ടെക്‌നോപാര്‍ക്കില്‍ തെളിവെടുപ്പിന് കൊണ്ടുവന്ന ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ പ്രതിയെ മര്‍ദിച്ച സംഭവത്തില്‍ 50 പേര്‍ക്കെതിരേ കേസ്

single-img
22 April 2014

Prathiടെക്‌നോപാര്‍ക്കില്‍ തെളിവെടുപ്പിനായി എത്തിച്ച ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യുവിനെ പ്രകോപിതരായ ജീവനക്കാര്‍ വളഞ്ഞിട്ടു മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേ കഴക്കൂട്ടം പോലീസ് കേസെടുത്തു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3.30 ഓടെ ടെക്‌നോപാര്‍ക്കിലെ നിള ബില്‍ഡിംഗില്‍ സ്ഥിതിചെയ്യുന്ന കമ്പനിയായ ഡയമെന്‍ഷ്യന്‍സില്‍ പ്രതിയെ കൊണ്ടുവന്നപ്പോഴാണ് രോഷാകുലരായ ടെക്കികള്‍ പ്രതിയെ ആക്രമിച്ചത്. ഈ കമ്പനിയിലെ ജീവനക്കാരനായിരുന്നു മുഖ്യപ്രതി നിനോ മാത്യുവും കാമുകി അനുശാന്തിയും. ഈ കമ്പനിയിലെ പ്രോജക്ട് മാനേജരായ നിനോയും ടീം ലീഡറായ അനുശാന്തിയും കൊലയ്ക്ക് മുമ്പുള്ള ദിവസങ്ങളില്‍ ഉച്ചഭക്ഷണം കഴിക്കുന്ന വേളയില്‍ ഇതുസംബന്ധിച്ചു ഗൂഢാലോചന നടത്തിയിരുന്നതായി ചോദ്യഗ ചെയ്യലില്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനേത്തുടര്‍ന്നാണു പ്രതിയെ തെളിവെടുപ്പിനു ടെക്‌നോപാര്‍ക്കില്‍ കൊണ്ടുവന്നത്.

രഹസ്യമായാണ് പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നതെങ്കിലും നിള ബില്‍ഡിംഗിലെ ഒന്നാം നിലയിലും താഴത്തെ നിലയിലും തടിച്ചുകൂടിയ ജീവനക്കാര്‍ പ്രതിയെ കണ്ടതോടെ കൂകി വിളിച്ചും അസഭ്യം വിളിച്ചും പ്രതിഷേധിച്ചു. ഒന്നാം നിലയ്ക്ക് സമീപത്തുവച്ച് ജീവനക്കാരില്‍ ചിലര്‍ പ്രതിയെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു.

തെളിവെടുപ്പ് കഴിഞ്ഞ് തിരിച്ചും വരുംവഴി ആ കുഞ്ഞിനെ നിനക്കു വെറുതെ വിട്ടുകൂടായിരുന്നോ എന്നാക്രോശിച്ചു കൊണ്ട് ഒരു യുവാവ് പ്രതിയുടെ പിന്‍ഭാഗത്തു മര്‍ദിച്ചതോടെ സമീപത്തു നിന്നവരെല്ലാം പ്രതിക്കു നേരേ തിരിഞ്ഞു. പ്രതിയെ പോലീസ് ജീപ്പിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ ഒരു സംഘം വളഞ്ഞിട്ടു തല്ലുകയായിരുന്നു. ഇതില്‍ പോലീസുകാര്‍ക്കും മര്‍ദനമേറ്റു.

പ്രതിയെ മര്‍ദിച്ച ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്കെതിരേ കേസെടുക്കുമെന്നു കഴക്കൂട്ടം പോലീസ് അറിയിച്ചു. അതിനുശേഷം കൊലപാതക ദിവസം ധരിക്കാനായി ചെരുപ്പുവാങ്ങിയ കടയിലും മുളകുപൊടി വാങ്ങിയ കടയിലും പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോയി.

httpv://www.youtube.com/watch?v=hLuIM2en14k