പോളിങ്ങ് ബൂത്തിൽ ചെല്ലും മുൻപ് വോട്ടർ അറിയേണ്ടതെല്ലാം

single-img
9 April 2014

young_voters_1394004250_540x540

  • വോട്ടു ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തുന്നവര്‍ തങ്ങളുടെ പേരു വോട്ടര്‍ പട്ടികയിലുണെ്ടന്നു മുന്‍കൂട്ടി ഉറപ്പുവരുത്തണം.
  • പോളിംഗ് ബൂത്തിനു സമീപത്തുള്ള ബൂത്തുതല ഉദ്യോഗസ്ഥന്റെ (ബിഎല്‍ഒ) പക്കല്‍ നിന്നു വോട്ടര്‍ പട്ടിക നോക്കി പേരു കണെ്ടത്താം.
  • ബിഎല്‍ഒ നല്‍കുന്ന ഫോട്ടോയുള്ള സ്ലിപ്പ്, സ്ഥാനാര്‍ഥിയുടെ പ്രതിനിധികള്‍ നല്‍കുന്ന അനൗദ്യോഗിക സ്ലിപ്പ് എന്നിവ കരുതിയാല്‍ ബൂത്തിലെത്തുമ്പോള്‍ വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാര്‍ക്ക് വേഗം പേരു കണെ്ടത്താന്‍ കഴിയും.
  • പാര്‍ട്ടിയുടെ പേരോ ചിഹ്നമോ സ്ലിപ്പില്‍ ഉണ്ടാകരുത്. മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക, ചിഹ്നം എന്നിവയും ബൂത്തിന്റെ പരിധിയില്‍വരുന്ന പ്രദേശങ്ങളുടെ വിവരവും പോളിംഗ് ബൂത്തിനു പുറത്തു രേഖപ്പെടുത്തിയിരിക്കും.
  • വോട്ടുചെയ്യാനായി ക്യൂവില്‍ നിന്നു വേണം പോളിംഗ് ബൂത്തിനുള്ളില്‍ കടക്കാന്‍.
  • വോട്ടു ചെയ്യുന്നതിനു വോട്ടേഴ്സ് ഐഡി കാർഡ് നിര്‍ബന്ധമാണ്.
  • ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടുള്ള എല്ലാ വോട്ടര്‍മാരും വോട്ടു ചെയ്യുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം.
  • ഏതെങ്കിലും കാരണവശാല്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരാന്‍ സാധിക്കാത്തവര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകളായി ഇലക്ഷന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകള്‍ പോളിംഗ് ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ മുന്‍പാകെ ഹാജരാക്കി സത്യപ്രസ്താവന ഒപ്പിട്ടു നല്കുകയും വിരലടയാളം പതിച്ചു നല്‌കേണ്ടതുമാണ്.
  • സത്യപ്രസ്താവനയുടെ പകര്‍പ്പുകള്‍ പോളിംഗ് സ്റ്റേഷനുകളില്‍ സജീകരിച്ചിട്ടുള്ള വോട്ടര്‍ സഹായ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.
  • തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ രേഖകളായി താഴെ കൊടുത്തിട്ടുള്ള രേഖകള്‍ ഹാജരാക്കി സത്യപ്രസ്താവനയില്‍ വിരലടയാളം രേഖപ്പെടുത്തി വോട്ടു രേഖപ്പെടുത്താം.

(പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നീ സ്ഥാപനങ്ങളുടെ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക് (സഹകരണ ബാങ്കുകളുടേതൊഴികെ), പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ദേശീയജനസംഖ്യാ രജിസ്റ്റര്‍ പദ്ധതി പ്രകാരം നല്കുന്ന സ്മാര്‍ട്ട് കാര്‍ഡ്, ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഫോട്ടോ പതിച്ച തൊഴില്‍കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതികള്‍ക്കു കീഴില്‍ വിതരണം ചെയ്യുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, ചുമതലപ്പെട്ട ബൂത്തുതല ഉദ്യോഗസ്ഥന്‍ ഒപ്പിട്ടിട്ടുള്ള വോട്ടേഴ്‌സ് സ്ലിപ് )

  • ബൂത്തിനുള്ളില്‍ കടന്നശേഷം വോട്ടര്‍ ഒന്നാം പോളിംഗ് ഓഫീസറുടെ സമീപം എത്തണം.
  • മാര്‍ക്ക് ചെയ്ത വോട്ടര്‍പട്ടിക നോ ക്കി ഒന്നാം പോളിംഗ് ഓഫീസര്‍ സമ്മതിദായകന്റെ പേരു കണെ്ടത്തി ഉറക്കെ വായിക്കും.
  • തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളവയില്‍ നിന്നു സമ്മതിദായകന്‍ നല്‍കുന്ന രേഖ പോളിംഗ് ഓഫീസര്‍ പരിശോധിച്ചു വോട്ടറെ തിരിച്ചറിയും.
  • രണ്ടാം പോളിംഗ് ഓഫീസര്‍ ഇടതു ചൂണ്ടുവിരലില്‍ മായാത്ത മഷി പുരട്ടും.
  • നഖത്തിന്റെ മേലറ്റം മുതല്‍ വിരലിന്റെ മുകളില്‍ നിന്നുള്ള ആദ്യത്തെ ജോയിന്റ്‌വരെ ഒരു വരയായിട്ടാണ് മഷി പുരട്ടുക.
  • വോട്ടറുടെ വോട്ടര്‍ പട്ടികയിലെ രജിസ്റ്റര്‍ നമ്പര്‍ രണ്ടാം പോളിംഗ് ഓഫീസര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തും. സമ്മതിദായകന്റെ ഒപ്പ് അഥവാ വിരലടയാളം രജിസ്റ്ററില്‍ രേഖപ്പെടുത്തിയശേഷം വോട്ടു ചെയ്യാനുള്ള സ്ലിപ്പും നല്‍കും.
  • വോട്ടിംഗ് യന്ത്രത്തിന്റെ നിയന്ത്രണ ചുമതലയുള്ള മൂന്നാം പോളിംഗ് ഓഫീസറോ പ്രിസൈഡിംഗ് ഓഫീസറോ സ്ലിപ്പ് വാങ്ങിയശേഷം വോട്ടറുടെ വിരലിലെ മഷി ഉണങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി വോട്ടു രേഖപ്പെടുത്താന്‍ വോട്ടിംഗ് യന്ത്രത്തിനടുത്തേക്കു വോട്ടറെ പോകാനനുവദിക്കും.
  • സമ്മതിദായകന്‍ വോട്ടുരേഖപ്പെടുത്താനായി സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്തണം.
  • അപ്പോള്‍ റെഡി ബള്‍ബ് അണഞ്ഞ് വോട്ട് ലഭിച്ച സ്ഥാനാര്‍ഥിയുടെ പേരിനുനേരെയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കും. ഒപ്പം കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നു ബീപ്പ് ശബ്ദം കേള്‍ക്കാനാകും. സെക്കന്‍ഡുകള്‍ക്കകം ചുവപ്പ് പ്രകാശം അണഞ്ഞ് ബീപ്പ് ശബ്ദം നിലയ്ക്കും
  • കേരളത്തില്‍ വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയായിരിക്കും.
  • വൈകുന്നേരം ആറിനു ക്യൂവിലുള്ള മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കിയ ശേഷമേ പോളിംഗ് അവസാനിപ്പിക്കുകയുള്ളൂ.