മോഡിയെ വിമര്‍ശിക്കുന്നവര്‍ പാക്കിസ്ഥാനിലേയ്ക്ക് പോകേണ്ടി വരുമെന്ന് ബി ജെ പി നേതാവിന്റെ ഭീഷണി

single-img
19 April 2014

റാഞ്ചി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്ന് ബിജെപി നേതാവ്. ബീഹാറിലെ ബിജെപി നേതാവായ ഗിരിരാജ് സിംഗാണ് വിവാദമായ പ്രസ്താവന നടത്തിയത്. മോദിയെ വിമര്‍ശിക്കുന്നവര്‍ക്ക് ഇന്ത്യയിലിടമുണ്ടാകില്ലെന്നും അദ്ദേഹം ഭീഷണി മുഴക്കി.

ഝാര്‍ഖണ്ഡിലെ ഗോഡയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് ഗിരിരാജ് സിംഗ് പ്രകോപനപരമായ പ്രസ്താവന നടത്തിയത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത് തടയാന്‍ ശ്രമിക്കുന്നവര്‍ പാകിസ്ഥാനോടാണ് കൂറ് പുലര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ അവര്‍ക്ക് ഇന്ത്യയിലിടമുണ്ടാകില്ല. അവര്‍ക്ക് പാകിസ്ഥാനിലെ ഇടമുണ്ടാകൂ. ഗിരിരാജ് സിംഗ് പറഞ്ഞു. ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്ഗരിയെ സാക്ഷിയാക്കിയാണ് ഗിരിരാജിന്റെ വിവാദ പ്രസ്താവന.

തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ മോദി വിമര്‍ശകരെ പാകിസ്ഥാനിലേക്ക് നാടുകടത്തുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവന ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. ബീഹാറിലെ നവാഡയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഗിരിരാജ് സിംഗ്.