മാറക്കാന’ ബ്രസീൽ എങ്ങനെ മറക്കാന

single-img
11 April 2014

_56321215_maracana1മാറക്കാന(ബ്രസീൽ): 1950 ഫിഫ ലോകകപ്പ് നേടുമെന്നു വിശ്വസിച്ചിരുന്ന ടീമായിരുന്നു ആതിഥേയരായ ബ്രസീൽ, അവർ ലോകകപ്പിലെ ശക്തമായ സാനിധ്യമായിരുന്നു. രണ്ട് റൗണ്ടുകളിലും പരാജയമറിയാതെ ഫൈനലിൽ എത്തിയ ബ്രസീലിനെ ഉറുഗ്വേ മലർത്തി അടിക്കുകയായിരുന്നു. ബ്രസീലിന്റെ ഫുട്ബാൾ ചരിത്രത്തിൽ മറക്കാൻ കഴിയാത്ത മത്സരമായി അത് അവശേഷിക്കുന്നു.

പ്രഥമ റൗണ്ടിൽ ബ്രസീലിയൻ തേരോട്ടമായിരുന്നു. ഗ്രൂപ്പ് ഒന്നിൽ നിന്നും രണ്ട് വിജയവും ഒരു സമനിലയുമായാണ് ബ്രസീൽ രണ്ടാം റൗണ്ടിൽ എത്തിയത്. രണ്ടാം റൗണ്ടിൽ ബ്രസീലിനൊപ്പം ഉറുഗ്വേ, സ്വീഡൻ, സ്പെയിൻ എന്നീ ടീമുകളും യോഗ്യത നേടി. ആദ്യ രണ്ട് മത്സരങ്ങളും ബ്രസീൽ; സ്വീഡൻ, സ്പെയിൻ എന്നീ ടീമുകളെ എഥാക്രമം 7-1, 6-1 സ്കോറിനു തോൽപ്പിച്ച്, നാല് പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തി. എന്നാൽ ഉറുഗ്വേ സ്പെയിനിനോട് സമനിലയും, സ്വീഡനെ തോൽപ്പിച്ചും കിട്ടിയ മൂന്ന് പോയിന്റുമായി രണ്ടാമത്തെ സ്ഥാനത്തെത്തി. കപ്പ് നേടാൻ ബ്രസീലിന് വേണ്ടത് സമനില, ഉറുഗ്വേക്ക് വേണ്ടത് വിജയം. അപാര ഫോമിൽ നിൽക്കുന്ന ബ്രസീലിനെ പരാജയപ്പെടുത്താൻ പോയിട്ട് സമനിലപോലും നേടാൻ ഉറുഗ്വേക്ക് ആകുമായിരുന്നില്ല.

മത്സരത്തലേന്ന്

ബ്രസീലിയൻ ദൃശ്യമാധ്യമങ്ങൾ തങ്ങളുടെ ടീമിനെ പുതിയ ലോകചാമ്പ്യന്മാരായി വാഴ്ത്തി ” ഇവർ പുതിയ ജേതാക്കൾ” എന്ന തലക്കെട്ടോടെ വാർത്തയെഴുതി ആഘോഷിച്ചു. ഫൈനലിനുമുൻപേ തങ്ങളുടെ ടീം കപ്പ് നേടിയ പ്രതീതിയായിരുന്നു അവർക്ക്.

എന്നാൽ ഉറുഗ്വേ ക്യാമ്പിൽ ക്യപ്റ്റൻ ഒബ്ടുലിയോ വരേല ബ്രസീലിനെ പുകഴ്ത്തി വന്ന നിരവധി പത്രകെട്ടുകൾ വാങ്ങി ബാത്ത്റൂമിൽ വിരിച്ച ശേഷം അതിൽ സഹകളിക്കാരെ കൊണ്ട് മൂത്രമൊഴിപ്പിക്കുകയായിരുന്നു. ഇത് തങ്ങൾക്ക് വളരെ കൂടുതൽ മാനസ്സിക മുൻ തൂക്കം നൽകിയതായി ക്യപ്റ്റൻ പറഞ്ഞു.

കലാശകൊട്ടിന്റെ അന്ന്

16 ജൂലായ് 1950 മാറക്കാനാ സ്റ്റേഡിയം തിങ്ങിനിറഞ്ഞ ജനക്കൂട്ടം ബ്രസീലിനു വേണ്ടി ആരവങ്ങൾ മുഴക്കി. ബ്രസീലിയൻ മുന്നേറ്റം കണ്ടുകൊണ്ടാണ് മത്സരം തുടങ്ങിയത്. ഗോളുകൾ ഇല്ലാത്ത ആദ്യപകുതി. ബ്രസീലിയൻ ആരാധകരുടെ കത്തിരിപ്പ് 47-)ം മത്തെ മിനിട്ടിൽ അവസാനിച്ചു, ഫ്രിയാക്ക ബ്രസീലിന്റെ ആദ്യ ഗോൾ നേടി. എന്നാൽ ഉറുഗ്വേ തോൽക്കാൻ തയ്യാറല്ലായിരുന്നു, പ്രത്യാക്രമണത്തിൽ 66-)ം മിനിട്ടിൽ ബ്രസീലിനെ ഞെട്ടിച്ച് കൊണ്ട് സിയാഫിനിലൂടെ ഉറുഗ്വേ ഗോൾ മടക്കി. ആ ഞെട്ടൽ അവസാനിക്കും മുൻപ് ഘിയാഗ്ഗിയിലൂടെ രണ്ടാം ഗോൾ, മത്സരം തീരാൻ അപ്പോൾ വെറും 11 മിനിട്ടുകൾ ബാക്കി. സ്റ്റേഡിയം നിശബ്ദം, ആ നിശബ്ദധ ഇംഗ്ലിഷ് റഫറി ജോർജ് റീഡർ ലോങ് വിസിൽ മുഴങ്ങുന്നത് വരെ നീണ്ട് നിന്നു.

മത്സര ശേഷം മരണതുല്യം ബ്രസീൽ

പരാജയം അംഗീകരിക്കാൻ കഴിയാതെ 2 ലക്ഷം കാണികൾ തരിച്ചു നിന്നു പോയി. സംഘാടകർ സമ്മാനധാനം ബഹിഷ്ക്കരിച്ചു. ബ്രസീലിന് വിജയം ആഘോഷിക്കാൻ വേണ്ടി ദിവസങ്ങൾക്ക് മുൻപ് ചിട്ടപ്പെടുത്തിവെച്ചിരുന്ന ഗാനം ആലപിച്ചില്ല. നിരവധി ആരാധകർ ആത്മഹത്യചെയ്തു. മാധ്യമങ്ങൾ ആ പരാജയത്തെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. അന്ന് ഫൈനലിൽ കളിച്ച പല കളിക്കാരും നിശബ്ദമായി വിരമിച്ചു.
ബ്രസീലിനു മാറക്കാനയിൽ ഉണ്ടായ പരാജയം ഒരു ദേശീയ ദുരന്തത്തിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്.
2014 ലോകകപ്പ് ബ്രസീലിന്റെ പടിവാതിക്കൽ നിൽക്കുമ്പോൾ, മാറക്കാന ബ്രസീൽ ഒരിക്കലും മറക്കില്ല.