ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജയലളിത

single-img
14 April 2014

ചെന്നൈ : ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഐഎഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത രംഗത്ത്‌.ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ ഇതാദ്യമായാണ്   ജയലളിത  ബിജെപിക്കെതിരെ രംഗത്തുവന്നത്.

കാവേരി പ്രശ്‌നത്തിൽ ബിജെപിക്കും കോൺഗ്രസിനുമുള്ളത് ഒരേ നിലപാടാണെന്നും ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രകടന പത്രികയിൽ കാവേരി വിഷയം ഉൾക്കൊള്ളിക്കാത്തതു വോട്ടു ലക്ഷ്യമിട്ടാണെന്നും ജയലളിത ആരോപിച്ചു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി തമിഴ്‌നാട്ടിലെ തന്റെ രണ്ടാമത്തെ പ്രചാരണറാലിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ്‌ ജയലളിത ഇക്കാര്യം പറഞ്ഞത്‌.

നദീജല തര്‍ക്കത്തില്‍ ഡിഎംകെയും കോണ്‍ഗ്രസും ബിജെപിയും തമിഴ് ജനതയെ വഞ്ചിച്ചുവെന്ന് ജയലളിത ആരോപിച്ചു.1999ൽ അണ്ണാ ഡിഎംകെ, എൻഡിഎ സർക്കാർ വിടാനുള്ള കാരണവും ഇതുതന്നെയായിരുന്നുവെന്നു കരൂരിലെയും പെരമ്പലൂരിലെയും തിരഞ്ഞെടുപ്പു പ്രചാരണ റാലികളിൽ ജയലളിത പറഞ്ഞു.തന്‍റെ അഭ്യര്‍ഥനകള്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ചെവിക്കൊണ്ടില്ല. കാവേരി ട്രൈബ്യൂണലിന്‍റെ ഇടക്കാല ഉത്തരവു പ്രകാരമുള്ള വെള്ളം തമിഴ്നാടിനു നല്‍കാതെ പ്രധാനമന്ത്രി അധ്യക്ഷനായി കാവേരി നദീജല അഥോറിറ്റി രൂപവത്കരിച്ചതിനെ താന്‍ എതിര്‍ത്തെങ്കിലും കാര്യമുണ്ടായില്ലെന്നും ജയലളിത പറഞ്ഞു.

തമിഴ്‌നാടിനെ വഞ്ചിച്ച കോൺഗ്രസിനും ബിജെപിക്കും ഡിഎംകെയ്ക്കും ശക്തമായ തിരിച്ചടി നൽകണം.ഇവരുടെ സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച കാശുപോലും തിരിച്ചുനല്‍കരുതെന്ന് വോട്ടര്‍മാരോട് അവര്‍ ആഹ്വാനം ചെയ്തു.

തിരഞ്ഞെടുപ്പിനുശേഷം അണ്ണാ ഡിഎംകെയും ബിജെപിയും കൈകോർക്കുമെന്നും ഇതുമുന്നിൽക്കണ്ടാണു ജയലളിത ഇതുവരെ ബിജെപിയെ വിമർശിക്കാത്തതെന്നും കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു.