മോദിയുടെ വിവാഹവെളിപ്പെടുത്തല്‍ സംബന്ധിച്ച ഹര്‍ജ്ജിയില്‍ അഹമ്മദാബാദ് കോടതി പോലീസ് റിപ്പോര്‍ട്ട് തേടി

single-img
17 April 2014

അഹമ്മദാബാദ്: ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ വിവാഹകാര്യം സംബന്ധിച്ച്  സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന ഹരജിയില്‍ അഹമ്മദാബാദ് കോടതി പൊലീസ് റിപ്പോര്‍ട്ട് തേടി. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം.എം ഷെയ്ക് ആണ്  പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശം. 2012 നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച വ്യക്തിവിവര സത്യവാങ്മൂലത്തില്‍ വിവാഹിതനാണോ എന്ന കോളം മോദി ഒഴിച്ചിട്ടിരുന്നു. എന്നാല്‍ ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിവാഹിതനാണെന്ന് മോദി വ്യക്തമാക്കി.

ത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനായ നിഷാന്ത് വര്‍മ മോദിക്കെതിരെ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി  പൊലീസിനെ സമീപിച്ചു. കൂടാതെ മണിനഗര്‍ നിയമസഭാ മണ്ഡലത്തിലെ 2012ലെ തെരഞ്ഞെടുപ്പ് വരണാധികാരിയായ പി.കെ ജദേജയെ പ്രതി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ന്നാല്‍ പൊലീസ് കേസെടുക്കാത്തിനെ തുടര്‍ന്ന് ഹരജിക്കാരന്‍ അഹമ്മദാബാദ് കോടതിയെ സമീപിയ്ക്കുകയായിരുന്നു.

വഡോദര ലോക്സഭാ സീറ്റിലേക്ക് മത്സരിക്കാനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് താന്‍ വിവാഹിതനാണെന്നും ഭാര്യയുടെ പേര് യശോദബെന്‍ എന്നാണെന്നും മോദി വ്യക്തമാക്കിയത്.മോദിയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ക്കും നിഷാന്ത് വര്‍മ കത്ത് നല്‍കിയിരുന്നു.