ഗാംഗ്സ്റ്റര്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്തേക്കുമെന്ന് സൂചന : പുനര്‍നിര്‍മ്മാണത്തിനുള്ള അവകാശം അമീര്‍ഖാന്‍ വാങ്ങിയേക്കും

single-img
15 April 2014

വെള്ളിയാഴ്ച റിലീസ് ചെയ്ത ആഷിക് അബുവിന്റെ മമ്മൂട്ടി ചിത്രം ഗാംഗ്സ്റ്റര്‍ ബോളിവുഡില്‍ റീമേക്ക് ചെയ്തേക്കുമെന്ന് സൂചനകള്‍.പ്രമുഖ ബോളിവുഡ് നടന്‍ അമീര്‍ഖാന്‍ ഈ ചിത്രത്തിന്റെ പുനര്‍നിര്‍മ്മാണം നടത്താനുള്ള അവകാശം വാങ്ങാനൊരുങ്ങുന്നതായാണ് സൂചന.

അഞ്ചുകോടി രൂപയ്ക്ക് ചിത്രത്തിന്റെ പുനര്‍നിര്‍മ്മാണ അവകാശം വാങ്ങുന്നതിനായി അമീര്‍ഖാന്റെ ഉടമസ്ഥതയിലുള്ള അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ പ്രതിനിധികള്‍ ഗാംഗ്സ്റ്ററിന്റെ നിര്‍മ്മാതാക്കളെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് അഞ്ചു കോടി രൂപയ്ക്കാണ് വിറ്റു പോയത്.വീഡിയോ റൈറ്റ്സ് 2.8 കോടി രൂപയ്ക്കും ഓവര്‍സീസ്‌ റൈറ്റ്സ് 3 കോടി രൂപയ്ക്കും വിറ്റു പോയ ചിത്രത്തിന്റെ മറ്റു സംസ്ഥാനങ്ങളിലെ വിതരണാവകാശം ഒരു കോടി രൂപയ്ക്കാണ് വിറ്റത്.ചിത്രത്തിന്റെ ആദ്യദിവസത്തെ കളക്ഷന്‍ 5.5 കോടി രൂപയായിരുന്നു.

ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ വലിയ വിവാദങ്ങളാണ് ഉണ്ടായത്.ചിത്രത്തിന് നേരെ രൂക്ഷവിമര്‍ശനങ്ങളാണ് ഓണ്‍ലൈന്‍ മീഡിയായിലൂടെ ഉയര്‍ന്നത്.ചിത്രം മോശമാണെന്നതു മുതലെടുത്തുകൊണ്ട് ആഷിക്ക് അബുവിനെയും മമ്മൂട്ടിയെയും വ്യക്തിപരമായി ആക്രമിക്കാന്‍ ചില സ്ഥാപിത താല്പര്യക്കാര്‍ ശ്രമിച്ചതായും ആരോപണമുണ്ട്.ഇതിനു പിന്നില്‍ രാഷ്ട്രീയപരവും മതപരവുമായ കാരണങ്ങളും ആരോപിക്കപ്പെടുന്നു.