ന് രാജകുടുംബം ആവശ്യപ്പെടും

single-img
23 April 2014

ന്യൂഡല്‍ഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് കൈവശാവകാശവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ക്ഷേത്രത്തിലെ നിലവറകളില്‍ കണ്ടെത്തിയ  അമൂല്യ സ്വത്തുക്കളുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഒരു നിര്‍ദേശവും അംഗീകരിക്കരുതെന്ന് രാജകുടുംബം സുപ്രീംകോടതിയെ അറിയിക്കും. അതേസമയം, തന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടക്കാല ഉത്തരവ് വേണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടേക്കുമെന്ന് സൂചനകളുണ്ട്. 

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ ഒരു കണ്ടെത്തലും ശരിവെക്കില്ലെന്ന് രാജകുടുംബത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു. റിപ്പോര്‍ട്ടിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയ അവര്‍, ഭാഗികമായി അംഗീകരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി. 

റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ക്ക് രാജകുടുംബം താത്കാലിക മറുപടി തയ്യാറാക്കിയിട്ടുണ്ട്. അതാണ്‌ ഇന്ന് സമര്‍പ്പിക്കുക. വിശദമായ മറുപടി പിന്നീട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കുമെന്ന് രാജകുടുംബത്തിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ വ്യക്തമാക്കും. 
അതേസമയം, കോടതിയെ സഹായിക്കാന്‍ നിയമിക്കപ്പെട്ട അമിക്കസ് ക്യൂറി വ്യതിചലിച്ച് കാടുകയറിയെന്ന ആരോപണമാണ് രാജകുടുംബം പ്രധാനമായും  കോടതിയില്‍ ഉന്നയിക്കുക. അമിക്കാസ് ക്യൂറിയോട്  ക്ഷേത്രം സന്ദര്‍ശിച്ച് കാര്യങ്ങള്‍ അറിയിക്കാനൊന്നും കോടതി ഉത്തരവില്‍ പറഞ്ഞിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 

സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശങ്ങള്‍ മാത്രം പ്രതിരോധിച്ചാല്‍ മതിയെന്ന നിലപാടായിരിക്കും സംസ്ഥാനസര്‍ക്കാറും കോടതിയില്‍ സ്വീകരിക്കുക. കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്  ദേവസ്വം വകുപ്പ് സെക്രട്ടറി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.വി. വിശ്വനാഥനുമായി അദ്ദേഹം ചര്‍ച്ച നടത്തിയിട്ടുണ്ട്. ക്ഷേത്രം പൊതുസ്വത്താണെന്ന് അമിക്കസ് ക്യൂറി തന്നെ വ്യക്തമാക്കിയിരിക്കെ ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരും ഒരു നിലപാട് സ്വീകരിക്കേണ്ടി വരും. ക്ഷേത്രഭരണം രാജകുടുംബത്തില്‍ നിന്നു മാറ്റി പുതിയ സമിതിക്ക് കൈമാറണമെന്നാണ് റിപ്പോര്‍ട്ടില്‍ ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 25 കൊല്ലത്തെ കണക്കുകള്‍ മുന്‍ സി.എ.ജി. വിനോദ് റായ് ഓഡിറ്റ് ചെയ്യണമെന്ന ശുപാര്‍ശ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് രാജകുടുംബം സ്വീകരിക്കുന്നത്. വ്യക്തവും നിയമപരവുമായ അന്വേഷണം നടന്നിട്ടില്ല എന്നതാണ് കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത് .  നിയമപരമായ അന്വേഷണത്തിന് ഒടുവിലാണ് ഓഡിറ്റിങ്ങും മറ്റും വേണോയെന്ന തീരുമാനം വേണ്ടതെന്ന നിയമോപദേശമാണ് രാജകുടുംബത്തിന് ലഭിച്ചിരിക്കുന്നത്. 
അതേസമയം, ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ ശരിവെക്കുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടെന്ന് ഹൈക്കോടതിയിലെ ഹര്‍ജിക്കാരുടെ അഭിഭാഷകന്റെ നിലപാട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി 2011-ല്‍ ഉത്തരവിട്ടത്. അതിനെ ചോദ്യംചെയ്തുള്ള ഹര്‍ജിയുമായി അന്തരിച്ച മാര്‍ത്താണ്ഡവര്‍മയാണ് സുപ്രീം കോടതിയിലെത്തിയത്. ഈ വിഷയത്തിലേക്ക് ഇതുവരെ കോടതി കടന്നിട്ടില്ല. പകരം ക്ഷേത്രത്തിലെ സ്വത്തുക്കളുടെ മൂല്യനിര്‍ണയം തുടങ്ങിയകാര്യങ്ങളാണ് കോടതി പരിശോധിക്കുന്നത്. 

കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശി രാജേഷ് നായര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സര്‍വകലാശാലകളും ആസ്പത്രികളും മറ്റും നിര്‍മിക്കുന്നതിന് ഉപയോഗിക്കണമെന്നും സ്വര്‍ണം ക്ഷേത്രത്തില്‍ നിന്ന് മാറ്റി ബാങ്കുകളില്‍ നിക്ഷേപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.