തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശം

single-img
8 April 2014

kottiസംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശം. ഇന്ന് വൈകിട്ട് ആറിനു പരസ്യപ്രചാരണം അവസാനിക്കും. കൊട്ടിക്കലാശം ശക്തിപ്രകടനം ആക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണു രാഷ്ട്രീയ പാര്‍ട്ടികള്‍. ശബ്ദപ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ ഇരു മുന്നണികളും ബിജെപിയും ആത്മവിശ്വാസത്തിലാണ്.

വ്യാഴാഴ്‌ചയാണ്‌ കേരളത്തിലെ 20 ലോക്‌സഭാമണ്ഡലങ്ങളിലും വോട്ടെടുപ്പ്‌. വിവാദപരാമര്‍ശങ്ങളും ഗുരുതര ആരോപണങ്ങളുമായി ഇടതു വലതുമുന്നണികളുടെ മുന്‍നിര നേതാക്കള്‍ തന്നെ പടനയിക്കുന്നതിനാല്‍ ഇന്നത്തെ ദിനം തീ പാറുമെന്നുറപ്പായി. വോട്ടെടുപ്പിനോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളും‍ പൂര്‍ത്തിയായി. 51,000ല്‍പ്പരം പുരുഷ വനിത പൊലീസുകാ‍ര്‍ക്കൊപ്പം 55 കമ്പനി കേന്ദ്ര സായുധസേനയും സുരക്ഷയ്ക്കുണ്ടാകും . ഇതോടൊപ്പം എക്സൈസ് , വനം , ഹോംഗാര്‍ഡ് എന്നിവരുള്‍പ്പെടെ രണ്ടായിരംപേരേയും നിയമിച്ചിട്ടുണ്ട്.

വീടുകള്‍ കയറി സ്ലിപ്‌ നല്‍കുന്നതിനും വോട്ട്‌ അഭ്യര്‍ഥിക്കുന്നതിനുമാണു യു.ഡി.എഫ്‌ അവസാന ദിവസങ്ങളില്‍ മുന്‍തൂക്കം നല്‍കുന്നത്‌. പ്രശ്‌ന പരിഹാര സ്‌ക്വാഡാണ്‌ എല്‍.ഡി.എഫിന്റെ അവസാന റൗണ്ട്‌ തന്ത്രം. പരമാവധി വീടുകള്‍ കയറുകയാണ്‌ ഇരുമുന്നണികളുടെയും ലക്ഷ്യം.

കേരളത്തിനൊപ്പം വോട്ടെടുപ്പു നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണവും ഇന്ന് അവസാനിക്കും. പശ്ചിമ ഉത്തര്‍പ്രദേശിലും ബീഹാറിലും ഹരിയാനയിലും ഉള്‍പ്പടെ ഉത്തരേന്ത്യയിലെ അമ്പതിലധികം മണ്ഡലങ്ങളില്‍ ഇന്നു പ്രചാരണം തീരും.