ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം : അനുശാന്തിയെ കുടുക്കിയത് കാമുകനയച്ച വാട്സാപ്പ് മെസേജുകള്‍

single-img
17 April 2014

ആറ്റിങ്ങല്‍ : സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനെ അയച്ച അനുശാന്തി എന്ന കുറ്റവാളിയെ കുടുക്കിയത് ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ ബുദ്ധിപരമായ അന്വേഷണം.കാമുകിയുടെ ഭര്‍ത്താവിനെ കൊല്ലാന്‍ എത്തിയ നിനോ മാത്യു  അനുശാന്തിയുടെ കുഞ്ഞിനേയും അമ്മായിഅമ്മയെയും കൊലപ്പെടുത്തിയിരുന്നു.ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയിലാണ്.

സംഭവം നടന്നു മണിക്കൂറുകള്‍ക്കകം തന്നെ പോലീസ് നിനോ മാത്യുവിനെ കഴക്കൂട്ടത്തെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.പോലീസ് പിടിയിലായ നിനോ മാത്യു കുറ്റം സമ്മതിക്കുകയും ചെയ്തു.എന്നാല്‍ വിവരങ്ങള്‍ തിരക്കാന്‍ അനുശാന്തിയെ വിളിച്ചപ്പോള്‍ അവരുടെ ഭാഗത്ത്‌ നിന്നുള്ള പ്രതികരണമാണ് അവരുടെ പങ്കിനെക്കുറിച്ച് സംശയിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം അനില്‍കുമാര്‍ ഇ വാര്‍ത്തയോട് പറഞ്ഞു.സ്വയം പോലീസ് ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തി മൂന്നു പ്രാവശ്യം അനുശാന്തിയെ വിളിച്ചു നിനോയുടെ വിവരങ്ങള്‍ തിരക്കിയെങ്കിലും എന്തിനാണ് വിളിക്കുന്നത്‌ എന്ന് ഒരിക്കല്‍പ്പോലും അവര്‍ ചോദിക്കാതെയിരുന്നതാണ് അവരെയും സംശയിക്കാന്‍ പ്രേരണയായത് എന്ന് അദ്ദേഹം പറഞ്ഞു.

പിന്നീട് അനുശാന്തി അയച്ച നിനോയ്ക്ക് മെസേജുകള്‍ പരിശോധിച്ചപ്പോള്‍ ആണ് ഇവരുടെ പങ്ക് കൂടുതല്‍ വ്യക്തമായത്.തന്റെ വീടിന്റെയും പരിസരത്തിന്റെയും അങ്ങോട്ട് പോകാനുള്ള വഴികളുടെയും  മുഴുവന്‍ ഫോട്ടോകളും അനുശാന്തി നിനോയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.ഇവരുടെ വീടിനു മുന്നില്‍ വീടുകള്‍ തിങ്ങി നിറഞ്ഞ സ്ഥലമായത് കൊണ്ട് പുറകിലെ വാതിലിലൂടെയുള്ള വഴി കണക്റ്റ് ചെയ്തു ഫോട്ടോകള്‍ എടുത്തു അയച്ചതായി പോലീസ് കണ്ടെത്തി.

ഇവര്‍ തങ്ങളിലുള്ള ബന്ധം വെളിപ്പെടുന്ന സന്ദേശങ്ങളും മൊബൈലില്‍ ഉണ്ട്.ഇത്തരം മെസേജുകള്‍ ഭര്‍ത്താവ് കണ്ടതോടെ ഇനി ജോലിക്ക് പോകേണ്ട എന്ന് ഭര്‍ത്താവ് കെഎസ്ഇബി ജീവനക്കാരനായ ലിഗേഷ് ആവശ്യപ്പെട്ടു.അല്ലെങ്കില്‍ കാമുകനോടൊപ്പം പോകാന്‍ ലിഗേഷ് ആവശ്യപ്പെട്ടു.എന്നാല്‍ കുഞ്ഞിനെ തനിക്കൊപ്പം വിടണമെന്ന അനുശാന്തിയുടെ ആവശ്യം ഭര്‍ത്താവ് നിരാകരിച്ചതോടെയാണ് ഭര്‍ത്താവിനെ ഇല്ലാതാക്കണം എന്ന തീരുമാനത്തില്‍ ഇവര്‍ എത്തിച്ചേര്‍ന്നത്.ഭര്‍ത്താവിനെ ‘ഒഴിവാക്കി’ത്തന്നാല്‍ കൂടെവരാമെന്നു ഇവര്‍ കാമുകന് മെസേജ് അയച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.

ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ആണ് അനുശാന്തി പറഞ്ഞതെങ്കിലും കുഞ്ഞിനെ ഒഴിവാക്കുക എന്നത് തന്റെ ആവശ്യമായി നിനോ ഏറ്റെടുക്കുകയായിരുന്നു. രാവിലെ പത്തരക്ക് ഓഫീസില്‍ നിന്നിറങ്ങിയ നിനോ കൂട്ടുകാരുടെ മുന്നില്‍ വച്ച് “തിരിച്ചു വരുമ്പോള്‍ നിനക്കൊരു സര്‍പ്രൈസ് ഉണ്ടാകും ” എന്ന് പറഞ്ഞിട്ടാണ് നിനോ പോയത്.കുട്ടിയെക്കൂടി ഇല്ലാതാക്കുന്ന കാര്യമാകാം സര്‍പ്രൈസ് എന്ന് നിനോ സൂചിപ്പിച്ചത് എന്നാണു പോലീസിന്റെ നിഗമനം.അല്ലെങ്കില്‍ കൂട്ടുകാരുടെ മുന്നില്‍ വെച്ച് ഒരു കോഡ് വാക് ഉപയോഗിച്ചതുമാകാം.

നാടിനെ നടുക്കിയ ഇരട്ടകൊലപാതകം ഒരു ദിവസത്തിനുള്ളില്‍ ചുരുളഴിച്ചതു ആറ്റിങ്ങല്‍ സി ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ്.ആറ്റിങ്ങല്‍ എസ് ഐ കെ ആര്‍ ബിജു,ചിറയിന്‍കീഴ്‌ എസ് ഐ ഷൈന്‍ കുമാര്‍ എന്നിവറും നിരവധി സിവില്‍ പോലീസ് ഓഫിസര്‍മാരും സംഘത്തില്‍ ഉണ്ടായിരുന്നു.