ഈറോം ശര്‍മ്മിളയ്‌ക്ക് വോട്ട്‌ ചെയ്യാന്‍ അനുമതി ലഭിച്ചില്ല

single-img
17 April 2014

ഇംഫാല്‍: പ്രമുഖ മനുഷ്യവകാശ പ്രവര്‍ത്തക ഈറോം ശര്‍മ്മിളയ്‌ക്ക് വോട്ട്‌ ചെയ്യാന്‍ അനുമതി നിഷേധിച്ചു. മണിപ്പൂരിലെ സായുധ സേനയ്ക്ക്  പ്രത്യേക അധികാരം നല്‍കുന്ന നിയമ(AFSPA)ത്തിനെതിരേ 13 വര്‍ഷമായ നിരാഹാരം അനുഷ്‌ഠിക്കുന്ന സമരനായികയാണ്‌ ഈറോം ശര്‍മ്മിള. ശര്‍മ്മിളയ്‌ക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന്‌ ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞു. വോട്ടവകാശം വിനിയോഗിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ശര്‍മ്മിള അപേക്ഷ സമര്‍പ്പിരുന്നതായും അനുമതി നിഷേധിച്ചതായും കമ്മീഷന്‍ പറഞ്ഞു.

ജനപ്രാധിനിധ്യ നിയമത്തിലെ സെക്ഷന്‍ 62 (5) പ്രകാരം ജയിലിലടക്കപ്പെട്ട ഒരു വ്യക്തിക്ക് വോട്ട് ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. അതിനാല്‍ ഇത്തവണയും ശര്‍മ്മിളക്ക് വോട്ട് ചെയ്യാന്‍ അനുമതി കിട്ടിയില്ല.

ജനാധിപത്യത്തിലുള്ള തന്റെ വിശ്വാസം നഷ്‌ടപ്പെട്ടിരിക്കുകയാണെന്നും ഒരിക്കലും വോട്ട്‌ ചെയ്യില്ലെന്നും കരുതിയിരുന്നതാണ്‌. എന്നാല്‍ ആംആദ്‌മി പാര്‍ട്ടിയെ പോലെയുള്ള അഴിമതി വിരുദ്ധ പാര്‍ട്ടികളുടെ ഉദയം തന്റെ തീരുമാനം മാറ്റിയെന്നും അവര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഏപ്രില്‍ 9 ന്‌ പിന്നാലെ രണ്ടാംഘട്ട വോട്ടെടുപ്പ്‌ മണിപ്പൂരില്‍ ഇന്നാണ്‌ നടന്നത്‌. ഇന്നര്‍ മണിപ്പൂരിലാണ്‌ ഇന്ന്‌ വോട്ടെടുപ്പ്‌ നടക്കുന്നത്‌.

മണിപ്പൂരിലെ മാലോമില്‍ സ്വന്തം വീടിനടുത്തെ ബസ് സ്‌റ്റോപ്പില്‍ വെച്ച് സാധാരണക്കാരായ പത്തുപേരെ പട്ടാളം വെടിവച്ചുകൊന്ന സംഭവത്തിന് ദൃക്‌സാക്ഷിയായതോടെ പട്ടാള അനീതിക്കെതിരെ പോരാടാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.2000 നവംബര്‍ 4 നാണ്‌ ശര്‍മ്മിള നിരാഹാര സമരം തുടങ്ങിയത്‌. ഇവരെ അറസ്റ്റുചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ട്യൂബ് വഴി ഭക്ഷണം നല്‍കി ജീവന്‍ നിലനിര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.13 വര്‍ഷമായി മൂക്കിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് ഇവര്‍ കഴിക്കുന്നത്‌.

ആത്മഹത്യാശ്രമത്തിന്‌ ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുകയാണ്‌. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ ഇംഫാലില്‍ ഒരു സ്‌പെഷ്യല്‍ റൂം നല്‍കുകയായിരുന്നു. വാറന്റ്‌ കൂടാതെ അറസ്‌റ്റ് ചെയ്‌തു കൊണ്ടു പോകുക, എവിടെ വേണമെങ്കിലും സേര്‍ച്ച്‌ നടത്തുക, ഷൂട്ട്‌ അറ്റ്‌ സൈറ്റ്‌ തുടങ്ങി സൈന്യത്തിന്‌ നല്‍കിയിരിക്കുന്ന പ്രത്യേക അവകാശത്തില്‍ പ്രതിഷേധിച്ചാണ്‌ ഈറോം ശര്‍മ്മിള സമരം നടത്തുന്നത്‌.