താനും കോടിയേരിയുമായുള്ള കൂടിക്കാഴ്ച സിബിഐ അന്വേഷിക്കട്ടെ; കോടിയേരിയെ മാത്രമല്ല കാര്‍ത്തികേയനെയും പരിചയമുണ്ടെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്

single-img
5 April 2014

harun-al-rashid_040514സലീംരാജ് കേസില്‍ ഉയര്‍ന്നു കേള്‍ക്കുന്ന വിവാദത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് സിബിഐ അന്വേഷിക്കട്ടെയെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്. ഏതന്വേഷണവും നേരിടാന്‍ ഞാന്‍ തയാറാണ്. അന്വേഷണമുണ്ടായാല്‍ മാറിനില്‍ക്കും. സര്‍ക്കാര്‍ തന്നെ വിധിയില്‍ സംശയം പ്രകടിപ്പിച്ച സ്ഥിതിക്ക് സിബിഐ അന്വേഷിക്കട്ടയെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം തുറന്നടിച്ചു.

മുഖ്യമന്ത്രി ചെയ്താലും ജഡ്ജി ചെയ്താലും ക്രിമിനല്‍ കുറ്റം കുറ്റം തന്നെയാണ്. വിധി പ്രസ്താവിച്ചതിന് ശേഷം തനിക്ക് നിരവധി ഭീഷണി കത്തുകള്‍ വന്നു. കോടിയേരി എത്ര കോടി രൂപ നല്‍കിയെന്നാണ് കത്തില്‍ ചോദിച്ചിരിക്കുന്നത്. നേരും നെറിയും ഉള്ളൊരാള്‍ വിവാദങ്ങള്‍ ഉണ്ടായാല്‍ ഭയന്ന് ഓടില്ലെന്ന് എല്ലാവരും ഓര്‍ത്തിരുന്നാല്‍ നന്നെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിധിയെ വിമര്‍ശിക്കേണ്ടത് നിയമത്തെ അപഗ്രഥിക്കാന്‍ അറിയാവുന്നവരാണ്. അല്ലാതെ വഴിയേ പോകുന്നവരല്ല. എന്റെ വിധി ശരിയോ തെറ്റോ എന്ന് പരിശോധിക്കേണ്ടത് മേല്‍കോടതിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിധിക്കെതിരേ ആര്‍ക്കും മേല്‍കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാം. കോടതിയെ രാഷ്ട്രീയ നേതാക്കള്‍ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സലീംരാജ് കേസില്‍ വാദം നടക്കുമ്പോള്‍ ആദ്യത്തെ ദിവസങ്ങളില്‍ മാത്രമാണ് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ എത്തിയത്. പിന്നീടുള്ള ദിവസങ്ങളില്‍ അദ്ദേഹം മാറിനിന്ന് വാദിപ്പിക്കുകയായിരുന്നുവെന്നാണ് കോടതി വരാന്തകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന സംസാരം. തെരഞ്ഞെടുപ്പ് വരുന്നു എന്ന് പറഞ്ഞ് ഒരു ന്യായാധിപന് കേസിന്റെ വിധി മാറ്റിവെയ്ക്കാന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.

തന്റെ മകന്റെ വിവാഹം ക്ഷണിക്കാനാണ് ഡല്‍ഹി കേരളാ ഹൗസില്‍ കോടിയേരിയെ സന്ദര്‍ശിച്ചതെന്നും അന്നവിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ ആഭ്യന്തരമന്ത്രിയോ ഉണ്ടായിരുന്നെങ്കില്‍ അവരെയും മകന്റെ വിവാഹത്തിന് ക്ഷണിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് തനിക്ക് ആകെ പരിചയമുള്ള നേതാവാണ് കോടിയേരി. സ്പീക്കര്‍ ജി.കാര്‍ത്തികേയനുമായും തനിക്ക് പരിചയമുണ്‌ടെന്നും മറ്റുള്ളവര്‍ അറിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.