സിംഗപ്പുര്‍ ഓപ്പണ്‍ ശ്രീകാന്ത്‌ പുരുഷവിഭാഗം സെമിയില്‍ പ്രവേശിച്ചു

single-img
12 April 2014

Srikanth-2-AFPസിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്‌ ബാഡ്‌മിന്റണില്‍ വനിതാ വിഭാഗത്തില്‍ കിരീട പ്രതീക്ഷയായിരുന്ന പി.വി. സിന്ധുവും പുരുഷവിഭാഗത്തില്‍ ബി. സായി പ്രണീതും ക്വാര്‍ട്ടറില്‍ പുറത്തായി.ഇന്ത്യയുടെ കിഡിംബി ശ്രീകാന്ത്‌ പുരുഷവിഭാഗം സെമിയില്‍ പ്രവേശിച്ചു.തന്നേക്കാള്‍ റാങ്കിംഗില്‍ മുന്നിലുള്ള താരങ്ങളെ കൊമ്പുകുത്തിക്കുന്ന പതിവ്‌ ക്വാര്‍ട്ടറിലും ശ്രീകാന്ത്‌ ആവര്‍ത്തിച്ചു. ക്വാര്‍ട്ടറില്‍ ഹോങ്‌കോംഗിന്റെ ലോക 14-ാം നമ്പര്‍ ഹുന്‍ യുവാണ്‌ ലോക 25-ാം നമ്പറായ ശ്രീകാന്തിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ മുട്ടുമടക്കിയത്‌. ആദ്യഗെയിം യുവിന്‌ അടിയറവച്ചശേഷമായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തിരിച്ചുവരവ്. 17-21, 21-14, 21-19 എന്ന സ്‌കോറിനാണ്‌ ശ്രീകാന്ത്‌ യുവിനെ കീഴടക്കിയത്‌. ഒരുമണിക്കൂറും മൂന്നുമിനിട്ടുമെടുത്ത മാരത്തണ്‍ ക്വാര്‍ട്ടറിനാണ്‌ സിംഗപ്പുര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്‌.
മലേഷ്യയുടെ ലോക ഒന്നാം നമ്പര്‍ ലീ ചോങ്‌ വെയ്‌ ആണ്‌ സെമിയില്‍ ശ്രീയുടെ എതിരാളി. കഴിഞ്ഞയാഴ്‌ച ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണില്‍ കിരീടം ചൂടിയ താരമാണ്‌ വെയ്‌.
വനിതാ വിഭാഗത്തില്‍ തുടക്കത്തിലെ മികച്ച പ്രകടനത്തിനു ശേഷമാണ്‌ ഇന്ത്യന്‍ താരം പി.വി. സിന്ധു ക്വാര്‍ട്ടറില്‍ പരാജയം സമ്മതിച്ചത്‌. ചൈനയുടെ ലോക രണ്ടാം നമ്പര്‍ യിഹാന്‍ വാങാണ്‌ സിന്ധുവിനെ തോല്‍പിച്ചത്‌. വെറും 37 മിനിട്ടില്‍ 21-19, 21-15 എന്ന സ്‌കോറിനാണ്‌ വാങിന്റെ ജയം.
പുരുഷവിഭാഗം ക്വാര്‍ട്ടറില്‍ സായ്‌ പ്രണീതിന്‌ ലോക അഞ്ചാം നമ്പര്‍ ചൈനയുടെ ഡു പെന്‍ഗ്യുവിന്റെ മികവിനു മുന്നില്‍ കാലിടറി. സ്‌കോര്‍: 21-15, 21-15.