യേശുക്രിസ്തുവിന്റെ ഭാര്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന സുവിശേഷങ്ങള്‍ ഉള്ള പാപ്പിറസ് കഷണം കെട്ടിചമച്ചതല്ലെന്ന് ഗവേഷകര്‍

single-img
16 April 2014

കേംബ്രിഡ്ജ് : യേശുക്രിസ്തു തന്റെ ഭാര്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന വചനങ്ങള്‍ ഉള്ള പാപ്പിറസ് കഷണം യഥാര്‍ത്ഥമാകാം എന്ന് ഹാവാര്‍ഡ്‌ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.പ്രസ്തുത പാപ്പിറസ് കഷണം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച കാരന്‍ കിംഗ്‌ പ്രസിദ്ധീകരിച്ച ജേര്‍ണലിലാണ്(“Jesus said to them, ‘My wife . . .’”: A New Coptic Papyrus Fragment ) ഇത് യഥാര്‍ത്ഥമാണെന്ന് സമര്‍ത്ഥിക്കുന്ന തെളിവുകള്‍ മുന്നോട്ടു വെച്ചത്.

രണ്ടാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനുമിടയില്‍ എഴുതപ്പെട്ടതാകാമെന്ന്‍ കരുതുന്ന സുവിശേഷത്തിന്റെ ഭാഗങ്ങള്‍ അടങ്ങിയ പാപ്പിറസ് കഷണം 2012-ലാണ് കാരന്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്.എന്നാല്‍ ഈ പാപ്പിറസ് കഷണം കാരന് കൊടുത്തത് ഒരു അജ്ഞാതനായ വ്യക്തിയാണെന്നും അയാള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നും അവര്‍ പറഞ്ഞിരുന്നു.2012 സെപ്റ്റംബര്‍ 18-നു റോമില്‍ നടന്ന അന്താരാഷ്‌ട്ര കോപ്ടിക് സമ്മേളനത്തില്‍ വെച്ചാണ് കാരന്‍ കിംഗ്‌ ഈ പാപ്പിറസ് കഷണത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

കോപ്റ്റിക്ക് ഭാഷയില്‍ എഴുതപ്പെട്ട സുവിശേഷത്തിന്റെ ഒരു ഭാഗമാണ് പ്രസ്തുത പാപ്പിറസ് ക്ഷണത്തില്‍ ഉണ്ടായിരുന്നത്.കോപ്ടിക് ഭാഷ പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ ഈജിപ്തില്‍ സംസാരിച്ചിരുന്ന പുരാതനഭാഷയാണ്‌.ഒരു വലിയ പാപ്പിറസിന്റെ നടുഭാഗത്തുള്ള ഒരു കഷണം കീറിയെടുത്തത് പോലെയാണ് ഇത് ലഭിച്ചത്.8 സെന്റിമീറ്റര്‍ നീളവും 4 സെന്റിമീറ്റര്‍ വീതിയുമുള്ള ഈ കഷണത്തില്‍ എട്ട് അപൂര്‍ണ്ണമായ വരികളാണ് ഉള്ളത്.ഇതിലെ നാലാമത്തെയും അഞ്ചാമത്തെയും വരികളാണ് വിവാദമായത്.ഈ വരികള്‍ താഴെപ്പറയും പ്രകാരമാണ്:

“ജീസസ് അവരോടു പറഞ്ഞു : എന്റെ ഭാര്യ ..അവള്‍ എന്റെ ശിഷ്യയാകാന്‍ കഴിവുള്ളവളാകുന്നു ” .

ഇത് യേശുക്രിസ്തുവിനു ഒരു ഭാര്യയുണ്ടായിരുന്നു എന്ന വാദത്തിനു ഉപോല്‍ബലകമാണ് എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഉടലെടുത്തത്.വളരെയധികം വിവാദങ്ങള്‍ക്ക് വഴിവെച്ച ഡാവിഞ്ചികോഡ് എന്നാ നോവലില്‍ ഡാന്‍ ബ്രൌണ്‍ പറയാന്‍ ശ്രമിച്ചതും ഇത് തന്നെ.ബൈബിളില്‍ പരാമര്‍ശിക്കുന്ന മഗ്ദലനമറിയം യേശുവിന്റെ ഭാര്യയായിരുന്നു എന്നും എന്നാല്‍ അത്തരം കാര്യങ്ങളെ പരാമര്‍ശിക്കുന്ന വചനങ്ങള്‍ കത്തോലിക്കാസഭ രൂപീകരിക്കുന്ന സമയത്ത് നശിപ്പിച്ചു കളഞ്ഞു എന്നുമാണ് ഈ നോവലിലെ പ്രധാന പരാമര്‍ശം.

2012-ല്‍ പുറത്തുവന്ന “യേശുക്രിസ്തുവിന്റെ ഭാര്യയുടെ സുവിശേഷം ” എന്ന പാപ്പിറസ് കഷണം കെട്ടിചമച്ചതാണ് എന്ന ആരോപണം ശക്തമായിരുന്നു.എന്നാല്‍ അങ്ങനെയല്ലെന്നും അതിനു സുവിശേഷങ്ങള്‍ എഴുതിയ കാലത്തോളം തന്നെ പഴക്കമുണ്ടെന്നും തെളിയിക്കുന്ന രേഖകളാണ് ഹവാര്‍ഡ് സര്‍വകലാശാലയുടെ ഡിവിനിറ്റി സ്കൂള്‍ പുറത്തുവിട്ടത്.

ഇതില്‍ എഴുതാന്‍ ഉപയോഗിച്ച മഷി നിര്‍മ്മിച്ചിരിക്കുന്നത് കാര്‍ബണ്‍ ബ്ലാക്ക്‌ ഉപയോഗിച്ചാണ്. ഇതിനെ രാമന്‍ സ്പെക്ട്രോസ്കോപ്പി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ബി സി ഒന്നാം നൂറ്റാണ്ടിനും എ ഡി എട്ടാം നൂറ്റാണ്ടിനും ഇടയിലുള്ള കാലത്ത് പ്രസിദ്ധീകരിച്ച കൊളംബിയ ശേഖരത്തില്‍പ്പെട്ട പാപ്പിറസുകളിലെ മഷിയുടെ കാര്‍ബണ്‍  ബ്ലാക്കുമായി വളരെയധികം സാമ്യം പുലര്‍ത്തുന്നതായി കണ്ടെത്തി.എന്നാല്‍ ആധുനിക കാലത്ത് ഉപയോഗിക്കുന്ന കാര്‍ബണ്‍ ബ്ലാക്കുമായി ഈ പരിശോധനയില്‍ ഒരു സമയവും കണ്ടെത്താന്‍ കഴിഞ്ഞതുമില്ല.

എന്‍ എസ് ആര്‍ -അരിസോണ-എ എന്‍ എസ്  ലാബില്‍ 2103-ജൂലൈ  മാസത്തില്‍ നടത്തിയ റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധനയില്‍ ഈ പാപ്പിറസ് കഷണത്തിന്റെ കാലഘട്ടം രണ്ടാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടയിലാണെന്നു കണ്ടെത്തി.

പാപ്പിറസിന്റെ രാസഘടന വിശദമായി പഠിക്കാന്‍ അതിനെ FT-IR (Fourier transform infrared spectroscopy) പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കൂടുതല്‍ കൌതുകകരമായ വിവരങ്ങളാണ് ലഭിച്ചത്.ഇതിനു മുന്‍പേ ലഭിച്ച ‘ജോണിന്റെ സുവിശേഷം’ അടങ്ങിയ പാപ്പിറസ് കഷണവുമായി “യേശുക്രിസ്തുവിന്റെ ഭാര്യയുടെ സുവിശേഷ”ത്തിന്റെ പാപ്പിറസ് അദ്ഭുതകരമായ സാമ്യമാണ് പുലര്‍ത്തിയത്‌.

എന്തായാലും കാരന്റെ പുതിയ വെളിപ്പെടുത്തലുകള്‍ ക്രിസ്ത്യന്‍ സമൂഹത്തിനെയാകെ ആശയക്കുഴപ്പത്തിലാക്കാന്‍ കഴിയുന്നവയാണ്.ഡാവിഞ്ചികോഡ് ഉയര്‍ത്തിവിട്ട വിവാദങ്ങളുടെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല എന്ന സൂചനകളാണ് പുറത്തുവരുന്നത്‌.