മൂന്ന് നക്ഷത്ര പദവിയുള്ള ബാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാർ ലൈസന്‍സ് നല്‍കാവൂ എന്ന് ജസ്റ്റിസ് എം. രാമചന്ദ്രൻ കമ്മിഷൻ

single-img
20 April 2014

barമൂന്ന് നക്ഷത്ര പദവിയുള്ള ബാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാർ ലൈസന്‍സ് നല്‍കാവൂ എന്ന് മദ്യനയം സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് എം. രാമചന്ദ്രൻ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തു. ബാറുകളുടെ പ്രവർത്തന സമയം രാവിലെ 11.30 മുതല്‍ രാത്രി 10 മണി വരെ ആക്കണം എന്നും കള്ളു ഷാപ്പുകൾ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ പ്രവർത്തിച്ചാൽ മതിയെന്നും കമ്മിഷൻ ശുപാർശ ചെയ്തു.

 
ബാർ ഹോട്ടലുകൾക്കും മദ്യവിൽപന ശാലകള്‍ക്കും ദൂരപരിധിയില്‍ മാറ്റം വരുത്താം. എന്നാല്‍ കള്ളുഷാപ്പുകള്‍ക്ക് നിലവിലുള്ള 400 മീറ്റര്‍ ദൂര പരിധി നിലനിർത്തണം കമ്മീഷൻ ശുപാർശയിൽ പറയുന്നു. താൽക്കാലിക അടിസ്ഥാനത്തിൽ ബാർ ലൈസൻസുകൾ നൽകരുതെന്നും കമ്മിഷൻ ശുപാർശ ചെയ്തു.

 
21 വയസു കഴിഞ്ഞവർക്ക് മാത്രമേ മദ്യവില്‍പനശാലകളിലും ബാറുകളിലും മദ്യം വിൽക്കാവൂ. മദ്യം വാങ്ങുന്നവര്‍ പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് സമർപ്പിക്കണം. മദ്യത്തിന്റെ ബില്ലില്‍ പ്രസ്തുത കാര്‍ഡിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും വേണം. വാങ്ങുന്നയാളിന്റെ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്താം എന്നും റിപ്പോർട്ടിൽ പറയുന്നു