മഹാരാഷ്ട്ര പൊലീസ് ബലം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിച്ചതായി ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍ യാസീന്‍ ഭട്കല്‍

single-img
17 April 2014

മുംബൈ: മഹാരാഷ്ട്ര പൊലീസ് ബലപ്രയോഗത്തിലൂടെ തങ്ങള്‍ക്കെതിരായുള്ള കേസുകളില്‍ കുറ്റസമ്മതമൊഴി വാങ്ങാന്‍ ശ്രമിച്ചതായി ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍മാരിലൊരാളായ യാസീന്‍ ഭട്കലും അനുയായി അസദുല്ല അക്തറും. പട്യാല ഹൗസ് കോടതിയില്‍ ജില്ലാ ജഡ്ജ് ഐ.എസ് മേത്തക്കു മുമ്പാകെയാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടതാണ് ഈ വിവരം.

മൊഴികൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍  ഇരുവരെയും കൊലപ്പെടുത്തിയ ശേഷം കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തതായി വരുത്തിത്തീര്‍ക്കുമെന്നു  മഹാരാഷ്ട്ര പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ജഡ്ജിക്കു മുമ്പാകെ മൊഴി നല്‍കി. ഇരുവര്‍ക്കുമെതിരെ പുറപ്പെടുവിച്ച പ്രൊഡഷന്‍ വാറന്‍റിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. ഈ മാസം 29വരെ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിട്ടു.

തങ്ങള്‍ പറഞ്ഞ പ്രസ്താവനകള്‍ എന്ന പേരില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നും അതുകൊണ്ട് തന്നെ അസാധുവാക്കണം എന്നും ആവശ്യപ്പെട്ടു ഇവര്‍ കോടതിയില്‍ അപേക്ഷ നല്‍കി.പോലീസ് തങ്ങളെക്കൊണ്ട് നിരവധി വെള്ളപ്പേപ്പറുകളില്‍ ഒപ്പിടീപ്പിച്ചു വാങ്ങിയെന്നും ഇവര്‍ പരാതിപ്പെട്ടു.തങ്ങളുടെ ഡിഫന്‍സ് കൌണ്‍സില്‍ ആയ എം എസ് ഖാന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിച്ചത്.

2007ല്‍ ഹൈദരാബാദ്,2008ല്‍ ജെയ്പൂര്‍,ഡല്‍ഹി,അഹ്മദാബാദ്,സൂറത്ത്,2010ല്‍ പുണെയിലെ ജര്‍മന്‍ ബേക്കറി,ബാംഗ്ളൂരിലെ ചിന്നസ്വാമി സ്റ്റേഡിയം, ഡല്‍ഹി ജുമാ മസ്ജിദ്,ശീത്ലഘട്ട്,2011ല്‍ മുംബൈ,2013ല്‍ ഹൈദരാബാദിലെ ദില്‍സുഖ്നഗര്‍ എന്നിവിടങ്ങളില്‍ നടന്ന ബോംബ് സ്ഫോടനങ്ങളില്‍ ഭട്കല്‍ അടക്കമുള്ള ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് എന്‍.ഐ.എ പുറത്തുവിട്ടിരുന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഭട്കലും അനുയായികളായ അക്തര്‍,മന്‍സാര്‍ ഇമാം,യു.അഹ്മദ് എന്നിവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും പദ്ധതികള്‍ ആവിഷ്കരിച്ചുവെന്നും ആരോപിച്ചാണ് കഴിഞ്ഞ മാസം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പിച്ചത്. 2012 സെപ്തംബര്‍ 10ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാമത്തെ കുറ്റപത്രം ആണിത്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും,നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്നതിനുള്ള നിയമവും ഉപയോഗിച്ച് 2013 ജൂലൈയില്‍ മുഹമ്മദ് ദാനിഷ് അന്‍സാരി,മുഹമ്മദ് അഫ്താബ് ആലം,ഇംറാന്‍ ഖാന്‍,സയ്യിദ് മഖ്ബൂല്‍,ഉബൈദുറഹ്മാന്‍ എന്നിവര്‍ക്കെതിരിലും എന്‍.ഐ.എ കുറ്റപത്രം സമര്‍പിച്ചിരുന്നു.