നരേന്ദ്ര മോഡിയുടെ ഭാര്യയ്ക്ക് ഭാരതരത്നം നല്‍കണമെന്ന് അസ്സാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്

single-img
14 April 2014

ഗുവാഹത്തി : നരേന്ദ്രമോഡിയുടെ ഭാര്യ യശോദാ ബെന്നിന് രാജ്യം ഭാരതരത്നം നല്‍കണമെന്ന് ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്.വേദനയുടെയും ത്യാഗത്തിന്റെയും പ്രതീകമാണ് യശോദാ ബെന്‍ എന്നും അദ്ദേഹം പറഞ്ഞു.

യശോദാ ബെന്നിന് ഭാരതരത്നം  ശുപാര്‍ശ ചെയ്തുകൊണ്ട് പത്തുദിവസത്തിനകം താന്‍ കേന്ദ്രസര്‍ക്കാരിനു  കത്തെഴുതുമെന്നു ഗോഗോയ് പറഞ്ഞു.ഭാരതീയ സ്ത്രീത്വത്തിന്റെ പ്രതീകമായ ഒരു മഹതിയാണ് യശോദയെന്നു പറഞ്ഞ ഗോഗോയ്, താന്‍ അവരെ നൂറു പ്രാവശ്യം സല്യൂട്ട് ചെയ്യുന്നുവെന്നും പറഞ്ഞു.ഗുവാഹത്തിയില്‍ വെച്ച് ഒരു പത്രസമ്മേളനത്തിലാണ് ഗോഗോയുടെ വിവാദ പ്രസ്താവനകള്‍.

തന്റെ വേദനകള്‍ മൌനമായി സഹിച്ച യോശോദയ്ക്ക് നോബല്‍ സമ്മാനം നല്‍കണം എന്ന് കൂടി ഗോഗോയ് പ്രസ്താവിച്ചു.

യശോദാ ബെന്‍ ഒരു സന്യാസിനിയാണ്.താന്‍ ഒരു സന്യാസിയോ ബ്രഹ്മചാരിയോ ഒക്കെ ആണെന്നാണ്‌ മോഡി ഭാവിക്കുന്നത്.എന്നാല്‍ അധികാരം നേടാന്‍ കൊതിക്കുന്ന ഒരു കാവി മനുഷ്യന്‍ മാത്രമാണ് മോഡിയെന്നും ഗോഗോയ് കുറ്റപ്പെടുത്തി.മോഡി ഒരു “അമേരിക്കന്‍ സന്യാസി”യാണെന്ന് പരിഹസിച്ച ഗോഗോയ് മുഖ്യമന്ത്രിസ്ഥാനത്തേക്കുറിച്ചു മാത്രം അറിയാവുന്ന മോഡി ഇപ്പോള്‍ പ്രധാനമന്ത്രിപദം സ്വപ്നം കണ്ടു നടക്കുകയാണെന്നും ആരോപിച്ചു.