ഗ്വാണ്ടനാമോ ജയിലില്‍ സി ഐ എ ചോദ്യം ചെയ്യലിനുപയോഗിച്ചത് അതിക്രൂരമായ മര്‍ദ്ദനമുറകള്‍ : അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നത്‌

single-img
19 April 2014

വാഷിംഗ്‌ടണ്‍ : അമേരിക്കയുടെ ചാരസംഘടനയായ സി ഐ എ തീവ്രവാദികള്‍ എന്ന്‍ സംശയിക്കപ്പെട്ടവരെ ഗ്വാണ്ടനാമോ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ പിന്തുടര്‍ന്ന മാര്‍ഗങ്ങള്‍ അതിക്രൂരവും മനുഷത്വരഹിതവും നിയമവിരുദ്ധവുമായിരുന്നുവെന്നു  സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌.ജോര്‍ജ്ജ് ബുഷിന്റെ ഭരണകാലത്താണ് ഈ ക്രൂരകൃത്യങ്ങള്‍ അരങ്ങേറിയത്.

2001 സെപ്റ്റംബര്‍ 11-നു നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ പ്രതികളെന്ന് സംശയിച്ച് പിടികൂടിയവരെയാണ് ക്രൂരമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ പ്രതികളെ  കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യാന്‍ വേണ്ടി സി ഐ എ നടത്തിയ 4 കോടി ഡോളര്‍ (ഏകദേശം 240 കോടി രൂപ) ചെലവ് വന്ന പ്രോഗ്രാമിനെ വിമര്‍ശിച്ചു കൊണ്ടുള്ളതാണ്  അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി സമര്‍പ്പിച്ച 6600 പേജുള്ള റിപ്പോര്‍ട്ട്‌ . ഈ പ്രോഗ്രാം പൂര്‍ണ്ണമായും ഡെമോക്രാറ്റുകള്‍ നയിക്കുന്ന കമ്മിറ്റി ആയിരുന്നു നടത്തിയത്.

പ്രധാനമായും ഇരുപതു കാര്യങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ ഉപസംഹരിക്കുന്നത്‌. സി ഐ എയുടെ നൂതനമെന്നു വിശേഷിപ്പിച്ച ചോദ്യം ചെയ്യല്‍ രീതികളില്‍ (enhanced interrogation techniques) പലതും അമേരിക്കയുടെ നിയമവകുപ്പിന്റെ അംഗീകാരമില്ലാത്തവയായിരുന്നു എന്ന് റിപ്പോര്‍ട്ട്‌ പറയുന്നു.സി ഐ എ തടങ്കലില്‍ വെച്ചിരുന്ന ആളുകളെക്കുറിച്ചോ അവരെ ചോദ്യം ചെയ്ത രീതികളെക്കുറിച്ചോ ശരിയായ വിവരങ്ങള്‍ നിയമവകുപ്പിന് കൈമാറുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തിയതായി റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നു.

വാട്ടര്‍ബോര്‍ഡിംഗ് എന്ന ക്രൂരമായ പീഡനമുറയാണ് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്ന ഒന്ന്.അനങ്ങാനാവാത്തനിലയില്‍ കെട്ടിയിട്ട ഇരയെ  മുഖത്ത് തുണിയിട്ട് മൂടിയ ശേഷം ആ തുണിയുടെ മുകളിലൂടെ വെള്ളം ഒഴിച്ച് ശ്വാസം മുട്ടിക്കുന്ന രീതിയാണിത്.വെള്ളത്തില്‍ മുങ്ങിച്ചാകുമ്പോള്‍ ഉണ്ടാകുന്ന എല്ലാ വേദനകളും ഈ സമയത്ത് അനുഭവപ്പെടും.എന്നാല്‍ കെട്ടിയിട്ടിരിക്കുന്നത് മൂലവും മുഖം മൂടിയിരിക്കുന്നത് മൂലവും അതിഭയങ്കരമായ വെപ്രാളവും അനുഭവപ്പെടും.ഇരകളാകുന്ന മനുഷ്യര്‍ ഈ വെപ്രാളത്തില്‍  തങ്ങളുടെ അസ്ഥികള്‍ പൊട്ടുവാന്‍ കാരണമാകുന്ന വിധത്തില്‍ ഞെളിപിരി കൊല്ലുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.ഒസാമ ബിന്‍ലാദന്റെ അടുത്ത സഹായിയായിരുന്ന അബു സുബൈദ എന്ന സൈന്‍ അല്‍ അബിദിന്‍ മുഹമ്മദ്‌ ഹുസൈനെ ഇത്തരത്തില്‍ 83 പ്രാവശ്യം  വാട്ടര്‍ബോര്‍ഡിംഗിന് വിധേയമാക്കിയതായി റിപ്പോര്‍ട്ട്‌ പറയുന്നു.ലാദന്റെ മറ്റൊരു സഹായിയായ ഖാലിദ് ഷെയ്ക്ക് മൊഹമ്മദിനെ 183 പ്രാവശ്യം വാട്ടര്‍ ബോര്‍ഡ് ചെയ്തു.

ഏതെങ്കിലും പിരിമുറുക്കമുള്ള പൊസിഷനില്‍ മണിക്കൂറുകളോളം നിര്‍ത്തുന്നതാണ് മറ്റൊരു പീഡന മുറ.അനങ്ങാനാകാത്ത തരത്തില്‍ ഒരു പെട്ടിക്കുള്ളില്‍ ചുരുട്ടി വെച്ച് ദിവസങ്ങളോളം അടച്ചിടുന്ന രീതിയും ഉണ്ടായിരുന്നു.പതിനൊന്നു ദിവസത്തോളം ഉറങ്ങാന്‍ അനുവദിക്കാതെയിരിക്കുന്നതാണ് മറ്റൊരു ക്രൂരമായ പീഡനമുറ.ഭീകര മര്‍ദ്ദനവും ഭിത്തിയില്‍ ചേര്‍ത്തിടിക്കലുമൊക്കെയായി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന മര്‍ദ്ദനമുറകളുടെ വിവരങ്ങളും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഈ പീഡനമുറകളുടെ പേരില്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ഈ മുറകള്‍ ഉപയോഗിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സി ഐ എയ്ക്ക് കഴിഞ്ഞുവെന്നുമാണ്‌ അന്നത്തെ ‘പീഡനമുറകളുടെ ആര്‍ക്കിടെക്ട് ‘ എന്നറിയപ്പെടുന്ന മനശാസ്ത്രജ്ഞന്‍ ജെയിംസ്‌ മിച്ചല്‍ അറിയിച്ചത്. ദി ഗാര്‍ഡിയന്‍ ന്യൂസ്‌ പേപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.